Connect with us

National

റെയില്‍വേ പാളത്തില്‍ തലവെച്ച് കിടന്നു; നടന്‍ മന്‍സൂര്‍ അലി ഖാനെതിരെ കേസെടുത്ത് ആര്‍പിഎഫ്

ആര്‍പിഎഫ് തിരുച്ചി പോസ്റ്റാണ് കേസെടുത്തത്

Published

|

Last Updated

ചെന്നൈ|റെയില്‍വേ ട്രാക്കില്‍ തലവെച്ച് കിടന്നതിന് നടന്‍ മന്‍സൂര്‍ അലി ഖാനെതിരെ കേസെടുത്ത് ആര്‍പിഎഫ്. ആര്‍പിഎഫ് തിരുച്ചി പോസ്റ്റാണ് കേസെടുത്തത്.
കല്ലക്കുടി പളങ്ങനാഥം റെയില്‍വേ സ്റ്റേഷനില്‍ ബുധനാഴ്ചയാണ് സംഭവം. ലാല്‍ഗുഡി നിയമസഭാ മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ഥിയാണ് നടന്‍ മന്‍സൂര്‍ അലി ഖാന്‍.

മണ്ഡലത്തിലെ പ്രചാരണത്തിനിടെ റെയില്‍വേ സ്റ്റേഷനിലെത്തിയ നടന്‍ അപ്രതീക്ഷിതമായി പാളത്തില്‍ കിടക്കുകയായിരുന്നു. അരിയല്ലൂര്‍ ഭാഗത്തേക്കുള്ള പാളത്തിന്റെ അറ്റത്താണ് സാഹസികമായ രീതിയില്‍ വോട്ട് അഭ്യര്‍ഥിച്ചത്. സംഭവം അറിഞ്ഞെത്തിയ ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ ഉടന്‍ തന്നെ അദ്ദേഹത്തെ പാളത്തില്‍ നിന്നും മാറ്റി.

1953 ല്‍ തമിഴ്‌നാട്ടില്‍ ഹിന്ദി അടിച്ചേല്‍പ്പിക്കുന്നതില്‍ പ്രതിഷേധിച്ച് അന്നത്തെ മുഖ്യമന്ത്രി എം കരുണാനിധി കല്ലക്കുടി പാളത്തില്‍ തലവെച്ചിരുന്നു. കല്ലക്കുടിയില്‍ എത്തിയപ്പോള്‍ കരുണാനിധിയുടെ ഈ പ്രതിഷേധം മനസ്സിലെത്തിയെന്നും പ്രചാരണത്തിന്റെ ഭാഗമായി അത് പുനരവതരിപ്പിക്കുകയായിരുന്നുവെന്നും മന്‍സൂര്‍ അലി ഖാന്‍ പറഞ്ഞു. ഇന്ത്യ ജനനായക പുലികള്‍ കക്ഷി എന്ന പേരിലാണ് മന്‍സൂര്‍ അലി ഖാന്‍ പാര്‍ട്ടിയുണ്ടാക്കിയത്. തിങ്കളാഴ്ചയാണ് നടന്‍ ലാല്‍ഗുഡിയില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചത്.

 

 

 

Latest