National
ലൈംഗികാതിക്രമം എതിര്‍ത്തതിന് ട്രെയിനില്‍ നിന്നു തള്ളിയിട്ടു; യുവതിയുടെ കൈ അറ്റു , പ്രതി പിടിയില്‍
യാത്രക്കാര്‍ ഇടപെടാന്‍ ശ്രമിച്ചെങ്കിലും, പ്രതി അസഭ്യം പറയുകയും സ്വന്തം ചെരുപ്പ് യുവതിയുടെ നേരെ എറിയുകയും ചെയ്തു.
മുംബൈ | ലോക്കല്‍ ട്രെയിനില്‍ വെച്ച് സഹയാത്രികന്റെ ലൈംഗികാതിക്രമത്തെ എതിര്‍ത്തതിന് ട്രെയിനില്‍ നിന്ന് തള്ളിയിടപ്പെട്ടതിനെ തുടര്‍ന്ന് യുവതിക്ക് ഇടത് കൈ നഷ്ടമായി. ഇതിന് പുറമെ തലക്ക് 16 തുന്നിക്കെട്ടുകളും ഇടേണ്ടി വന്നു. സംഭവത്തില്‍ നൈഗാവ് ഈസ്റ്റ് സ്വദേശിയായ 53 കാരന് ജിതേന്ദ്ര ഹിര്മുഖെ പിടിയിലായിട്ടുണ്ട്. നവംബര്‍ നാലിനായിരുന്നു സംഭവം.
ബോറിവലിയില്‍ നിന്ന് വിരാറിലേക്ക് പോവുകയായിരുന്ന യുവതിയെ നൈഗാവ് സ്റ്റേഷനില്‍ വെച്ചാണ് ട്രെയിനില്‍ നിന്ന് തള്ളിയിട്ടത്. പ്രതി നിരന്തരം അപമര്യാദയായി സ്പര്‍ശിച്ചതായി യുവതി തന്റെ പരാതിയില്‍ പറയുന്നു.ഇതില്‍ പ്രകോപിതയായ യുവതി തന്റെ ചെരുപ്പ് ഊരി പ്രതിക്ക് നേരെ എറിഞ്ഞു, ഇത് വാക്കേറ്റത്തിന് കാരണമായി. അവിടെയുണ്ടായിരുന്ന യാത്രക്കാര്‍ ഇടപെടാന്‍ ശ്രമിച്ചെങ്കിലും, പ്രതി അസഭ്യം പറയുകയും സ്വന്തം ചെരുപ്പ് യുവതിയുടെ നേരെ എറിയുകയും ചെയ്തു.നൈഗാവ് സ്റ്റേഷനില്‍ ട്രെയിന്‍ എത്തിയപ്പോഴും തര്‍ക്കം തുടര്‍ന്നു. തുടര്‍ന്ന് പ്രതി യുവതിയെ ട്രെയിനില്‍ നിന്ന് തള്ളിയിടുകയായിരുന്നു. രണ്ട് കോച്ചുകള്‍ക്കിടയിലെ വിടവിലേക്ക് യുവതി വീണത്.

പ്ലാറ്റ്ഫോമിലേക്ക് തിരിച്ചുകയറാന്‍ ശ്രമിക്കുന്നതിനിടയില്‍ ട്രെയിന്‍ നീങ്ങാന്‍ തുടങ്ങിയതോടെ യുവതിയുടെ ഇടത് കൈ ട്രെയിന്‍ ചക്രങ്ങള്‍ക്ക് അടിയില്‍പ്പെടുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റതിനെ തുടര്‍ന്ന് കൈമുട്ടിന് താഴെവെച്ച് അവരുടെ കൈ മുറിച്ചുമാറ്റേണ്ടി വന്നു.ഒരു പോലീസുകാരനും മറ്റ് യാത്രക്കാരും ചേര്‍ന്നാണ് യുവതിയെ പ്ലാറ്റ്ഫോമിലേക്ക് പിടിച്ചുകയറ്റിയത്. ബഹളത്തിനിടയില്‍ രക്ഷപ്പെട്ട പ്രതിയെ നവംബര്‍ 9-നാണ് അറസ്റ്റ് ചെയ്തത്.
അതേ സമയം, പ്രതിക്കെതിരെ വധശ്രമത്തിന് കേസെടുക്കാത്തതില്‍ (സെക്ഷന്‍ 109) യുവതിയുടെ കുടുംബം രംഗത്തെത്തിയിട്ടുണ്ട്. പ്രതിക്കെതിരെ ആവശ്യമായ വകുപ്പുകള്‍ ഉടന്‍ തന്നെ ഉള്‍പ്പെടുത്തുമെന്ന് പോലീസ് ഉറപ്പ് നല്‍കിയിട്ടുണ്ട്.
Content Highlights: A Mumbai woman lost her left arm and suffered severe head injuries after being pushed from a running local train by a man whose sexual advances she resisted. The accused, a 53-year-old resident, was arrested following the November 4 incident at Naigaon station. Her family has demanded stricter charges against the attacker.






