Connect with us

Articles

മുറിപ്പാടുകള്‍ തലോടുന്നതിലെ സംഘ്പരിവാര്‍ ‘സുഖങ്ങള്‍'

മനുഷ്യകുലം കണ്ട ഏറ്റവും വലിയ പലായനങ്ങളുടെയും ക്രൂരതകളുടെയും ചരിതം കൂടിയാണല്ലോ 1947ലെ വിഭജനം. സ്വാതന്ത്ര്യം പ്രഖ്യാപിച്ചതിന്റെ രണ്ട് ദിവസത്തിന് ശേഷം ഇന്ത്യയെന്നും പാക്കിസ്ഥാനെന്നും നിര്‍ണയിച്ച് വരച്ച റാഡ്ക്ലിഫ് ലൈനിന് അപ്പുറത്തും ഇപ്പുറത്തുമായി അഭയാര്‍ഥികളായത് ഒന്നരക്കോടിപ്പേരാണ്. ആ ദുരിത കാലത്തെക്കുറിച്ചുള്ള ഓര്‍മ, മനുഷ്യനെ കൂടുതല്‍ മനുഷ്യത്വമുള്ളവനാക്കേണ്ടതാണെന്നതില്‍ തര്‍ക്കമില്ല. പക്ഷേ, അതിന് വേണ്ടിയാണോ ഈ ദിനാചരണമെന്ന സംശയം അസ്ഥാനത്തല്ല.

Published

|

Last Updated

രാജ്യ വിഭജനത്തിന്റെ ഭീകരാനുഭവങ്ങളെ ഓര്‍ക്കാനൊരു ദിനം! ഇനി മുതല്‍ സ്വാതന്ത്ര്യദിനത്തലേന്ന് അങ്ങനെയാണ് ആചരിക്കപ്പെടുക. ആ ആചരണത്തിന് തീരുമാനമെടുത്തതിനെക്കുറിച്ച് സ്വാതന്ത്ര്യ ദിന ഭാഷണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത് ഇങ്ങനെയാണ് – “”രാജ്യ വിഭജനത്തിന്റെ വേദന ഒരിക്കലും മറക്കാനാകില്ല. വെറുപ്പും അക്രമവും ലക്ഷക്കണക്കിന് സഹോദരീ സഹോദരന്മാരെ അഭയാര്‍ഥികളാക്കി, ലക്ഷക്കണക്കിനാളുകള്‍ കൊല്ലപ്പെട്ടു. അവരുടെ ത്യാഗത്തിന്റെയും അതിജീവനപ്പോരാട്ടത്തിന്റെയും ഓര്‍മക്കായി ആഗസ്റ്റ് 14 നീക്കിവെക്കുന്നു. വിവേചനത്തിന്റെയും ശത്രുതയുടെയും വിഷത്തെ ഇല്ലായ്മ ചെയ്യാന്‍ ഈ ദിനം നമ്മളെ പ്രേരിപ്പിക്കും. അതിനൊപ്പം ഐക്യവും സാമൂഹിക സൗഹാര്‍ദവും മനുഷ്യത്വവും ശക്തിപ്പെടുത്തുകയും ചെയ്യും.”
കേള്‍ക്കാന്‍ ഇമ്പമുള്ളതാണ് വാക്കുകള്‍. ഏത് ദുരിതകാലത്തെയും മനുഷ്യന്‍ ഓര്‍ക്കുന്നത് അതിന്റെ പാഠങ്ങളിലൂടെ കൂടുതല്‍ വലിയ മനസ്സിന്റെ ഉടമയാകുക എന്ന ലക്ഷ്യത്തോടെയാകും. അത്തരം ദുരിതങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സ്വയം പാലിക്കേണ്ട മര്യാദകള്‍ ആവര്‍ത്തിച്ചുറപ്പിക്കുന്നതിനുമാകും.

