Uae
അബൂദബിയിൽ പുതിയ തൊഴിൽ നിയമം
സർക്കാർ ജീവനക്കാർക്ക് ഇനി 'മെറിറ്റ്' അടിസ്ഥാനത്തിൽ സ്ഥാനക്കയറ്റം
അബൂദബി|അബൂദബിയിലെ സർക്കാർ ജീവനക്കാർക്കായി സമഗ്രമായ പുതിയ മാനവശേഷി നിയമം പ്രഖ്യാപിച്ചു. ഇന്ന് മുതൽ നിയമം പ്രാബല്യത്തിൽ വരും. സർവീസിലെ പഴക്കത്തേക്കാൾ ഉപരിയായി കഴിവിനും പ്രകടനത്തിനും മുൻഗണന നൽകുന്നതാണ് പുതിയ നിയമം. 25,000-ത്തിലധികം ജീവനക്കാർക്ക് ഇതിന്റെ ഗുണം ലഭിക്കും. സ്ഥാനക്കയറ്റത്തിനും ആനുകൂല്യങ്ങൾക്കും ജീവനക്കാരുടെ മികവായിരിക്കും ഇനി മുതൽ അടിസ്ഥാനം.
മികച്ച പ്രകടനം കാഴ്ചവെക്കുന്നവർക്ക് നീണ്ട സേവന കാലയളവ് നോക്കാതെ തന്നെ വേഗത്തിൽ സ്ഥാനക്കയറ്റം ലഭിക്കും. മികവ് തെളിയിക്കുന്ന പുതിയ ബിരുദധാരികൾക്ക് പ്രൊബേഷൻ കാലയളവ് കുറച്ചുകൊടുക്കാനും നിയമത്തിൽ വ്യവസ്ഥയുണ്ട്. സർക്കാർ ജോലി നിലനിർത്തിക്കൊണ്ട് തന്നെ സ്വന്തമായി സംരംഭങ്ങൾ തുടങ്ങാൻ ജീവനക്കാർക്ക് അവധി നൽകും. പിതൃത്വ അവധി ഇരട്ടിയാക്കി. മാതൃത്വ അവധിയിൽ കൂടുതൽ ഇളവുകൾ നൽകും. ജീവനക്കാരുടെ കുടുംബ ക്ഷേമം ഉറപ്പാക്കാൻ ഫ്ലെക്‌സിബിൾ വർക്ക്, റിമോട്ട് വർക്ക് തുടങ്ങിയ സൗകര്യങ്ങളും ഏർപ്പെടുത്തും.
നൈപുണ്യ വികസനം: നിർമിത ബുദ്ധി (എ ഐ), സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിലെ വിദഗ്ധരെ ആകർഷിക്കാനും ജീവനക്കാർക്ക് പരിശീലനം നൽകാനും പദ്ധതിയുണ്ട്. ഭിന്നശേഷിക്കാർക്ക് അനുയോജ്യമായ തൊഴിൽ അന്തരീക്ഷം ഉറപ്പാക്കും.
ഡിപ്പാർട്ട്മെന്റ് ഓഫ് ഗവൺമെന്റ് എമ്പവർമെന്റ് ആണ് നിയമം തയ്യാറാക്കിയത്. 2027-ഓടെ പൂർണമായും എ ഐ അധിഷ്ഠിത സർക്കാർ സംവിധാനം എന്ന ലക്ഷ്യത്തിലേക്കുള്ള ചുവടുവെപ്പാണിതെന്ന് അധികൃതർ വ്യക്തമാക്കി.




