Connect with us

International

കാനഡയിലെ സ്‌കൂളില്‍ വെടിവെപ്പ്; ഒൻപത് പേര്‍ കൊല്ലപ്പെട്ടു, 25 പേര്‍ക്ക് പരിക്ക്

ആക്രമിയുടെയും മൃതദേഹം കണ്ടെത്തിയിട്ടുണ്ട്.

Published

|

Last Updated

ഒട്ടാവ| പടിഞ്ഞാറൻ കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിലുണ്ടായ വെടിവെപ്പിൽ ഒമ്പത് പേർ കൊല്ലപ്പെട്ടു. സ്കൂളിലും സമീപത്തെ വീട്ടിലുമായി നടന്ന വെടിവെപ്പിൽ 25 പേർക്ക് പരിക്കേറ്റു. വാൻകൂവറിൽ നിന്ന് 415 മൈൽ വടക്കുള്ള ടംബ്ലർ റിഡ്ജ് സെക്കൻഡറി സ്കൂളിലാണ് ആറ് മൃതദേഹങ്ങൾ കണ്ടെത്തിയത്. പരിക്കേറ്റ ഒരാൾ ആശുപത്രിയിലേക്കുള്ള വഴിമധ്യേയും മരിച്ചു. സ്കൂളിന് സമീപത്തെ വീട്ടിലാണ് മറ്റ് രണ്ട് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. വെടിവെപ്പിന് ശേഷം അക്രമി സ്വയം വെടിവെച്ച് മരിച്ചതായും ഇയാളുടെ മൃതദേഹം സ്കൂളിൽ നിന്ന് കണ്ടെടുത്തതായും പോലീസ് അറിയിച്ചു.

സ്‌കൂള്‍ പരിസരത്തും സ്‌കൂളിന് സമീപത്തെ വീട്ടിലുമായാണ് കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. വെടിവെപ്പ് നടന്ന ഉടനെ പ്രദേശവാസികള്‍ക്ക് ഫോണിലൂടെ ജാഗ്രതാ നിര്‍ദേശം ലഭിച്ചിരുന്നു. വീടുകളില്‍ അഭയം തേടാനും പുറത്തിറങ്ങാതിരിക്കാനും നിര്‍ദേശിച്ചിരുന്നു.

സംഭവത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ എന്ന് അന്വേഷിക്കുകയാണെന്ന് പോലീസ് അറിയിച്ചു. മരണപ്പെട്ട ആക്രമി സ്ത്രീയാണ്. സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. മരിച്ചവരുടെ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.

സംഭവത്തിൽ കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി നടുക്കം രേഖപ്പെടുത്തി. പോലീസ് അതിവേഗം പ്രതികരിച്ചതിനാലാണ് വലിയൊരു ദുരന്തം ഒഴിവായതെന്ന് ബ്രിട്ടീഷ് കൊളംബിയ പ്രീമിയർ ഡേവിഡ് എബി പറഞ്ഞു. പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പ്രദേശം ഇപ്പോൾ സുരക്ഷിതമാണെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു.

Latest