Connect with us

Ongoing News

യു എ ഇയിൽ ശക്തമായ മഴയ്ക്ക് സാധ്യത; രാജ്യവ്യാപകമായി ജാഗ്രതാ നിർദേശം

മഴക്കെടുതികൾ നേരിടാൻ ഷാർജയിൽ 1,100 ജീവനക്കാരെയും 580 ടാങ്കറുകളെയും സജ്ജമാക്കി

Published

|

Last Updated

ദുബൈ| യു എ ഇയിൽ ഇടിമിന്നലോടും ശക്തമായ കാറ്റോടും കൂടിയ മഴയ്ക്ക് സാധ്യതയുള്ളതിനാൽ രാജ്യവ്യാപകമായി ജാഗ്രതാ നിർദേശം നൽകി ആഭ്യന്തര മന്ത്രാലയം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇതിനോടകം തന്നെ മഴ അനുഭവപ്പെട്ടിട്ടുണ്ട്. മലീഹ, മദാം, അൽബാദയേർ, ഖോർഫക്കാൻ എന്നിവിടങ്ങളിൽ ശക്തമായ മഴ ലഭിച്ചു.

മോശം കാലാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ജനങ്ങളും വാഹനമോടിക്കുന്നവരും ജാഗ്രത പാലിക്കണമെന്നും ഔദ്യോഗിക സുരക്ഷാ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും മന്ത്രാലയം അഭ്യർഥിച്ചു. മഴയുള്ള സമയങ്ങളിൽ വാഹനം ഓടിക്കുന്നവർ വേഗത കുറക്കുകയും വെള്ളക്കെട്ടുകൾ ഉണ്ടാകാൻ സാധ്യതയുള്ള താഴ്ന്ന പ്രദേശങ്ങൾ, വാദികൾ, കടൽത്തീരങ്ങൾ എന്നിവിടങ്ങളിൽ നിന്ന് വിട്ടുനിൽക്കുകയും വേണം.

അടിയന്തര സാഹചര്യങ്ങൾ നേരിടാൻ ഷാർജയിൽ വിപുലമായ ഒരുക്കങ്ങളാണ് ഷാർജ സിറ്റി മുനിസിപ്പാലിറ്റി പൂർത്തിയാക്കിയിട്ടുള്ളത്. ഇതിന്റെ ഭാഗമായി 1,100 മുനിസിപ്പാലിറ്റി ജീവനക്കാരെയും 580 ജല ടാങ്കറുകളെയും 180 മൊബൈൽ പമ്പുകളെയും രംഗത്തിറക്കിയിട്ടുണ്ട്. റോഡുകളിലും റസിഡൻഷ്യൽ പ്രദേശങ്ങളിലും വെള്ളക്കെട്ട് ഒഴിവാക്കാനും ഗതാഗതം സുഗമമാക്കാനുമാണ് ഈ ക്രമീകരണങ്ങൾ. 70 മഴവെള്ള ശേഖരണ തടാകങ്ങളും 40,000 ഡ്രൈനേജ് ഓപ്പണിംഗുകളും ഇതിനകം വൃത്തിയാക്കിയിട്ടുണ്ടെന്ന് ഷാർജ സിറ്റി മുനിസിപ്പാലിറ്റി ഡയറക്ടർ ജനറലും റെയിൻ എമർജൻസി സുപ്രീം കമ്മിറ്റി ചെയർമാനുമായ ഒബൈദ് സഈദ് അൽ തുനൈജി വ്യക്തമാക്കി.

കൂടാതെ പ്രധാന പാതകളിലും നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുമായി ഒമ്പത് പുതിയ പമ്പിംഗ് സ്റ്റേഷനുകളും സജ്ജമാക്കിയിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങളിൽ പൊതുജനങ്ങൾക്ക് സഹായം ലഭ്യമാക്കുന്നതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന സംവിധാനങ്ങളും റിക്കവറി വാഹങ്ങളും ഏർപ്പെടുത്തിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.

Content Highlights: The UAE Ministry of Interior issued a nationwide weather alert for thunderstorms and strong winds as heavy rain hit Maleha, Madam, Al Badayer, and Khorfakkan. Motorists are urged to avoid wadis and low-lying areas. Sharjah Municipality deployed 1,100 staff, 580 tankers, and 180 pumps to prevent waterlogging.

---- facebook comment plugin here -----

Latest