Connect with us

From the print

സിന്ധു, ആയുഷ് ഔട്ട്; സാത്വിക്- ചിരാഗ്, ട്രീസ- ഗായത്രി സഖ്യം ക്വാര്‍ട്ടറില്‍

ചൈനയുടെ വാംഗ് ഷി യീയോട് മൂന്ന് ഗെയിം നീണ്ട കടുത്ത പോരാട്ടത്തിനൊടുവിലാണ് സിന്ധു കീഴടങ്ങിയത്. സ്‌കോര്‍: 21-11, 15-21, 21-17.

Published

|

Last Updated

ന്യൂഡല്‍ഹി | ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി. മെഡല്‍ പ്രതീക്ഷയായിരുന്ന പി വി സിന്ധുവും ആയുഷ് ഷെട്ടിയും ക്വാര്‍ട്ടര്‍ കാണാതെ പുറത്തായി. അതേസമയം, പുരുഷ ഡബിള്‍സില്‍ സാത്വിക് സായ്രാജ് രെങ്കിറെഡ്ഢി- ചിരാഗ് ഷെട്ടി സഖ്യവും വനിതാ ഡബിള്‍സില്‍ ട്രീസ ജോളി- ഗായത്രി ഗോപീചന്ദ് സഖ്യവും ക്വാര്‍ട്ടറില്‍ പ്രവേശിച്ചത് ഇന്ത്യക്ക് ആശ്വാസമായി.

ചൈനയുടെ വാംഗ് ഷി യീയോട് മൂന്ന് ഗെയിം നീണ്ട കടുത്ത പോരാട്ടത്തിനൊടുവിലാണ് സിന്ധു കീഴടങ്ങിയത്. സ്‌കോര്‍: 21-11, 15-21, 21-17. തോല്‍വിയോടെ, ലോക ചാമ്പ്യന്‍ഷിപ്പില്‍ ചൈനീസ് താരങ്ങള്‍ക്കെതിരെ സിന്ധുവിന്റെ അപരാജിത റെക്കോര്‍ഡിനും വിരാമമായി. ഇതിനുമുമ്പ് ലോക ചാമ്പ്യന്‍ഷിപ്പില്‍ ചൈനീസ് താരങ്ങളോട് സിന്ധു തുടര്‍ച്ചയായ എട്ട് മത്സരങ്ങളില്‍ വിജയം നേടിയിരുന്നു.

നിര്‍ണായകമായ മൂന്നാം ഗെയിം
കടുത്ത ശാരീരിക ബുദ്ധിമുട്ടുകളെയും അതിജീവിച്ചാണ് വാംഗ് ഷി യീ മൂന്നാം ഗെയിം കളിച്ചത്. 18-17 എന്ന നിര്‍ണായക ഘട്ടത്തില്‍ ഇരുതാരങ്ങളും തമ്മില്‍ നടന്ന 54 ഷോട്ടുകള്‍ നീണ്ട റാലിയാണ് വഴിത്തിരിവായത്. ഈ നിര്‍ണായക പോയിന്റിന് ശേഷം തിരിച്ചുവരാന്‍ സാധിക്കാതിരുന്ന സിന്ധുവിനെ പിന്തള്ളി വാംഗ് വിജയം ഉറപ്പിച്ചു.

ഒന്നാം റൗണ്ടില്‍ ലോക ഒന്നാം നമ്പര്‍ താരവും നിലവിലെ ചാമ്പ്യനുമായ ഷി യു ഖിയെ അട്ടിമറിച്ച ആയുഷ് രണ്ടാം റൗണ്ട് പോരാട്ടത്തില്‍ ഇന്തോനേഷ്യയുടെ ആല്‍വി ഫര്‍ഹാനോട് പരാജയപ്പെട്ടു. നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു തോല്‍വി. സ്‌കോര്‍: 19-21, 11-21.

ഡബിള്‍സില്‍ പ്രതീക്ഷ
പുരുഷ ഡബിള്‍സില്‍ സാത്വിക് സായ്രാജും ചിരാഗ് ഷെട്ടിയും മലേഷ്യയുടെ ജുനൈദി ആരിഫ്- റോയ് കിംഗ് യാപ് സഖ്യത്തെയാണ് തോല്‍പ്പിച്ചത്. സ്‌കോര്‍: 21-23, 21-19, 21-17. ജപ്പാന്റെ റിന്‍ ഇവാനാഗ- കി നകാനിഷി സഖ്യത്തെ നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് ട്രീസ ജോളി- ഗായത്രി ഗോപീചന്ദ് സഖ്യം പരാജയപ്പെടുത്തിയത്. സ്‌കോര്‍: 21-16, 21-12. ഇന്ന് നടക്കുന്ന ക്വാര്‍ട്ടറില്‍ ലോക നാലാം നമ്പറുകാരായ ചൈനയുടെ ജിയ യി ഫാന്‍- ഷാംഗ് ഷു ഷിയാന്‍ സഖ്യത്തെ തോല്‍പ്പിച്ചാല്‍ ഇന്ത്യന്‍ സഖ്യത്തിന് മെഡലുറപ്പിക്കാം.

Content Highlights:
Satwiksairaj Rankireddy-Chirag Shetty and Treesa Jolly-Gayatri Gopichand pairs advanced to the quarterfinals. PV Sindhu and Ayush Shetty bowed out after defeats. Indian badminton fans eye strong performances in the upcoming crucial quarterfinal matches.

Latest