Connect with us

Kerala

ഹാജിമാര്‍ക്ക് നവ്യാനുഭവമായി സ്വലാത്ത് നഗര്‍; സംസ്ഥാന തല ഹജ്ജ് ക്യാമ്പിന് ആയിരങ്ങള്‍

ഹാജിമാരെ സ്വീകരിക്കാനായി വിപുലമായ സൗകര്യങ്ങള്‍ ഒരുക്കിയിരുന്നെങ്കിലും എല്ലാം അപ്രസക്തമാക്കും വിധമായിരുന്നു സ്വലാത്ത്‌നഗറിലേക്കുള്ള ഹാജിമാരുടെ ഒഴുക്ക്. സന്നദ്ധ സേവകരുടെയും നാട്ടുകാരുടെയും മഅ്ദിന്‍ ജീവനക്കാരുടെയും വിദ്യാര്‍ഥികളുടെയും സേവനം ഹാജിമാര്‍ക്ക് ആശ്വാസമായി.

Published

|

Last Updated

മലപ്പുറം | വിശുദ്ധ ഹജ്ജ്-ഉംറ ഉദ്ദേശിച്ചവര്‍ക്കായി മഅ്ദിന്‍ ക്യാമ്പസില്‍ സംഘടിപ്പിച്ച സംസ്ഥാന തല ഹജ്ജ് ക്യാമ്പ് ഹാജിമാര്‍ക്ക് നവ്യാനുഭവമായി. തല്‍ബിയത്തിന്റെ മന്ത്രധ്വനികളും സ്വലാത്തിന്റെ വചനങ്ങളും ഉരുവിട്ട് ആയിരങ്ങളാണ് ക്യാമ്പില്‍ പങ്കെടുത്തത്. രാവിലെ എട്ടിന് പൂപ്പലം അഷ്‌റഫ് സഖാഫിയുടെ സ്വാഗത ഭാഷണത്തോടെ ആരംഭിച്ച പരിപാടിയില്‍ വ്യത്യസ്തങ്ങളായ വിഭവങ്ങളാണ് ഹാജിമാര്‍ക്കായി ഒരുക്കിയത്.

ഹാജിമാരെ സ്വീകരിക്കാനായി വിപുലമായ സൗകര്യങ്ങള്‍ ഒരുക്കിയിരുന്നെങ്കിലും എല്ലാം അപ്രസക്തമാക്കും വിധമായിരുന്നു സ്വലാത്ത്‌നഗറിലേക്കുള്ള ഹാജിമാരുടെ ഒഴുക്ക്. സന്നദ്ധ സേവകരുടെയും നാട്ടുകാരുടെയും മഅ്ദിന്‍ ജീവനക്കാരുടെയും വിദ്യാര്‍ഥികളുടെയും സേവനം ഹാജിമാര്‍ക്ക് ആശ്വാസമായി. 1997 മുതല്‍ മഅദിന്‍ അക്കാദമിയില്‍ സംഘടിപ്പിച്ച് വരുന്ന സംസ്ഥാന തല ഹജ്ജ് ക്യാമ്പ് കോവിഡ് കാരണം കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ സംഘടിപ്പിക്കാന്‍ സാധിച്ചിരുന്നില്ല.

സരളമായ രീതിയില്‍ ഹജ്ജിന്റെ കര്‍മങ്ങളും പ്രായോഗിക വശങ്ങളും വിശദമായി അവതരിപ്പിച്ച കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമിയുടെ നര്‍മം കലര്‍ന്ന ക്ലാസ് ഹാജിമാര്‍ക്ക് ആത്മവിശ്വാസം പകര്‍ന്നു നല്‍കി. ഹജ്ജ് കര്‍മവുമായി ബന്ധപ്പെട്ട ഹാജിമാരുടെ സംശയങ്ങള്‍ക്ക് ഇബ്‌റാഹീം ബാഖവി മേല്‍മുറി മറുപടി നല്‍കി. പിന്നെ ഉച്ച ഭക്ഷണത്തിനും നിസ്‌കാരത്തിനുമായി പിരിഞ്ഞു. സ്ത്രീകള്‍ക്ക് വൂളൂഅ് ചെയ്യാനും നിസ്‌കരിക്കാനുമായി മഅ്ദിന്‍ ഓഡിറ്റോറിയത്തിലും പബ്ലിക് സ്‌കൂളിലുമായി വിപുലമായ സൗകര്യങ്ങളൊരുക്കിയിരുന്നു.