വിവേചനത്തിന്റെയും ശത്രുതയുടെയും വിഷത്തെ ഇല്ലായ്മ ചെയ്ത് സാമൂഹിക സൗഹാര്‍ദവും മനുഷ്യത്വവും ശക്തിപ്പെടുത്താന്‍ പ്രേരകമാകേണ്ട ഓര്‍മ തന്നെയാണ് വിഭജനത്തിന്റേത്. മനുഷ്യകുലം കണ്ട ഏറ്റവും വലിയ പലായനങ്ങളുടെയും ക്രൂരതകളുടെയും ചരിതം കൂടിയാണല്ലോ 1947ലെ വിഭജനം. സ്വാതന്ത്ര്യം പ്രഖ്യാപിച്ചതിന്റെ രണ്ട് ദിവസത്തിന് ശേഷം ഇന്ത്യയെന്നും പാക്കിസ്ഥാനെന്നും നിര്‍ണയിച്ച് വരച്ച റാഡ്ക്ലിഫ് ലൈനിന് അപ്പുറത്തും ഇപ്പുറത്തുമായി അഭയാര്‍ഥികളായത് ഒന്നരക്കോടിപ്പേരാണ്. ജീവന്‍ നഷ്ടമായത് പത്ത് ലക്ഷത്തോളം പേര്‍ക്ക്. എല്ലാ സംഘര്‍ഷങ്ങളിലുമെന്നപോലെ ഇവിടെയും കൊടിയ ക്രൂരതകള്‍ക്കിരയായത് സ്ത്രീകളും കുട്ടികളുമാണ്. കൂട്ട ബലാത്സംഗത്തിനും മറ്റ് ആക്രമണങ്ങള്‍ക്കും ഇരയായി ശിഷ്ടകാലം വേദന തിന്ന് ജീവിക്കേണ്ടി വന്നവര്‍ അനവധി. ആ ദുരിത കാലത്തെക്കുറിച്ചുള്ള ഓര്‍മ, മനുഷ്യനെ കൂടുതല്‍ മനുഷ്യത്വമുള്ളവനാക്കേണ്ടതാണെന്നതില്‍ തര്‍ക്കമില്ല. പക്ഷേ, അതിന് വേണ്ടിയാണോ ഈ ദിനാചരണമെന്ന സംശയം അസ്ഥാനത്തല്ല.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ പാര്‍ട്ടിയുടെയും സമീപ കാല ചരിത്രവും ആ പാര്‍ട്ടിയെ നിയന്ത്രിക്കുന്ന രാഷ്ട്രീയ സ്വയം സേവക് സംഘിന്റെ (ആര്‍ എസ് എസ്) രൂപവത്കരണ കാലം മുതലിന്ന് വരെയുള്ള ചരിത്രവും അങ്ങനെ സംശയിക്കാന്‍ മാത്രമേ പ്രേരിപ്പിക്കുന്നുള്ളൂ. രണ്ട് രാജ്യങ്ങളായി വിഭജിച്ച് സ്വാതന്ത്ര്യം നല്‍കുക എന്ന ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ തീരുമാനവും സ്വാതന്ത്ര്യ സമരത്തിന് നേതൃത്വം നല്‍കിയ കോണ്‍ഗ്രസ്സ് അതിനെ അംഗീകരിച്ചതും ഒന്നോ രണ്ടോ ദിവസം കൊണ്ടുണ്ടായ സംഗതിയല്ല.
കച്ചവടത്തിനെത്തിയ ഈസ്റ്റ് ഇന്ത്യാ കമ്പനി ഇന്ത്യന്‍ ഭൂപ്രദേശത്ത് അധിനിവേശം തുടങ്ങിയതും അത് മുന്നോട്ടുകൊണ്ടുപോയതും ഇവിടുത്തെ ജനതയെ സാമുദായികമായി ഭിന്നിപ്പിച്ചുകൊണ്ടാണ്. ഭിന്നിപ്പിച്ച് ഭരിക്കുക എന്നതായിരുന്നു പില്‍ക്കാലത്ത് ബ്രിട്ടീഷ് അധികാരികള്‍ പിന്തുടര്‍ന്ന നയവും. അതിന്റെ പ്രതിഫലനം സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിലുമുണ്ടായി. സമരത്തെ ഹൈന്ദവ ആഘോഷങ്ങളുമായി ബന്ധിപ്പിച്ചും പ്രസ്ഥാനത്തിന്റെ അമരത്തു നിന്ന് മുസ്‌ലിംകളെ അകറ്റിനിര്‍ത്തിയും അവിശ്വാസത്തിന്റെ അന്തരീക്ഷം സൃഷ്ടിച്ചത്, കോണ്‍ഗ്രസ്സിലെ തന്നെ ഹിന്ദുത്വ വാദികളായിരുന്നു. രണ്ടാം നിരക്കാരായിപ്പോലും അംഗീകരിക്കില്ലെന്ന തോന്നലുണ്ടായപ്പോഴാണ് മുഹമ്മദലി ജിന്നയുടെ നേതൃത്വത്തില്‍ മുസ്‌ലിം ലീഗുണ്ടാകുന്നത്. രണ്ട് രാഷ്ട്രമെന്ന ചിന്തയിലേക്കും അത്തരമൊരു ആവശ്യം പരസ്യമായി ഉന്നയിക്കുന്നതിലേക്കും ലീഗ് എത്തുന്നതിന് മുമ്പ്, ഹിന്ദു മഹാസഭാ നേതാവായ വിനായക് ദാമോദര്‍ സവര്‍ക്കര്‍, രണ്ട് രാഷ്ട്രമെന്ന സിദ്ധാന്തം അവതരിപ്പിച്ചിരുന്നു. ഹിന്ദുക്കളും മുസ്‌ലിംകളുമെന്ന രണ്ട് രാഷ്ട്രങ്ങളുണ്ടെന്നത് അംഗീകരിക്കാന്‍ ഇന്ത്യ തയ്യാറാകണമെന്നായിരുന്നു സവര്‍ക്കറുടെ ന്യായം. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് 1940ല്‍ ലാഹോറില്‍ ചേര്‍ന്ന സമ്മേളനത്തില്‍ മുസ്‌ലിം ലീഗ് പാക്കിസ്ഥാനെന്ന ആശയം ഉയര്‍ത്തുന്നത്.

