Connect with us

Editors Pick

നിങ്ങൾക്ക് പ്രമേഹ സാധ്യതയുണ്ടോ? സ്മാർട്ട് വാച്ച് പറയും; നൂതന ടെക്നോളജിയുമായി ഹുവായ്

ഫോട്ടോപ്ലെതിസ്മോഗ്രഫി (പി പി ജി) സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയാണ് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിരീക്ഷിക്കുന്ന സംവിധാനം ഹുവായ് ഒരുക്കിയിരിക്കുന്നത്.

Published

|

Last Updated

ദുബൈ | പ്രമേഹ സാധ്യതകൾ മുൻകൂട്ടി തിരിച്ചറിയാൻ സഹായിക്കുന്ന പുതിയ സാങ്കേതികവിദ്യയുമായി ഹുവായ്. ദുബൈയിൽ നടക്കുന്ന 2026 വേൾഡ് ഹെൽത്ത് എക്സ്പോയിലാണ് ഹുവായ് തങ്ങളുടെ സ്മാർട്ട് വാച്ചുകളിലെ വിപ്ലവകരമായ ഈ മാറ്റം പരിചയപ്പെടുത്തിയത്. ശരീരത്തിൽ മുറിവുകളുണ്ടാക്കാതെ തന്നെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിരീക്ഷിക്കാനും പ്രമേഹ സാധ്യതയുടെ പ്രാരംഭ ലക്ഷണങ്ങൾ കണ്ടെത്താനും സഹായിക്കുന്ന നോൺ ഇൻവേസീവ് സാങ്കേതികവിദ്യയാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. നിലവിൽ ഹുവായ് വാച്ച് ജി ടി 6 പ്രോ മോഡലുകളിൽ ലഭ്യമായ ഈ ഫീച്ചർ വരും മാസങ്ങളിൽ കൂടുതൽ വാച്ചുകളിലേക്ക് ഒ ടി എ. അപ്‌ഡേറ്റ് വഴി ലഭ്യമാക്കും.

ഫോട്ടോപ്ലെതിസ്മോഗ്രഫി (പി പി ജി) സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയാണ് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിരീക്ഷിക്കുന്ന സംവിധാനം ഹുവായ് ഒരുക്കിയിരിക്കുന്നത്. സ്മാർട്ട് വാച്ചിലെ നൂതന സെൻസറുകൾ ഉപയോഗിച്ച് പി പി ജി സിഗ്നലുകളിലെ വ്യതിയാനങ്ങൾ നിരീക്ഷിച്ചാണ് രോഗസാധ്യത തിരിച്ചറിയുന്നത്. തുടർച്ചയായി മൂന്ന് മുതൽ പതിനാല് ദിവസങ്ങൾ വരെ വാച്ച് ധരിക്കുന്നതിലൂടെ ലഭിക്കുന്ന വിവരങ്ങൾ വിശകലനം ചെയ്ത് പ്രമേഹ സാധ്യത എത്രത്തോളമുണ്ടെന്ന് ആപ്പിലൂടെ ഉപഭോക്താക്കൾക്ക് അറിയാൻ സാധിക്കും. കുറഞ്ഞത്, ഇടത്തരം, ഉയർന്നത് എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലായാണ് റിസ്ക് നില രേഖപ്പെടുത്തുന്നത്. ഇത് ഒരു മെഡിക്കൽ ഡയഗ്നോസിസ് അല്ലെന്നും പ്രമേഹ സാധ്യതകളെക്കുറിച്ച് അവബോധം നൽകാനും കൃത്യസമയത്ത് വൈദ്യസഹായം തേടാൻ ഉപഭോക്താക്കളെ പ്രേരിപ്പിക്കാനുമാണ് ഈ ഫീച്ചറെന്നും ഹുവായ് വ്യക്തമാക്കി.

ന്യൂറോപ്പതി, മൈക്രോവാസ്കുലർ ആർട്ടീരിയോസ്‌ക്ലെറോസിസ് തുടങ്ങിയ മേഖലകളിൽ വർഷങ്ങളായി നടത്തിയ ഗവേഷണങ്ങൾക്കൊടുവിലാണ് ഇത്തരമൊരു ഹെൽത്ത് ഫീച്ചർ വികസിപ്പിച്ചതെന്ന് ഹുവായ് വെളിപ്പെടുത്തി. ഇടത്തരം അല്ലെങ്കിൽ ഉയർന്ന റിസ്ക് നില കാണിക്കുന്ന ഉപഭോക്താക്കൾക്ക് വിദഗ്ധ പരിശോധനകൾ നടത്താൻ ഈ സംവിധാനം മുൻകൂട്ടി മുന്നറിയിപ്പ് നൽകും. 2026-ൽ പ്രത്യേകമായി ബ്ലഡ് ഷുഗർ മോണിറ്ററിങ് വാച്ച് പുറത്തിറക്കാൻ കമ്പനി പദ്ധതിയിടുന്നതായും റിപ്പോർട്ടുകളുണ്ട്.

---- facebook comment plugin here -----

Latest