Connect with us

Articles

ദിമാഗി നക്‌സലുകള്‍: ഭരണകൂടം ചോദ്യങ്ങളെ ഭയക്കുന്നതെന്തിന്?

രാജ്യത്തെ യുവാക്കള്‍ കുറച്ചു വര്‍ഷങ്ങളായി ഇന്ത്യയില്‍ ജീവിക്കുന്നത് അക്ഷരാർഥത്തില്‍ വീര്‍പ്പുമുട്ടിക്കൊണ്ടാണ്. ഇന്ത്യയിലെ ബിരുദധാരികളായ യുവാക്കളുടെ തൊഴിലില്ലായ്മ എന്ന് പറയുന്നത് 29.1 ശതമാനമാണ്. പഠനങ്ങള്‍ പ്രകാരം പ്രതിവര്‍ഷം എട്ട് മില്യണിലധികം ബിരുദധാരികള്‍ സർവകലാശാലകളില്‍ നിന്ന് പുറത്തിറങ്ങുന്നുവെങ്കിലും അവര്‍ക്ക് ആവശ്യമായ തൊഴിലിടങ്ങള്‍ സൃഷ്ടിക്കാന്‍ രാജ്യത്തെ സമ്പദ് വ്യവസ്ഥക്ക് സാധിക്കുന്നില്ല.

Published

|

Last Updated

ഇന്‍ ദിമാഗി നക്‌സലിയോകോ പഹ്ചാനാ ഹോഗാ, ഇന്‍ ദിമാഗി നക്‌സലിയോകോ ഐസുലേറ്റ് കര്‍നാ ഹോഗാ… (ബുദ്ധി ജീവി നക്‌സലുകളെ നാം തിരിച്ചറിയണം, ബുദ്ധി ജീവി നക്‌സലുകളെ നാം ഒറ്റപ്പെടുത്തണം).
ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തില്‍ ന്യൂ ഡല്‍ഹിയിലെ ചെങ്കോട്ടയില്‍ പ്രസംഗിക്കവെരാജ്യത്തിന്റെ പ്രധാനമന്ത്രി പൗരര്‍ക്ക് നല്‍കിയ നിർദേശമോ ഉപദേശമോ ആണിത്. സത്യത്തില്‍ ആരാണ് “ദിമാഗി നക്‌സലുകള്‍’? നക്‌സലുകളെ കുറിച്ച് നാം കേട്ടവരാണ്. ഇന്ത്യയിലെ തീവ്ര ഇടതുപക്ഷ കമ്മ്യൂണിസ്റ്റ് ഗ്രൂപ്പുകളെയാണ് പൊതുവെ “നക്‌സലുകള്‍’ എന്നോ ‘മാവോയിസ്റ്റുകള്‍’ എന്നോ വിളിക്കുന്നത്. ഭരണകൂടത്തിനെതിരെ സായുധ പോരാട്ടം നടത്തുന്ന ഇന്ത്യയിലെ ആഭ്യന്തര സുരക്ഷാ ഭീഷണികളില്‍ ഒന്നായാണ് ഇന്ത്യന്‍ ഗവണ്‍മെന്റ് ഇവരെ കണക്കാക്കുന്നത്.
നക്‌സലുകളെക്കുറിച്ച് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ആഭ്യന്തര സുരക്ഷക്ക് ഭീഷണിയാണെന്ന് പ്രസ്താവിച്ചിട്ടുമുണ്ട്. അത് നക്‌സലുകളാണ്, മാവോയിസ്റ്റുകളാണ്. അപ്പഴും ആരാണ് പി എം പറഞ്ഞ ദിമാഗി നക്‌സലുകള്‍? അങ്ങനെയൊരു കൂട്ടത്തെ സൂക്ഷിക്കണമെന്നും ഒറ്റപ്പെടുത്തണമെന്നും ജാഗ്രതാ നിർദേശം നല്‍കിയത് എന്തിനാകും?
രാജ്യത്ത് തന്റെയും അപരന്റെയും അവകാശങ്ങള്‍ക്ക് വേണ്ടി ഒച്ചയിട്ടവരെയാണ് ദിമാഗി നക്‌സലുകള്‍ എന്ന് മോദിജി വിശേഷിപ്പിച്ചത്. അഥവാ ഇന്റെലെക്ച്വല്‍ നക്‌സലുകള്‍…
മോദിയുടെ വിവാദ പരാമര്‍ശത്തെത്തുടര്‍ന്ന് വൈകാതെ തന്നെ “ദിമാഗി നക്സൽ പാർട്ടി’യും സോഷ്യല്‍ മീഡിയയില്‍ രൂപം കൊള്ളുകയുണ്ടായി. ഈ ലേഖനം എഴുതുമ്പോള്‍ ആറ് ലക്ഷത്തി പതിനെട്ടായിരം ഫോളോവഴ്‌സും പേജിനുണ്ട്. “ചിന്തിക്കുക, ഗവേഷണം ചെയ്യുക, പ്രതിരോധിക്കുക’ എന്നതാണ് പേജിന്റെ മുദ്രാവാക്യ വാചകം.
രാജ്യത്ത് പാറ്റകള്‍ സൃഷ്ടിച്ച ചലനത്തിന്റെ ക്ഷീണം ഇപ്പഴും സംഘികളില്‍ നിന്ന് വിട്ടുമാറിയിട്ടില്ലെന്നത് വ്യക്തമാണ്. വിദ്യാർഥികളെക്കൊണ്ട് “നിങ്ങള്‍ പാറ്റകളല്ല, സിംഹങ്ങളാണ്’ എന്ന് പറയിക്കാന്‍ ശ്രമിച്ച മോഹനന്‍ കുന്നുമ്മല്‍ ഇളഭ്യനാകുന്നത് നാം കണ്ടല്ലോ. കുട്ടികള്‍ അപ്പോള്‍ “ഞങ്ങള്‍ ഗർജിക്കുന്ന സിംഹങ്ങളല്ല, പകരം കൂട്ടമായെത്തുന്ന, പ്രഹരങ്ങളില്‍ അടി പതറാതെ നില്‍ക്കുന്ന പാറ്റകള്‍ തന്നെയാണെ’ന്ന് മൗനമായി മോഹനന്‍ കുന്നുമ്മലുമാര്‍ക്ക് നേരെ നോക്കി പറയുകയായിരുന്നു. അതിന്റെ ബാക്കി പത്രമാണ് മോദിയുടെ ദിമാഗി നക്‌സലുകളും.
രാജ്യത്തെ യുവാക്കളെയും വിദ്യാർഥികളെയും ഇനി എന്നാണ് ഭരണകൂടം പരിഗണിക്കുക? രാജ്യത്തെ യുവാക്കള്‍ കുറച്ചു വര്‍ഷങ്ങളായി ഇന്ത്യയില്‍ ജീവിക്കുന്നത് അക്ഷരാർഥത്തില്‍ വീര്‍പ്പുമുട്ടിക്കൊണ്ടാണ്.

