National
സമസ്ത സെൻ്റിനറി: എസ് എസ് എഫ് രാജ്യത്ത് 10,000 മോഡൽ വില്ലേജുകൾ സമർപ്പിക്കും
പദ്ധതിയുടെ ഭാഗമായി എക്കോസ് ഓഫ് എംപവർമെന്റ് എന്ന പേരിൽ 27 സംസ്ഥാനങ്ങളിലെ 1000 ഗ്രാമങ്ങൾ എസ് എസ് എഫ് ദേശീയ നേതാക്കൾ സന്ദർശിക്കും
ന്യൂഡൽഹി | സമസ്ത സെൻ്റിനറിയുടെ ഭാഗമായി എസ് എസ് എഫ് ഇന്ത്യ 10,000 മോഡൽ വില്ലേജുകൾ യാഥാർത്ഥ്യമാക്കുന്നു. പദ്ധതിയുടെ ഭാഗമായി എക്കോസ് ഓഫ് എംപവർമെന്റ് എന്ന പേരിൽ 27 സംസ്ഥാനങ്ങളിലെ 1000 ഗ്രാമങ്ങൾ ദേശീയ നേതാക്കൾ സന്ദർശിക്കുമെന്ന് എസ് എസ് എഫ് വ്യക്തമാക്കി. പതിനായിരം ഗ്രാമങ്ങൾ വിദ്യാഭ്യാസ സ്വയംപര്യാപ്തത കൈവരിക്കും. വിദ്യാഭ്യാസ സാമൂഹിക പ്രവർത്തനങ്ങൾക്ക് ആവശ്യമായ സംവിധാനങ്ങളൊരുക്കും. വിദ്യാർത്ഥികളെ വ്യത്യസ്ത വിഭാഗങ്ങളായി ക്രമീകരിച്ച് പരിശീലനങ്ങൾ നൽകും. കൗമാര പ്രായത്തിലെ വിദ്യാർത്ഥികളെ സംഘടിപ്പിച്ച് രാജ്യത്തുടനീളം സ്മൈൽ ക്ലബ്ബുകൾ രൂപീകരിക്കും. കാമ്പസുകൾ കേന്ദ്രീകരിച്ച് വിദ്യാഭ്യാസ പ്രവത്തനങ്ങൾ സംഘടിപ്പിക്കുമെന്നും നേതാക്കൾ അറിയിച്ചു.
സാമൂഹികമായും സാമ്പത്തികമായും ഏറെ പിന്നോക്കം നിൽക്കുന്ന ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ വ്യത്യസ്തമായ പ്രവർത്തനങ്ങളാണ് എസ്എസ്എഫ് ഇന്ത്യക്കു കീഴിൽ സംഘടിപ്പിച്ചു കൊണ്ടിരിക്കുന്നത്. മാനവ വിഭവ ശേഷിയെ കൃത്യമായി ഉപയോഗപ്പെടുത്തി വിദ്യാഭ്യാസ പ്രവർത്തനങ്ങളിലൂടെ സാംസ്കാരിക സമുദ്ധരണമാണ് ഈ പദ്ധതികൾ ലക്ഷ്യം വെക്കുന്നത്.
വിസ്ഡം എഡ്യുക്കേഷൻ ഫൗണ്ടേഷൻ ഓഫ് ഇന്ത്യയുടെ കീഴിൽ നടന്നു വരുന്ന കരിയർ ഓറിയൻ്റേഷൻ പ്രോഗ്രാം, എജുസൈൻ കരിയർ എക്സ്പോ, ലേണിംഗ് ഹബ്ബുകൾ തുടങ്ങിയ വ്യത്യസ്ത വിദ്യാഭ്യാസ പ്രവർത്തനങ്ങളുടെ തുടർച്ചയായാണ് മോഡൽ ഗ്രാമങ്ങൾ യാഥാർത്ഥ്യമാക്കുന്ന ത്. വിദ്യാഭ്യാസ മുന്നേറ്റവും സാമൂഹിക ശാക്തീകരണവും ലക്ഷ്യമിട്ടുള്ള പദ്ധതിയുടെ ആദ്യഘട്ടം 2026 ഫെബ്രുവരി ഒന്നിന് പൂർത്തീകരിക്കും.
പദ്ധതിയുടെ ദേശീയ ഉദ്ഘാടനം ജമ്മു കാശ്മീരിലെ പൂഞ്ചിൽ നടന്നു. എസ് എസ് എഫ് ദേശീയ പ്രസിഡന്റ് സിപി ഉബൈദുല്ല സഖാഫി , ജനറൽ സെക്രട്ടറി ദിൽഷാദ് അഹമ്മദ്, മുസ്‌ലിം ജമാഅത്ത് ദേശീയ ജനറൽ സെക്രട്ടറി അബ്ദുൽ ജലീൽ നിസാമി ഫിലിബിറ്റ്, എസ് എസ് എഫ് ദേശീയ സെക്രട്ടറിമാരായ ശാഫി നൂറാനി, ഫിർദൗസ് സുറൈജി സഖാഫി, ഫസൽ പി വി കാശ്മീർ, ഫരീദ് അഹമ്മദ് അഷ്റഫി പൂഞ്ച് സംബന്ധിച്ചു.
ഫോട്ടോ : ‘എക്കോസ് ഓഫ് എംപവർമെൻ്റ്’ പരിപാടിയുടെ ദേശീയ ഉദ്ഘാടനം ജമ്മു കശ്മീരിലെ പൂഞ്ചിൽ എസ് എസ് എഫ് ദേശീയ പ്രസിഡൻ്റ് സി പി ഉബൈദുല്ല സഖാഫി നിർവഹിക്കുന്നു


