National
നടനും സംവിധായകനുമായ കെ ഭാഗ്യരാജ് അന്തരിച്ചു
ചികിത്സയിലിരിക്കെ ചെന്നൈയില്‍ വെച്ചായിരുന്നു അന്ത്യം
ചെന്നൈ| പ്രശസ്ത നടനും സംവിധായകനുമായ കെ ഭാഗ്യരാജ് അന്തരിച്ചു. 73 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. സംവിധായകന്‍, അഭിനേതാവ്, തിരക്കഥാകൃത്ത്, സംഗീത സംവിധായകന്‍, നിര്‍മ്മാതാവ്, രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ പ്രശസ്തനാണ് അദ്ദേഹം. മലയാള സിനിമയിലും അഭിനയിച്ചിട്ടുണ്ട്.
1953 ജനുവരി ഏഴിന് തമിഴ്‌നാട്ടിലെ ഈറോഡ് ജില്ലയിലുള്ള വെള്ളന്‍കോയിലിലായിരുന്നു കെ ഭാഗ്യരാജിന്റെ ജനനം. സംവിധായകന്‍ ഭാരതിരാജയുടെ സഹായിയായിട്ടാണ് ഭാഗ്യരാജ് സിനിമയില്‍ എത്തിയത്. 16 വയതിനിലേ, സിഗപ്പു റോജാക്കള്‍ എന്നീ ചിത്രങ്ങളുടെ തിരക്കഥാ പങ്കാളിയായും ചെറിയ വേഷങ്ങള്‍ ചെയ്തും അദ്ദേഹം ശ്രദ്ധേയനായി. 1979ല്‍ പുറത്തിറങ്ങിയ സുവരില്ലാത്ത ചിത്തിരങ്ങള്‍ ആണ് അദ്ദേഹം ആദ്യമായി സംവിധാനം ചെയ്ത ചിത്രം.
ഇന്ത്യന്‍ സിനിമയിലെ തിരക്കഥകളുടെ രാജാവെന്നാണ് ഭാഗ്യരാജ് അറിയപ്പെടുന്നത്.നടനെന്ന നിലയില്‍ 75ലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. 25ലധികം സിനിമകള്‍ സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. തമിഴിന് പുറമെ ഹിന്ദി, തെലുങ്ക് ഭാഷകളിലും അദ്ദേഹം സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. സിനിമയ്ക്ക് പുറമെ ‘ഭാഗ്യ’ എന്ന തമിഴ് പ്രതിവാര മാസികയുടെ എഡിറ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
മുന്താണൈ മുടിച്ചു എന്ന ചിത്രത്തിലെ അഭിനയത്തിന് ഫിലിംഫെയര്‍ മികച്ച നടനുള്ള പുരസ്‌കാരം അദ്ദേഹത്തിന് ലഭിച്ചു. ദക്ഷിണേന്ത്യന്‍ സിനിമാ ലോകത്തിന് നല്‍കിയ സമഗ്രസംഭാവനകളെ മുന്‍നിര്‍ത്തി 2014-ല്‍ SIIMA ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡും ലഭിച്ചു. നടി പൂര്‍ണിമ ജയറാമാണ് ഭാഗ്യരാജിന്റെ ഭാര്യ. ആദ്യ ഭാര്യ അന്തരിച്ച നടി പ്രവീണയായിരുന്നു. ചലച്ചിത്ര താരം ശന്തനു ഭാഗ്യരാജ് മകനാണ്.
Content Highlights:
Legendary Tamil actor, director, and screenwriter K Bhagyaraj passed away at 73 in Chennai due to a cardiac arrest. Known as the king of scripts, he directed over 25 films and acted in more than 75 movies across multiple languages. He is survived by his wife Poornima and son Shantanu.