ഇന്ത്യയിലെ ബിരുദധാരികളായ യുവാക്കളുടെ തൊഴിലില്ലായ്മ എന്ന് പറയുന്നത് 29.1 ശതമാനമാണ്. പഠനങ്ങള്‍ പ്രകാരം പ്രതിവര്‍ഷം എട്ട് മില്യണിലധികം ബിരുദധാരികള്‍ സർവകലാശാലകളില്‍ നിന്ന് പുറത്തിറങ്ങുന്നുവെങ്കിലും അവര്‍ക്ക് ആവശ്യമായ തൊഴിലിടങ്ങള്‍ സൃഷ്ടിക്കാന്‍ രാജ്യത്തെ സമ്പദ് വ്യവസ്ഥക്ക് സാധിക്കുന്നില്ല. 25 വയസ്സിന് താഴെയുള്ള ബിരുദധാരികളില്‍ 40 ശതമാനവും തൊഴില്‍ രഹിതരാണെന്നാണ് അസിം പ്രേംജി റിപോര്‍ട്ട് സൂചിപ്പിക്കുന്നത്. നിത്യേനയെന്നോണമുണ്ടാകുന്ന നീറ്റ് യു ജി പരീക്ഷാ ക്രമക്കേടുകള്‍ രാജ്യത്തെ യുവ സമൂഹത്തിന് തലവേദനയായി മാറിയിട്ടുണ്ട്. ഇക്കഴിഞ്ഞ ആഴ്ചയിലാണ് യു ജി സി നെറ്റ് എക്‌സാം റദ്ദ് ചെയ്തത്.
2024ല്‍ ഇന്റര്‍നാഷനല്‍ ലേബര്‍ ഓര്‍ഗനൈസേഷനും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ ഡെവലപ്മെന്റും സംയുക്തമായി “ഇന്ത്യ എംപ്ലോയ്മെന്റ്റിപോര്‍ട്ട്’ പുറത്തിറക്കുകയുണ്ടായി. റിപോര്‍ട്ട് പ്രകാരം, ഇന്ത്യയിലെ മൊത്തം തൊഴില്‍ രഹിതരില്‍ 83 ശതമാനവും യുവാക്കളാണ്. ഉന്നതവിദ്യാഭ്യാസം നേടിയ തൊഴില്‍ രഹിതരായ യുവാക്കളുടെ എണ്ണം 2000ല്‍ 35.2 ശതമാനം ആയിരുന്നുവെങ്കില്‍ 2022ല്‍ ഇത് 65.7 ശതമാനമായി വര്‍ധിക്കുകയുണ്ടായി.
നാഷനല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം, മത്സര പരീക്ഷകളുടെയും അക്കാദമിക് ഭാരത്തിന്റെയും ഫലമായി വിദ്യാർഥികള്‍ക്കിടയിലെ ആത്മഹത്യാനിരക്ക് ആശങ്കാജനകമാണ്.

