Connect with us

Kerala

മുഖ്യമന്ത്രി വിഡി സതീശന് ആശംസകൾ നേർന്ന് കാന്തപുരം

ജനഹിതത്തിനനുസരിച്ച് ക്ഷേമവും സുതാര്യവുമായ ഭരണം കാഴ്ചവെക്കാനും എല്ലാമേഖലയിലുമുള്ള കേരളത്തിന്റെ യശസ്സും സൽപ്പേരും കൂടുതൽ മെച്ചപ്പെടുത്താനും പുതിയ സർക്കാരിന് സാധിക്കട്ടെ എന്ന് കാന്തപുരം

Published

|

Last Updated

കോഴിക്കോട് | കേരളത്തിന്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയ വിഡി സതീശനും സർക്കാറിനും ആശംസകൾ നേർന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ. ജനഹിതത്തിനനുസരിച്ച് ക്ഷേമവും സുതാര്യവുമായ ഭരണം കാഴ്ചവെക്കാനും എല്ലാമേഖലയിലുമുള്ള കേരളത്തിന്റെ യശസ്സും സൽപ്പേരും കൂടുതൽ മെച്ചപ്പെടുത്താനും പുതിയ സർക്കാരിന് സാധിക്കട്ടെ എന്ന് കാന്തപുരം പറഞ്ഞു. തിരുവനന്തപുരത്ത് നടന്ന സത്യപ്രതിജ്ഞാ ചടങ്ങിന് കാന്തപുരത്തിന്റെ പ്രതിനിധിയായി എത്തിയ മർകസ് വൈസ് പ്രസിഡന്റ് സയ്യിദ് മുഹമ്മദ് തുറാബ് സഖാഫിയും സംഘവും മുഖ്യമന്ത്രി വിഡി സതീശൻ ഉൾപ്പെടെയുള്ള മന്ത്രിസഭാംഗങ്ങൾക്ക് നേരിട്ട് ഉസ്താദിന്റെ ആശംസ കൈമാറി.

ക്ഷേമ പദ്ധതികൾ മുൻനിർത്തിയുള്ള ആദ്യ കാബിനറ്റ് തീരുമാനങ്ങൾ തന്നെ ഏറെ പ്രതീക്ഷ നൽകുന്നതാണെന്നും വയോജനങ്ങളുടെ എണ്ണം വർധിച്ചുവരുന്ന ഒരു സംസ്ഥാനം എന്ന നിലയിൽ അവരുടെ ക്ഷേമത്തിനായി പ്രത്യേക വകുപ്പ് ആരംഭിക്കാൻ എടുത്ത തീരുമാനം കാലോചിതമാണെന്നും അദ്ദേഹം പറഞ്ഞു.

മതേതരത്വ മൂല്യങ്ങളും സാമൂഹിക ഐക്യവും സമാധാന അന്തരീക്ഷവും നിറഞ്ഞു നിൽക്കുന്ന കേരളീയ പാരമ്പര്യത്തിലധിഷ്ഠിതമായി ജനോപകാരപ്രദമായ ഒട്ടേറെ കാര്യങ്ങൾ നിർവഹിക്കാൻ ഈ സർക്കാരിന് സാധിക്കുമെന്ന് പ്രത്യാശിക്കുന്നതായും കാന്തപുരം ആശംസാ കുറിപ്പിൽ പറഞ്ഞു.

ഫോട്ടോ: മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത വിഡി സതീശന് കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാരുടെ ആശംസ പ്രതിനിധികളായ സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, ആശിഖ് സഖാഫി കണ്ണൂർ കൈമാറുന്നു.

Content Highlights:

Samastha Kerala Jamiyyathul Ulama General Secretary Kanthapuram AP Aboobacker Musliyar has extended his warm congratulations to VD Satheesan on taking oath as the 13th Chief Minister of Kerala. A delegation led by Markaz Vice President Sayyid Muhammad Turab Saqafi directly delivered the greetings to the Chief Minister and other cabinet ministers during the swearing-in ceremony in Thiruvananthapuram. Kanthapuram highly praised the new government’s decision to create a dedicated department for senior citizen welfare, calling it a timely and promising move.

Latest