Connect with us

International

നയതന്ത്ര ബന്ധം പുനസ്ഥാപിക്കാൻ സഊദിയും ഇറാനും കരാറിൽ ഒപ്പുവെച്ചു

രണ്ട് മാസത്തിനകം രണ്ട് രാജ്യങ്ങളും അവരുടെ എംബസികൾ തുറക്കാനും തീരുമാനമായി.

Published

|

Last Updated

ബീജിംഗ് | നയതന്ത്ര ബന്ധം പുനസ്ഥാപിക്കാൻ സഊദി അറേബ്യയും ഇറാനും തമ്മിൽ ധാരണയായി. രണ്ട് മാസത്തിനകം രണ്ട് രാജ്യങ്ങളും അവരുടെ എംബസികൾ തുറക്കാനും തീരുമാനമായി. ബീജിംഗിൽ ചൈനയുടെ മധ്യസ്ഥതയിൽ നടന്ന ചർച്ചിലാണ് ഇരു രാജ്യങ്ങളും തമ്മിൽ നയതന്ത്ര ബന്ധം പുനസ്ഥാപിക്കുന്നതിനുള്ള കരാറിൽ ഒപ്പുവെച്ചത്.

ഇരു രാജ്യങ്ങളുടെയും പരമാധികാം പരസ്പരം ബഹുമാനിക്കുകയും ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാതിരിക്കുകയും ചെയ്യുന്നതിനുള്ള വ്യവസ്ഥയും കരാറിലുണ്ട്. കരാർ നടപ്പിലാക്കുന്നതിനും തങ്ങളുടെ അംബാസഡർമാരെ തിരികെ കൊണ്ടുവരുന്നതിനും ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള മാർഗങ്ങൾ ചർച്ച ചെയ്യുന്നതിനുമായി ഇരു രാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രിമാർ തമ്മിലുള്ള ഒരു കൂടിക്കാഴ്ചയ്ക്ക് ഇരുവരും സന്നദ്ധത അറിയിച്ചതായി സഊദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

2001ൽ ഒപ്പുവച്ച സുരക്ഷാ സഹകരണ കരാറും 1998ൽ ഒപ്പുവച്ച വ്യാപാര, സാമ്പത്തിക, നിക്ഷേപ കരാറും സജീവമാക്കാനും റിയാദും ടെഹ്‌റാനും സമ്മതിച്ചു. ഇറാന്റെ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥൻ അലി ഷംഖാനിയും സൗദി അറേബ്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മുസായ്ദ് ബിൻ മുഹമ്മദ് അൽ-ഐബാനുമാണ് കരാറിൽ ഒപ്പുവച്ചത്.

2016ൽ ഇറാനിലെ സൗദി അറേബ്യയുടെ നയതന്ത്ര കാര്യാലയം ആക്രമിക്കപ്പെട്ടതിനു പിന്നാലെയാണ് സൗദി ഇറാനുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ചത്. ബന്ധം പുനസ്ഥാപിക്കുന്നതിനായി ഇരുരാജ്യങ്ങളും ഏറെ നാളായി ചർച്ചകൾ തുടരുകയായിരുന്നു.