Connect with us

National

ബാർ കൗൺസിൽ അധ്യക്ഷൻ മനൻ കുമാർ മിശ്രയ്ക്കെതിരെ ഗുരുതര അഴിമതി ആരോപണം; രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് വൈസ് ചെയർമാൻ

നിയമപരമായി പ്രവർത്തിക്കുന്ന ബി സി ഐയെ സ്വന്തം സ്വത്ത് പോലെയാണ് മിശ്ര കൈകാര്യം ചെയ്യുന്നതെന്ന് കത്തിൽ ആരോപിക്കുന്നു.

Published

|

Last Updated

ന്യൂഡൽഹി | സാമ്പത്തിക ക്രമക്കേടുകളും ബന്ധുനിയമനവും ഉൾപ്പെടെ എട്ട് ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് ബാർ കൗൺസിൽ ഓഫ് ഇന്ത്യ (Bar Council of India) ചെയർമാൻ മനൻ കുമാർ മിശ്ര 15 ദിവസത്തിനകം രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ബി സി ഐ വൈസ് ചെയർമാനും മുതിർന്ന അഭിഭാഷകനുമായ വൈ ആർ സദാശിവ റെഡ്ഡി കത്തയച്ചു. രാജ്യത്തെ അഭിഭാഷകർ അർപ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കുന്നതിനാണ് താൻ ഈ വിഷയത്തിൽ പ്രതികരിക്കുന്നതെന്ന് റെഡ്ഡി വ്യക്തമാക്കി.

നിയമപരമായി പ്രവർത്തിക്കുന്ന ബി സി ഐയെ സ്വന്തം സ്വത്ത് പോലെയാണ് മിശ്ര കൈകാര്യം ചെയ്യുന്നതെന്ന് കത്തിൽ ആരോപിക്കുന്നു. ബി സി ഐ ട്രസ്റ്റ് പ്രവർത്തനരഹിതമാക്കാൻ അനുവദിച്ച ശേഷം, 2020 സെപ്റ്റംബറിൽ ‘ബി സി ഐ ട്രസ്റ്റ് പേൾ ഫസ്റ്റ്’ എന്ന പേരിൽ പുതിയ ട്രസ്റ്റ് രജിസ്റ്റർ ചെയ്യുകയും മിശ്രയ്ക്ക് താല്പര്യമുള്ളവരെ ട്രസ്റ്റികളായി നിയമിക്കുകയും ചെയ്തു. തുടർന്ന് ബാർ കൗൺസിലിന്റെ 150 കോടി രൂപ ഈ പുതിയ ട്രസ്റ്റിലേക്ക് മാറ്റാൻ നീക്കം നടത്തിയെന്നും താനും മറ്റ് അംഗങ്ങളും ഉന്നയിച്ച എതിർപ്പുകൾ തള്ളിക്കളഞ്ഞതായും റെഡ്ഡി ആരോപിച്ചു.

ലോ കോളജുകൾക്ക് അംഗീകാരം നൽകുന്നതിനും പുതുക്കുന്നതിനും വൻ തുക ഈടാക്കുന്നുണ്ടെന്നും ഇത് സ്ഥാപനത്തിന്റെ വിശ്വാസ്യത തകർത്തതായും കത്തിൽ പറയുന്നു. കൂടാതെ കൗൺസിലിലും കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വ്യാപകമായി ബന്ധുനിയമനം നടത്തിയതായും യോഗ്യതാ പട്ടികയോ പരസ്യമോ ഇല്ലാതെ സ്വന്തക്കാരെയും ബന്ധുക്കളെയും നിയമിച്ചതായും ആരോപണമുണ്ട്.

രണ്ട് വർഷമാണ് അധ്യക്ഷന്റെ കാലാവധിയെന്നിരിക്കെ, ഒരു പതിറ്റാണ്ടിലേറെയായി മിശ്ര പദവിയിൽ തുടരുന്നത് ചോദ്യം ചെയ്ത് അഭിഭാഷകയായ യോഗമായ എം ജി സമർപ്പിച്ച ഹർജി സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെയാണ് ഈ പുതിയ വിവാദം.

Content Highlights
BCI Co-Chairman YR Sadasiva Reddy demanded the immediate resignation of Chairman Manan Kumar Mishra within 15 days over eight serious allegations, including financial irregularities, fund transfers of Rs 150 crore, and nepotism. The demand comes amid a Supreme Court petition challenging Mishra’s decade-long tenure.

---- facebook comment plugin here -----

Latest