Connect with us

Uae

സാഹ്നി കള്ളപ്പണ ഇടപാട് നടത്തിയത് രാജ്യാന്തര മയക്കുമരുന്ന് കള്ളക്കടത്ത് സംഘവുമായി

ബിറ്റ്‌കോയിനിലൂടെ വലിയ തോതിൽ അന്താരാഷ്ട്ര തലത്തിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നിരുന്നുവെന്ന് അന്വേഷണ ഏജൻസി കണ്ടെത്തിയിരുന്നു.

Published

|

Last Updated

ദുബൈ| കുവൈത്തിൽ ജനിച്ച ഇന്ത്യൻ വ്യവസായി അബു സബാഹ് എന്ന ബൽവീന്ദർ സിംഗ് സാഹ്നിക്ക് കള്ളപ്പണ ഇടപാട് കേസിൽ കോടതി 15 കോടി ദിർഹം പിഴ ശിക്ഷ വിധിച്ചത് രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയ്ക്ക് ഭീഷണിയായ വെളിച്ചത്തിൽ. ബിറ്റ്‌കോയിനിലൂടെ വലിയ തോതിൽ അന്താരാഷ്ട്ര തലത്തിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നിരുന്നുവെന്ന് അന്വേഷണ ഏജൻസി കണ്ടെത്തിയിരുന്നു. രഹസ്യ വിവരത്തെ തുടർന്നായിരുന്നു അന്വേഷണം. മെയിൽ ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി അഞ്ച് വർഷം തടവിനും 500,000 ദിർഹം പിഴക്കും ശിക്ഷിച്ചു. ജയിൽ ശിക്ഷക്ക് ശേഷം നാടുകടത്തൽ നടത്തുമെന്നും വിധിയിൽ വ്യക്തമാക്കി. കേസിൽ ഉൾപ്പെട്ടത് 30 പേർ. അതിൽ സാഹ്നിയും ഉൾപ്പെടുന്നു. 15 കോടി ദിർഹത്തിന്റെ ഇടപാട് നടന്നതായി പ്രോസിക്യൂഷൻ കണ്ടെത്തി. ആ തുക മുഴുവൻ തിരിച്ചടക്കണമെന്നാണ് ദുബൈ അപ്പീൽ കോടതി വിധി.

കോർട്ട് ഓഫ് കാസേഷനിൽ വിധിക്കെതിരെ അപ്പീൽ നൽകാൻ സാഹ്നിക്ക് അവകാശമുണ്ട്. ആളുടെ ബിസിനസ്സ് രീതികളെക്കുറിച്ച് കഴിഞ്ഞ വർഷം ഡിസംബറിൽ ഒരു ക്രിമിനൽ അന്വേഷണം ആരംഭിച്ചതായും 2018 ഒക്ടോബർ മുതൽ 2019 ജനുവരി വരെ ബിറ്റ്‌കോയിൻ ഉപയോഗിച്ച് നിയമവിരുദ്ധ സാമ്പത്തിക പ്രവർത്തനങ്ങളുടെ ഒരു ശൃംഖല കണ്ടെത്തിയതായും പ്രോസിക്യൂഷൻ കണ്ടെത്തി. ഗൂഢാലോചന കേന്ദ്രത്തിൽ 30 വ്യക്തികളെ കണ്ടെത്തി.യുകെയിലെ സംഘടിത കുറ്റകൃത്യ ഗ്രൂപ്പുകളുമായി സഹകരിച്ചാണ് പ്രതികൾ പണം വെളുപ്പിച്ചതെന്ന് രേഖകൾ കാണിക്കുന്നു.

യുകെ ആസ്ഥാനമായുള്ള മയക്കുമരുന്ന് കടത്തുകാരുടെ ഉടമസ്ഥതയിലുള്ള ഏകദേശം 18 കോടി ദിർഹത്തിന്റെ ഫണ്ടുകൾ ബിറ്റ്‌കോയിൻ വഴി സാഹ്നിയുടെ ഉടമസ്ഥതയിലുള്ള അഞ്ച് ഡിജിറ്റൽ വാലറ്റുകളിലേക്ക് മാറ്റി.ഈ ഫണ്ടുകൾ പിന്നീട് സാഹ്നിക്ക് വേണ്ടി ജോലി ചെയ്യുന്ന മറ്റ് പ്രതികൾ പണമാക്കി മാറ്റി, ഹോട്ടലിലെ വാടക അപ്പാർട്ട്‌മെന്റിൽ കൈമാറി. തുടർന്ന് സാഹ്നി പണത്തിന്റെ നാല് ശതമാനം ലാഭമായി കുറക്കുകയും അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള മൂന്ന് കമ്പനികളുടെ അക്കൗണ്ടുകളിൽ പണം നിക്ഷേപിക്കുകയും ചെയ്തു. അതോറിറ്റി 20 പേരെ അറസ്റ്റ് ചെയ്തു. പത്ത് പേർ ഇപ്പോഴും ഒളിവിലാണ്. കോടതിയിൽ, 30 പേരെയും കുറ്റക്കാരാണെന്ന് കണ്ടെത്തി. ഒന്ന് മുതൽ അഞ്ച് വർഷം വരെ തടവ് ശിക്ഷ ലഭിച്ചു.