Ongoing News
റിയാദ് സുൽഫിയിൽ മലവെള്ളപ്പാച്ചിലിൽ കുടുങ്ങിയ നാലുപേരെ സിവിൽ ഡിഫൻസ് രക്ഷപ്പെടുത്തി; നിയമലംഘകർക്കെതിരെ കർശന നടപടി
സഊദി ഗതാഗത നിയമപ്രകാരം, വെള്ളപ്പൊക്കമുള്ള താഴ്വരകളിലൂടെ വാഹനം ഓടിച്ച് അപകടമുണ്ടാക്കുന്നത് 10,000 റിയാൽ വരെ പിഴ ലഭിക്കാവുന്ന ഗുരുതരമായ നിയമലംഘനമാണ്.
റിയാദ്|സഊദി അറേബ്യയിലെ റിയാദ് പ്രവിശ്യയിലുള്ള സുൽഫിയിൽ ശക്തമായ മലവെള്ളപ്പാച്ചിലിൽ കാറുകളിൽ കുടുങ്ങിയ നാല് പേരെ സിവിൽ ഡിഫൻസ് രക്ഷപ്പെടുത്തി. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. കനത്ത മഴയെത്തുടർന്ന് വെള്ളം കുത്തിയൊഴുകുന്ന താഴ്വര (വാദി) മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെയാണ് വാഹനങ്ങൾ ഒഴുക്കിൽപ്പെട്ടത്. വിവരമറിഞ്ഞ് ഉടൻ സ്ഥലത്തെത്തിയ സുൽഫി സിവിൽ ഡിഫൻസ് സംഘം നടത്തിയ രക്ഷാപ്രവർത്തനത്തിലൂടെ നാല് പേരെയും സുരക്ഷിതമായി പുറത്തെത്തിച്ചു.
ഒഴുക്കുള്ള താഴ്വരകളിലൂടെ അപകടകരമായ രീതിയിൽ വാഹനമോടിച്ച ഡ്രൈവർമാർക്കെതിരെ ട്രാഫിക് വിഭാഗവുമായി സഹകരിച്ച് നിയമനടപടി സ്വീകരിച്ചതായി അധികൃതർ വ്യക്തമാക്കി. സഊദി ഗതാഗത നിയമപ്രകാരം, വെള്ളപ്പൊക്കമുള്ള താഴ്വരകളിലൂടെ വാഹനം ഓടിച്ച് അപകടമുണ്ടാക്കുന്നത് 10,000 റിയാൽ വരെ പിഴ ലഭിക്കാവുന്ന ഗുരുതരമായ നിയമലംഘനമാണ്.
മഴക്കാലത്ത് താഴ്വരകളിലേക്കും വെള്ളക്കെട്ടുള്ള പ്രദേശങ്ങളിലേക്കും വാഹനങ്ങളുമായി ഇറങ്ങരുതെന്നും സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും സിവിൽ ഡിഫൻസ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.
Content Highlights:Saudi Civil Defense rescued four people trapped in cars during flash floods in Zulfi, Riyadh province, on Wednesday night. Authorities initiated legal action against drivers crossing flooded valleys, a violation carrying fines up to 10,000 riyals. Officials urged the public to follow rain safety guidelines.