ആരാണോ തങ്ങളുടെ ആവശ്യങ്ങള്‍ക്കുവേണ്ടി ശബ്ദമെടുക്കുന്നത്, അവരാണ് ദിമാഗി നക്‌സലുകള്‍. സ്‌കൂളുകളിലെ ഫീസ് വര്‍ധനവിനെ ചോദ്യം ചെയ്താല്‍, സ്‌കൂളുകളിലെ അധ്യാപക അഭാവത്തിൽ ആശങ്ക പ്രകടിപ്പിച്ചാൽ, എന്ത്കൊണ്ട് പരീക്ഷാ ചോദ്യ പേപ്പറുകളില്‍ അപാകത വന്നുചേരുന്നുവെന്ന് അന്വേഷിച്ചാല്‍ അതിന്റെ പേരാണ് ദിമാഗി നക്‌സലിസം. ചോദ്യം ചോദിക്കുന്നതിന്റെ പേരാണ് “നക്‌സലിസം’.
അടുത്തിടെയായിരുന്നു ലക്നോവില്‍ വിദ്യാർഥികള്‍ അധ്യാപകരുടെ കുറവിനെതിരെയും മോശം ഭക്ഷണത്തിനെതിരെയും അടിസ്ഥാന വിദ്യാഭ്യാസ സൗകര്യങ്ങള്‍ക്ക് വേണ്ടിയും സ്‌കൂളിന് മുന്നില്‍ പ്രതിഷേധിച്ചത്. മധ്യ പ്രദേശിലെ സര്‍ക്കാര്‍ സ്‌കൂളില്‍ വിദ്യാർഥികള്‍ക്ക് വിതരണം ചെയ്ത ഭക്ഷണം നാം കണ്ടതാണ്. കരിഞ്ഞ റൊട്ടിയും കറിയെന്ന് പറയാന്‍ കഴിയാത്ത മഞ്ഞ നിറത്തിലുള്ള ഒരു വെള്ളവുമായിരുന്നു.

കേരളത്തിന്റെ വിദ്യാഭ്യാസ നിലവാരം ഏറെ ശ്രദ്ധിക്കപ്പെട്ടതാണെങ്കിലും ഇതര സംസ്ഥാനങ്ങളിലെ വിദ്യാലയ സമുച്ചയങ്ങളുടെ സ്ഥിതി ഏറെ പരിതാപകരമാണ്. ഇന്നത്തെ ക്ലാസ്സ് മുറികളാണ് നാളത്തെ ഇന്ത്യയുടെ ഭാവിയെന്ന് ഗാന്ധിയോര്‍മ ചികഞ്ഞാല്‍ കാണാം. ആ ക്ലാസ്സ് മുറികളിലെ അപാകതകളെച്ചൂണ്ടി സംസാരിച്ചാല്‍ നക്‌സലിസമാണത്രേ… തമ്മിലുള്ള വൈരുദ്ധ്യത്തെ സൂക്ഷിക്കണം.
സമരം മാത്രം തൊഴിലായി നടക്കുന്ന രാഷ്ട്രീയക്കാരെ ആന്ദോളന്‍ ജീവികളെന്നും ജെ എൻ യുവിലെ ഇടത് വിദ്യാർഥികളെ ആക്ഷേപിച്ച് തുക് ഡെ തുക്‌ഡെ ഗ്യാംഗ് (രാജ്യത്തെ കഷണങ്ങളാക്കി വിഭജിക്കുന്നവര്‍) എന്നുമൊക്കെ വിശേഷിപ്പിച്ചത് പ്രതിപാദ്യ പുരുഷന്‍ മോദിജി തന്നെയായിരുന്നു.

