Kerala
നേപ്പാളിലെ പ്രളയബാധിത പ്രദേശങ്ങളില്‍ കുടുങ്ങിയ 53 മലയാളികളെ കുറിച്ച് വിവരം ലഭിച്ചു; നോര്‍ക്ക
എല്ലാവരും സുരക്ഷിതരാണെന്ന വിവരമാണ് ലഭിക്കുന്നതെന്ന് നോര്‍ക്ക സിഇഒ രാജേഷ് മാധവന്‍
തിരുവനന്തപുരം|നേപ്പാളിലെ പ്രളയബാധിത പ്രദേശങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന 53 മലയാളികളെക്കുറിച്ച് വിവരം ലഭിച്ചതായി നോര്‍ക്ക സിഇഒ രാജേഷ് മാധവന്‍. എല്ലാവരുമായും നേരിട്ട് ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ലെങ്കിലും സുരക്ഷിതരാണെന്ന വിവരമാണ് ലഭിക്കുന്നതെന്ന് രാജേഷ് മാധവന്‍ പറഞ്ഞു. 17 ഇടങ്ങളില്‍ നിന്നാണ് കേരളത്തില്‍ നിന്ന് പോയവരെ കുറിച്ച് കഴിഞ്ഞ മണിക്കൂറുകളില്‍ വിവരം ലഭിച്ചത്. അങ്ങനെയാണ് നേപ്പാളിലുള്ള ആളുകളുമായി സംസാരിച്ചത്.
സ്ത്രീകളും കുട്ടികളും അടക്കം 53 പേര്‍ ഇപ്പോഴും പ്രളയബാധിത പ്രദേശങ്ങളില്‍ ഉണ്ട്. ഇവരുമായി സര്‍ക്കാരിന്റെ പ്രതിനിധികള്‍ സംസാരിക്കുന്നുണ്ട്. വൈകാതെ തന്നെ സുരക്ഷിത ഇടങ്ങളിലേക്ക് ഇവരെ മാറ്റാനാണ് ശ്രമമെന്നും സിഇഒ വ്യക്തമാക്കി. നേപ്പാളില്‍ കുടുങ്ങിയ മലയാളികളെ കണ്ടെത്തുന്നതിന് മുഖ്യമന്ത്രിയുടെ ഓഫീസ്, ദുരന്ത നിവാരണ അതോറിറ്റി, നോര്‍ക്ക എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥര്‍ ഏകോപനത്തോടെയുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്ന് സിഇഒ കൂട്ടിച്ചേര്‍ത്തു.
കേരളത്തില്‍നിന്ന് നേപ്പാളിലേക്ക് പോയ മുഴുവന്‍ മലയാളികളെക്കുറിച്ച് വിവരം ശേഖരിക്കാനുള്ള ശ്രമം തുടരുകയാണ്. എറണാകുളത്തെ ട്രാവല്‍ ഏജന്‍സി മുഖേന പോയ റിട്ടയേഡ് എസ് ഐ പ്രദീപിന്റെ നേതൃത്വത്തിലുള്ള സംഘം പുലര്‍ച്ചെ രണ്ടരയോടെയാണ് ഹോട്ടലില്‍ തിരിച്ചെത്തിയത്. മലയാളികളെ തിരികെയെത്തിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര ഗവണ്‍മെന്റുമായി ഇടപെടല്‍ തുടരുകയാണ്.
അതേസമയം, നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയത്തിന് സാധ്യത. ത്രിശൂലി നദിയിലെ അവശിഷ്ടങ്ങള്‍ ഒഴുക്ക് തടസ്സപ്പെടുത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്. മണ്ണിടിച്ചിലിനെ തുടര്‍ന്ന് നദിയില്‍ താത്കാലിക തടയണകള്‍ രൂപപ്പെടാന്‍ സാധ്യതയുണ്ട്. തടയണകള്‍ പൊട്ടിയാല്‍ ശക്തമായ രണ്ടാം പ്രളയ തരംഗത്തിന് സാധ്യതയെന്ന് ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ഇന്റഗ്രേറ്റഡ് മൗണ്ടന്‍ ഡെവലപ്മെന്റ് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് മുന്നറിയിപ്പുള്ളത്. തുടര്‍ന്നാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയത്.
Content Highlights:
NORKA CEO Rajesh Madhavan confirmed information regarding 53 stranded Keralites in flood-hit Nepal. State officials and NORKA are coordinating with the Central Government to ensure their safe return. Meanwhile, authorities issued fresh alerts as damming in Trishuli river poses secondary flood risks.


