National
ഉത്തര്‍പ്രദേശില്‍ പുതിയ രാഷ്ട്രീയ സഖ്യം; 'സാമാചിക് പരിവര്‍ത്തന മോര്‍ച്ച' മുന്നണിയുടെ പ്രഖ്യാപനം നടത്തി ഒവൈസിയും ചന്ദ്രശേഖര്‍ ആസാദും
സംസ്ഥാനത്തെ 403 നിയമസഭാ മണ്ഡലങ്ങളിലും സഖ്യം മത്സരിക്കും
ലക്നോ|2027ലെ ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി എഐഎംഐഎം പാര്‍ട്ടിയും ആസാദ് സമാജ് പാര്‍ട്ടിയും ചേര്‍ന്ന് പുതിയ രാഷ്ട്രീയ സഖ്യം രൂപീകരിച്ചു. അസദുദ്ദീന്‍ ഒവൈസിയുടെ എഐഎംഐഎം പാര്‍ട്ടിയും ചന്ദ്രശേഖര്‍ ആസാദിന്റെ ആസാദ് സമാജ് പാര്‍ട്ടിയും ചേര്‍ന്ന് ലക്നോവില്‍ നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് സാമാചിക് പരിവര്‍ത്തന മോര്‍ച്ച എന്ന പുതിയ മുന്നണിയുടെ പ്രഖ്യാപനം നടത്തിയത്.
സംസ്ഥാനത്തെ 403 നിയമസഭാ മണ്ഡലങ്ങളിലും സഖ്യം മത്സരിക്കുമെന്നും ചന്ദ്രശേഖര്‍ ആസാദ് മുന്നണിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായിരിക്കുമെന്നും നേതാക്കള്‍ അറിയിച്ചു. ദളിതര്‍, ന്യൂനപക്ഷങ്ങള്‍, യുവതീ യുവാക്കള്‍, കര്‍ഷകര്‍ തുടങ്ങിയ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹങ്ങളുടെ അവകാശങ്ങള്‍ക്കായി സാമാചിക് പരിവര്‍ത്തന മോര്‍ച്ച പ്രവര്‍ത്തിക്കുമെന്ന് നേതാക്കള്‍ പറഞ്ഞു.
ഇത് വെറുമൊരു മൂന്നാം മുന്നണിയല്ല. മറിച്ച് സാമൂഹിക മാറ്റത്തിനായുള്ള വേദിയാണെന്ന് ചന്ദ്രശേഖര്‍ ആസാദ് വ്യക്തമാക്കി. ദളിത്-മുസ്ലിം വോട്ടുകളെ ഏകോപിപ്പിക്കുക എന്നതാണ് സഖ്യത്തിന്റെ പ്രധാന ലക്ഷ്യം.
സമാജ്വാദി പാര്‍ട്ടിയും കോണ്‍ഗ്രസും അടങ്ങിയ ഇന്ത്യ മുന്നണിയില്‍ ഭാഗമായി മത്സരിക്കാന്‍ ഒവൈസി നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ആസാദ് സമാജ് പാര്‍ട്ടിയുമായി കൈകോര്‍ക്കാന്‍ എഐഎംഐഎം തീരുമാനിച്ചത്. ഭരണത്തുടര്‍ച്ചക്കായി ബിജെപിയും മറികടക്കാന്‍ ഇന്ത്യ മുന്നണിയും തമ്മില്‍ വാശിയേറിയ പോരാട്ടം നടക്കുന്ന ഗോദയിലേക്കാണ് പുതിയ സഖ്യത്തിന്റെ കടന്നുവരവ്.
Content Highlights:As reported in the press conference in Lucknow, AIMIM chief Asaduddin Owaisi and Azad Samaj Party president Chandrashekhar Azad formed the Samajik Parivartan Morcha for the 2027 Uttar Pradesh Assembly elections. Leaders announced Azad as the chief ministerial candidate to contest all 403 seats. The alliance aims to unite Dalit and Muslim voters.