രണ്ട് രാജ്യങ്ങളായി വിഭജിച്ചുള്ള സ്വാതന്ത്ര്യത്തിനും വിഭജനാനന്തരമുണ്ടായ കൊടിയ ദുരിതങ്ങള്‍ക്കും സമുദായത്തെ ഭിന്നിപ്പിച്ച് അധിനിവേശം തുടങ്ങിയ ഈസ്റ്റ് ഇന്ത്യാ കമ്പനി മുതലിങ്ങോട്ട് പല കാരണങ്ങള്‍. അതൊക്കെയാകുമോ നരേന്ദ്ര മോദി പ്രഖ്യാപിച്ച ദിനാചരണത്തിന്റെ മറവില്‍ പ്രചരിപ്പിക്കപ്പെടുക? ആവില്ല. രാജ്യ വിഭജനത്തിന്റെ ഉത്തരവാദികള്‍ മുസ്‌ലിംകളെന്നാണ് അക്കാലം മുതല്‍ തന്നെയുള്ള പ്രചാരണം. പാക്കിസ്ഥാനിലേക്ക് പൊയ്‌ക്കോളൂ എന്ന് ന്യൂനപക്ഷങ്ങളോട് ബി ജെ പിയുടെയും സംഘ്പരിവാരത്തിന്റെയും നേതാക്കള്‍ ആക്രോശിക്കുന്ന കാഴ്ച നമ്മള്‍ പലകുറി കണ്ടിട്ടുണ്ട്. വിഭജനത്തിന്റെ ഉത്തരവാദികളെന്ന പ്രതിച്ഛായ നിലനിര്‍ത്താനുദ്ദേശിച്ച് കൂടിയാണ് ഈ ആക്രോശം. ഇനിയങ്ങോട്ട് നമ്മള്‍ കേള്‍ക്കാന്‍ പോകുന്ന, കുട്ടികള്‍ പഠിക്കാന്‍ പോകുന്ന ചരിത്രം തന്നെ അത്തരത്തിലാകുമെന്നുറപ്പ്. ഈസ്റ്റ് ഇന്ത്യാ കമ്പനി ഇന്ത്യയില്‍ നടത്തിയത് അധിനിവേശമല്ല ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ അതിര്‍ത്തി വിപുലീകരിക്കലാണെന്ന ചരിത്ര പാഠം രചിക്കുന്നവര്‍, അവര്‍ സമുദായങ്ങള്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കിയെന്നോ ഭിന്നിപ്പിച്ച് ഭരിക്കുകയാണ് ബ്രിട്ടീഷുകാര്‍ ചെയ്തതെന്നോ പഠിപ്പിക്കില്ലല്ലോ!

വെറുപ്പും വിദ്വേഷവും വളര്‍ത്താനുള്ള ഒരവസരവും പാഴാക്കാതിരുന്ന, വര്‍ഗീയ സംഘര്‍ഷങ്ങളും വംശഹത്യാ ശ്രമങ്ങളും ആസൂത്രണം ചെയ്ത് നടപ്പാക്കി തീവ്ര ഹിന്ദുത്വം വളര്‍ത്തിയ സംഘ്പരിവാരം വിഭജനത്തിന്റെ, അതിനെത്തുടര്‍ന്നുണ്ടായ ഭീകരാനുഭവങ്ങളുടെ മുഴുവന്‍ ഉത്തരവാദിത്വവും ഇന്ത്യന്‍ ദേശീയതയോടും മതനിരപേക്ഷ ജനാധിപത്യം വാഗ്ദാനം ചെയ്യുന്ന ഭരണഘടനയോടും കൂറുപുലര്‍ത്തുന്ന ഇവിടുത്തെ മുസ്‌ലിം ജനസാമാന്യത്തിന്റെ ചുമലില്‍ ചാരുകയാകും ചെയ്യുക. 47ലേതു പോലുള്ള വിഭജനത്തിന് വീണ്ടും ശ്രമിക്കുന്നവരായി മുദ്രകുത്താനും. പൗരത്വ നിയമ ഭേദഗതിക്കും ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിനുമൊക്കെ എതിരെ ഉയരുന്ന ശബ്ദങ്ങളില്‍ സമുദായ പ്രാതിനിധ്യം ചൂണ്ടിക്കാണിക്കപ്പെടുമ്പോള്‍ (പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം ചെയ്യുന്നതാരെന്ന് വേഷം നോക്കിയാല്‍ മനസ്സിലാകുമെന്ന് പ്രസംഗിച്ചത് പ്രധാനമന്ത്രി തന്നെയാണ്) വിഭജനത്തിന്റെ ഓര്‍മ ദിനം സംഘ്പരിവാരത്തിന് കൂടുതല്‍ “ഗുണകര’മാകുമെന്ന് ചുരുക്കം.

എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് ഈ പ്രഖ്യാപനം നടത്താന്‍ പ്രധാനമന്ത്രി തീരുമാനിച്ചത്, ഭീകരയാതനകള്‍ അനുഭവിച്ച ലക്ഷക്കണക്കിനാളുകളെക്കുറിച്ചുള്ള ഓര്‍മയുണ്ടാക്കിയ നീറ്റലാണെന്ന് കരുതുന്നത് അബദ്ധമാകും. കാറിനടിയില്‍പ്പെട്ട് പട്ടിക്കുഞ്ഞ് ചത്താല്‍, കാര്‍ യാത്രക്കാരന്‍ എങ്ങനെ ഉത്തരവാദിയാകുമെന്ന് 2002ലെ ഗുജറാത്ത് വംശഹത്യാ ശ്രമത്തെക്കുറിച്ച് പ്രതികരിച്ച വ്യക്തിക്ക് അത്തരമെന്തെങ്കിലും നീറ്റലുണ്ടാകുമെന്ന് കരുതാന്‍ പാകത്തിലുള്ള പശ്ചാത്താപ ലക്ഷണങ്ങളൊന്നും ഇക്കാലം വരെ കണ്ടിട്ടില്ല. ഇപ്പോഴുള്ള ഏറ്റവും അടുത്ത വെല്ലുവിളി ഉത്തര്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പാണ്. 2013ല്‍ സൃഷ്ടിച്ച മുസഫര്‍ നഗര്‍ കലാപത്തിലൂടെ നേടിയെടുത്ത തുടര്‍ വിജയങ്ങളുടെ തുടര്‍ച്ചയുറപ്പാക്കലാണ്. അവിടെ ഇറക്കേണ്ട പുതിയ വിത്തുകളിലൊന്നാണ് ഈ പ്രഖ്യാപനം. ഒരുപക്ഷേ, വരും കാലത്തെ പല തിരഞ്ഞെടുപ്പുകളില്‍ സമര്‍ഥമായി ഉപയോഗിക്കാവുന്ന പുനരുപയോഗ സാധ്യതയുള്ള വിത്ത്. ആ വിത്തിന് വളമാകാന്‍ പാകത്തിലുള്ള വ്യാജങ്ങളുടെ ഉത്പാദനം സംഘ്പരിവാര ഫാക്ടറികളില്‍ ഇതിനകം തന്നെ ഉത്പാദിപ്പിച്ച് തുടങ്ങിയിട്ടുണ്ടാകും. അതിന്റെ കൃത്യസമയത്തുള്ള പ്രയോഗമാകും അടുത്തപടി.

ആകയാല്‍, ഭീകരാനുഭവങ്ങളുടെ ഓര്‍മയില്‍ നീറി, ജനത്തെ കൂടുതല്‍ ശുദ്ധീകരിക്കാനുദ്ദേശിച്ചുള്ള, സാമൂഹിക സൗഹാര്‍ദത്തിലേക്കും മനുഷ്യത്വത്തിലേക്കും അവരെ പ്രേരിപ്പിക്കാനുള്ള ഉപാധിയായിട്ടാകില്ല, വര്‍ഗീയ ധ്രുവീകരണത്തിന് ആഴം കൂട്ടാനുള്ള പുതിയ ആയുധമായിട്ടായിരിക്കും ഈ ദിനത്തെ സംഘ്പരിവാരം തന്നെ ഉപയോഗിക്കുക. സാദത്ത് ഹസന്‍ മണ്ടോയെയോ യശ്പാലിനെയോ വായിച്ചിട്ടുണ്ടാകില്ലല്ലോ അങ്ങും അനുയായികളും.

Latest