Connect with us

Kerala

പഞ്ചസാര 'കയ്ക്കുന്നു'; കുതിച്ചുയർന്ന് വില; കിലോക്ക് 68 രൂപയായി

കേന്ദ്ര സര്‍ക്കാര്‍ കൊണ്ടു വന്ന ഇ-20 എഥനോള്‍ പെട്രോള്‍ നയമാണ് വിലക്കയറ്റത്തിന് കാരണമെന്നാണ് ആരോപണം.

Published

|

Last Updated

കോഴിക്കോട് | പഞ്ചസാര വില പിടിച്ചു നിര്‍ത്താനുള്ള കേന്ദ്ര ശ്രമത്തിനിടയില്‍ രണ്ട് ദിവസം കൊണ്ട് കിലോഗ്രാമിന് കൂടിയത് എട്ട് രൂപ. സാധാരണഗതിയില്‍ 35-40 രൂപയുണ്ടായിരുന്ന പഞ്ചസാരക്ക് കഴിഞ്ഞ മൂന്നാഴ്ചക്കിടെയാണ് കുത്തനെ കൂടിയത്. നിലവില്‍ 68 രൂപയാണ് വില. വ്യാഴാഴ്ച 60 രൂപയുണ്ടായിരുന്നിടത്താണ് കഴിഞ്ഞ രണ്ടു ദിവസങ്ങള്‍ക്കിടെ വലിയ വര്‍ധന. ചില്ലറ മാര്‍ക്കറ്റില്‍ കിലോഗ്രാമിന് 70 രൂപയിലധികം വരുന്നുണ്ട്.

പത്ത് ലക്ഷം ടണ്‍ അസംസ്‌കൃത പഞ്ചസാര ഇറക്കുമതി ചെയ്യാനുള്ള കേന്ദ്ര തീരുമാനം വില പിടിച്ചുനിര്‍ത്തുമെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ. കഴിഞ്ഞ പത്ത് വര്‍ഷത്തിന് ശേഷമാണ് തീരുവയില്ലാതെ പഞ്ചസാര ഇറക്കുമതി ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്. ഒക്‌ടോബര്‍ 31 വരെയാണ് അനുമതി.

പഞ്ചസാര വില വര്‍ധന കേന്ദ്ര സര്‍ക്കാറിന് വലിയ തലവേദന സൃഷ്ടിക്കുകയാണ്. രാജ്യത്ത് കേരളത്തിലടക്കം ഉത്സവ കാലമായതിനാല്‍ പഞ്ചസാരയുടെ ഉപയോഗം കൂടുതലുള്ള സമയമാണിത്. പഞ്ചസാര വില പിടിച്ചു നിര്‍ത്തണമെന്ന ആവശ്യം രാജ്യത്തെമ്പാടും ഉയര്‍ന്നിട്ടുണ്ട്.

കേന്ദ്ര സര്‍ക്കാര്‍ കൊണ്ടു വന്ന ഇ-20 എഥനോള്‍ പെട്രോള്‍ നയമാണ് വിലക്കയറ്റത്തിന് കാരണമെന്നാണ് ആരോപണം. കരിമ്പില്‍ നിന്നാണ് എഥനോള്‍ നിര്‍മിക്കുന്നത്. എഥനോള്‍ നിര്‍മാണത്തിന് പഞ്ചസാര നല്‍കുന്നതിലൂടെ കര്‍ഷകര്‍ക്കും ബന്ധപ്പെട്ട കമ്പനികള്‍ക്കും കൂടുതല്‍ ലാഭം ലഭിക്കുന്നുവെന്നാണ് പറയുന്നത്. കഴിഞ്ഞ വര്‍ഷം 25 ലക്ഷം ടണ്‍ കരിമ്പാണ് എഥനോള്‍ നിര്‍മാണത്തിന് ഉപയോഗിച്ചതെന്നാണ് കണക്ക്.

എന്നാല്‍, രാജ്യത്ത് ആഭ്യന്തര കരിമ്പ് ഉത്പാദനം കുറഞ്ഞതാണ് വിലക്കയറ്റത്തിന് നിദാനമെന്നാണ് ഔദ്യോഗിക വിശദീകരണം. എഥനോള്‍ കലര്‍ത്തിയ പെട്രോള്‍ നയത്തിലൂടെ നേടിയെടുത്ത ലാഭം പഞ്ചസാര തീരുവ എടുത്ത് കളഞ്ഞതിലൂടെ രാജ്യത്തിന് നഷ്ടമായെന്നും കേന്ദ്ര നയം തലതിരിഞ്ഞതാണെന്നുമുള്ള ആരോപണവുമായി പ്രതിപക്ഷകക്ഷികള്‍ രംഗത്തെത്തിയിട്ടുണ്ട്.

Content Highlights: Sugar Price Hike seen across India as retail rates cross Rs 70 per kg. Central govt allowed duty-free raw sugar import to control inflation. Critics blame the E-20 Ethanol Petrol Policy for the sudden price surge during the festive season.

---- facebook comment plugin here -----

Latest