രണ്ടാം സെഷനില്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരിയുടെ മദീനയുടെ ചരിത്രാവതരണവും അനുഭവ വിവരണവും ആവേശത്തോടെയാണ് ക്യാമ്പിലെത്തിയവര്‍ ശ്രവിച്ചത്. ഹജ്ജ് അസി. സെക്രട്ടറി എന്‍. മുഹമ്മദലി, കോര്‍ഡിനേറ്റര്‍ അഷ്‌റഫ് അരയങ്കോട്, മാസ്റ്റര്‍ ട്രൈനര്‍ പി.പി മുജീബ് റഹ്മാന്‍ എന്നിവരുടെ ക്ലാസുകള്‍ ഹാജിമാര്‍ക്കുള്ള സാങ്കേതിക വിഷയങ്ങളിലെ സംശയങ്ങള്‍ക്ക് പരിഹാരമായി.

മലപ്പുറത്തെയും പരിസരത്തെയും വീടുകളില്‍ നിന്നും എത്തിച്ച പലഹാരങ്ങള്‍ക്ക് പുറമെ കഞ്ഞി, പാനീയങ്ങള്‍ എന്നിവ ഇടക്കിടെ വിതരണം ചെയ്തത് ആശ്വാസമായി. നഗരിയിലുടനീളം കുടിവെള്ള സൗകര്യമൊരുക്കിയിരുന്നു. ക്യാമ്പിന്റെ ഉപഹാരമായി ഹജ്ജ് കിറ്റ് സൗജന്യമായി നല്‍കി. വിദൂര ദിക്കുകളില്‍ നിന്നുള്ള ഹാജിമാര്‍ തലേ ദിവസം തന്നെ കാമ്പസിലെത്തിയിരുന്നു.

ഹജ്ജിന്റെ കര്‍മങ്ങളും ചരിത്രങ്ങളും അനുഭവങ്ങളും സരളമായും ഗഹനമായും പ്രതിബാധിക്കുന്ന ഖാലിദ് സഖാഫി സ്വലാത്ത് നഗര്‍ രചിച്ച ഹജ്ജ്-ഉംറ പുസ്തകം ഹാജിമാര്‍ക്ക് മുതല്‍കൂട്ടായി. ഹജ്ജിനുള്ള ഒരുക്കം മുതല്‍ യാത്രയുടെ അവസാനം വരെ തീര്‍ത്ഥാടകര്‍ക്ക് ഗൈഡായി ഉപകാരപ്പെടുന്ന വിവരങ്ങളാണ് ഉള്ളടക്കം. കര്‍മങ്ങളും ചരിത്ര പ്രദേശങ്ങളും വിശദീകരിക്കുന്ന ഗ്രന്ഥത്തില്‍ സാധാരണക്കാര്‍ക്ക് എളുപ്പത്തില്‍ മനസിലാക്കാനും ചൊല്ലാനും ഉതകുന്ന ദിക്ര്‍ ദുആകളും ചരിത്രവിവരണവും അനുഭവ സമ്പത്തും മുന്നൂറ്റി നാല് പുറങ്ങളുള്ള പുസ്തകത്തെ ധന്യമാക്കുന്നു.

സമാപന വേദിയില്‍ മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി സാദാത്ത് അക്കാദമി, യതീംഖാന വിദ്യാര്‍ത്ഥികള്‍, മുതഅല്ലിമുകള്‍, ഹാഫിളുകള്‍ തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ നടത്തിയ പ്രാര്‍ത്ഥനക്ക് ഹാജിമാര്‍ കണ്ഠമിടറിയാണ് ആമീന്‍ പറഞ്ഞത്. യാത്രയിലും വിശുദ്ധ ഭൂമിയിലും നമുക്ക് തുണയാവുക അല്ലാഹുവിനോടുള്ള തേട്ടവും അവന്റെ അനുഗ്രഹവുമാണെന്ന ഖലീല്‍ തങ്ങളുടെ ഉദ്‌ബോധനം നെഞ്ചിലേറ്റിയാണ് അല്ലാഹുവിന്റെ അതിഥികള്‍ മഅ്ദിന്‍ ക്യാമ്പസില്‍ നിന്ന് തിരിച്ചു പോയത്.