Connect with us

Kerala

കുടുംബത്തെ പുറത്താക്കി വീട് ജപ്തി ചെയ്ത് കേരള ബാങ്ക്; പൂട്ട് പൊളിച്ച് പ്രതിഷേധിച്ച് എഐവൈഎഫ്

2018 ലാണ് പശുവളര്‍ത്തുന്നതിന് ജിഷ കേരള ബാങ്കില്‍ നിന്ന് 10 ലക്ഷം രൂപ ലോണ്‍ എടുത്തത്.

Published

|

Last Updated

കൊല്ലം| ജപ്തി ചെയ്ത വീടിന്റെ പൂട്ട് പൊളിച്ച് പ്രതിഷേധിച്ച് എഐവൈഎഫ് പ്രവര്‍ത്തകര്‍. നിഷാ ഭവനില്‍ ജിഷയുടെ വീടാണ് കേരള ബാങ്ക് ജപ്തി ചെയ്തത്. 2018 ലാണ് പശുവളര്‍ത്തുന്നതിന് ജിഷ കേരള ബാങ്കില്‍ നിന്ന് 10 ലക്ഷം രൂപ ലോണ്‍ എടുത്തത്. തമിഴ്‌നാട്ടില്‍ നിന്ന് 10 പശുക്കളെ വാങ്ങിയെങ്കിലും ഇവ രോഗം ബാധിച്ച് ചത്തു. വരുമാനം മുടങ്ങിയതോടെ തിരിച്ചടവ് മുടങ്ങി. ഇതോടെ ബാങ്ക് കുടുംബത്തിനെതിരെ ജപ്തി നടപടികളുമായി മുന്നോട്ടുപോവുകയായിരുന്നു.

ഇന്നലെ വൈകിട്ട് വിട്ടിലെത്തിയ ബാങ്ക് ഉദ്യോഗസ്ഥര്‍ ജിഷയുടെ രണ്ടര വയസ് പ്രായമുള്ള കുഞ്ഞും, പ്രായമായ അച്ഛനെയും അമ്മയെയും പുറത്താക്കിയ ശേഷമാണ് വീട് പൂട്ടിയത്. സംഭവം സ്ഥലം എംഎല്‍എയായ പി എസ് സുപാലിനെ അറിയിച്ചിരുന്നു. എംഎല്‍എ ബാങ്ക് അധികൃതരോട് സംസാരിച്ചെങ്കിലും വീട് തുറന്ന് നല്‍കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായില്ല. തുടര്‍ന്ന് എഐവൈഎഫ് പ്രവര്‍ത്തകര്‍ പൂട്ട് പൊളിച്ച് വീട് തുറന്ന് കൊടുത്തു. വിഷയം എംഎല്‍എ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്. ജപ്തി ഒഴിവാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും എംഎല്‍എ ജിഷയെയും കുടുംബത്തെയും അറിയിച്ചു. സാമ്പത്തികമായി കടുത്ത പരാധീനതകളിലൂടെ കടന്നുപോകുന്നവരുടെ വീട് ജപ്തി ചെയ്യുന്നത് സര്‍ക്കാരിന്റെ നയങ്ങള്‍ക്ക് എതിരാണെന്ന് എഐവൈഎഫ് പ്രവര്‍ത്തര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.