Connect with us

Kerala

പുരുഷനായിരുന്നുവെങ്കില്‍ ഉടന്‍ അറസ്റ്റ് ചെയ്‌തേനെ; അതിജീവിതയെ അപമാനിച്ച കേസില്‍ അഡ്വ.ദീപ ജോസഫിനെതിരെ സുപ്രീം കോടതി

ദീപയുടെ ഹരജി തള്ളിയ സുപ്രീം കോടതി ഹൈക്കോടതിയെ സമീപിക്കാന്‍ ആവശ്യപ്പെട്ടു

Published

|

Last Updated

ന്യൂഡല്‍ഹി | രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പ്രതിയായ ലൈംഗിക പീഡന കേസിലെ അതിജീവിതയെ അപമാനിച്ചുവെന്ന കേസില്‍ പ്രതിയായ അഡ്വ. ദീപ ജോസഫിന് സുപ്രീംകോടതിയുടെ അതിരൂക്ഷവിമര്‍ശം. ദീപ പ്രയോഗിച്ച വാക്കുകള്‍ ഞെട്ടലുളവാക്കിയെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

നിങ്ങള്‍ പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകയല്ലേ എന്ന് ചോദിച്ച കോടതി അപകീര്‍ത്തിപരമായ പരാമര്‍ശങ്ങളാണ് ഫേസ്ബുക്ക് പോസ്റ്റിലുള്ളതെന്നും വ്യക്തമാക്കി. എന്താണ് നിങ്ങളെഴുതിയതെന്ന് പരസ്യമായി വായിക്കണോ?. പുരുഷനാണ് പരാമര്‍ശം നടത്തിയിരുന്നതെങ്കില്‍ ഉടന്‍ അറസ്റ്റ് ചെയ്യുമായിരുന്നു. സ്ത്രീയായതുകൊണ്ട് മാത്രമാണ് പരിഗണന ലഭിക്കുന്നത്. പ്രതിയുടെ പബ്‌ളിക് അഡ്വക്കേറ്റാണോ നിങ്ങള്‍ളെന്നും കോടതി ചോദിച്ചു.

രാഹുല്‍ മാങ്കൂട്ടത്തില്‍ കേസില്‍ ആദ്യ അതിജീവിതയെ അപമാനിച്ചതിനാണ് അഡ്വ. ദീപയ്ക്കെതിരെ പോലീസ് കേസെടുത്തത്. അഭിഭാഷകയായിരുന്നിട്ടും സോഷ്യല്‍മീഡിയയില്‍ ഇത്തരം ഭാഷയാണോ ഉപയോഗിക്കുന്നതെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ചോദിച്ചു.

അതേ സമയം അതിജീവിതയുടെ പേര് വെളിപ്പെടുത്തുകയോ, മോശം പരാമര്‍ശങ്ങള്‍ നടത്തുകയോ താന്‍ ചെയ്തിട്ടില്ലെന്ന് ദീപ കോടതിയെ അറിയിച്ചു. അതിജീവിതയുടെ ഭര്‍ത്താവ് പറഞ്ഞകാര്യമാണ് പറഞ്ഞതെന്ന് ദീപ വാദിച്ചപ്പോള്‍ ഭര്‍ത്താവ് പറഞ്ഞാലും അതെല്ലാം സമൂഹമാദ്ധ്യമങ്ങളില്‍ എഴുതുന്നത് ശരിയാണോ എന്ന് കോടതി ചോദിച്ചു. സ്ത്രീയെന്ന പരിഗണന നല്‍കിയാണ് നടപടിയെടുക്കാത്തതെന്ന് കോടതി വ്യക്തമാക്കി ശേഷം ദീപയുടെ ഹരജി തള്ളുകയും കോടതി ഹൈക്കോടതിയെ സമീപിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.

 

Latest