ആ വിധം കാമ്പുള്ള ചോദ്യങ്ങളെ ഭയന്ന് രാജ്യത്തെ യുവത്വത്തെ നക്‌സലെറ്റുകള്‍ എന്ന് ചാപ്പ കുത്തുന്നതില്‍ അർഥമുണ്ടെന്ന് കരുതുന്നില്ല. ചരിത്രം ആ വസ്തുതയെ തെളിയിക്കുന്നുണ്ട്. അധികാര വർഗത്തെ മുള്‍മുനയില്‍ നിര്‍ത്തിയ, മാർഗ ഭ്രംശനം സംഭവിച്ച ഭരണ കൂടത്തെ തിരുത്തിയ ചരിത്രങ്ങള്‍ യുവാക്കള്‍ക്കുണ്ട്.
1980ൽ ചിലിയിലെ ഏകാധിപത്യ ഭരണത്തിന് അറുതി വരുത്തിയത് അവിടെയുണ്ടായ വിദ്യാര്‍ഥി പ്രക്ഷോഭങ്ങളായിരുന്നു. 2001ല്‍ സാമ്പത്തിക തകര്‍ച്ച കാരണം അര്‍ജന്റീന പ്രതിസന്ധിയിലായപ്പോള്‍ അര്‍ജന്റീനന്‍ പ്രസിഡന്റിനെ താഴെയിറക്കിയത് വിദ്യാർഥിപ്രസ്ഥാനങ്ങള്‍ തന്നെയാണ്. 2013ല്‍ ബ്രസീലിലെ ബസ് ചാര്‍ജ് വർധനവിനെതിരെ നടന്ന വിദ്യാർഥി പ്രതിഷേധ ശബ്ദങ്ങള്‍ പോലും ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. 1968ല്‍ ഫ്രാന്‍സില്‍ നടന്ന വിദ്യാർഥി പ്രക്ഷോഭം ലോകമെമ്പാടുമുള്ള ഭരണകൂടങ്ങളെ വിറപ്പിച്ചു. ദക്ഷിണാഫ്രിക്കയിലെ വർണവിവേചനത്തിനെതിരായ സമരത്തെരുവുകളിലും അമേരിക്കയിലെ പൗരാവകാശ പോരാട്ടങ്ങളിലും വിദ്യാർഥികളുടെ പങ്ക് വലുതാണ്.
ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ ഗാന്ധിജി സമരം ആഹ്വാനം ചെയ്തപ്പോള്‍ പഠനം ഉപേക്ഷിച്ച് തെരുവിലിറങ്ങിയത് ലക്ഷക്കണക്കിന് വിദ്യാർഥികളായിരുന്നു. സ്വതന്ത്ര ഇന്ത്യയിലേക്ക് വന്നാല്‍ അടിയന്തരാവസ്ഥാ കാലത്ത് ജനാധിപത്യം സംരക്ഷിക്കാന്‍ മുന്നിട്ടിറങ്ങിയതും ഇതേ വിദ്യാർഥി സമൂഹമായിരുന്നു. മോദിയുടെ ഭാഷ്യത്തില്‍ പറഞ്ഞാല്‍ തികഞ്ഞ “ദിമാഗി നക്‌സലേറ്റുകള്‍’ ആയിരുന്നു ഇവരെല്ലാം.
“ദിമാഗി നക്‌സലെറ്റുകള്‍’ ഈ വിധമുള്ള ഭരണകൂടങ്ങള്‍ക്ക് ഭീഷണിയായിട്ടുണ്ട്. ആ ഭീഷണിയെ ഭയന്നാണ് ഭരണകൂടം ചോദ്യങ്ങള്‍ക്ക് വിലങ്ങിടുന്നതും നക്‌സലെറ്റുകള്‍ എന്ന് ചാപ്പയടിക്കുന്നതുമെല്ലാം.

---- facebook comment plugin here -----

Latest