Kerala
റാപ്പര്‍ വേടനെതിരായ ആര്‍ എസ് എസ് നേതാവിന്റെ പരാമര്‍ശം; രൂക്ഷ വിമര്‍ശനവുമായി എം വി ഗോവിന്ദന്‍
സംഘ്പരിവാറിന്റെ ന്യൂനപക്ഷ ദളിത് വിരോധത്തിന്റെ ഭാഗമാണ് മധുവിന്റെ പരാമര്‍ശങ്ങള്‍.

തിരുവനന്തപുരം | റാപ്പര്‍ വേടനെതിരെ ജാതി ഭീകരവാദം ആരോപിച്ച ആര്‍ എസ് എസ് നേതാവ് എന്‍ ആര്‍ മധുവിനെ രൂക്ഷമായി വിമര്‍ശിച്ച് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. വേടന്റേത് കലാ ആഭാസമാണെന്ന് പറഞ്ഞ മധുവിന്റെ പരാമര്‍ശം ശുദ്ധവിവരക്കേടാണെന്നും അങ്ങേയറ്റം അപലപനീയമാണെന്നും ഗോവിന്ദന്‍ പറഞ്ഞു.
സംഘ്പരിവാറിന്റെ ന്യൂനപക്ഷ ദളിത് വിരോധത്തിന്റെ ഭാഗമാണ് മധുവിന്റെ പരാമര്‍ശങ്ങള്‍. ഇതിനെ ഒറ്റപ്പെട്ട സംഭവമായി കാണാന്‍ കഴിയില്ലെന്നും സി പി എം സംസ്ഥാന സെക്രട്ടറി അഭിപ്രായപ്പെട്ടു.
വേടന്റെ പാട്ടുകള്‍ ജാതി ഭീകരവാദം പ്രചരിപ്പിക്കുന്നവയാണെന്ന് കൊല്ലം കുണ്ടറ ക്ഷേത്രത്തിലെ പരിപാടിയില്‍ വച്ചാണ് മധു പ്രസംഗിച്ചത്. വളര്‍ന്നു വരുന്ന തലമുറയിലേക്ക് വിഷം കുത്തിവെക്കുന്ന കലാഭാസമാണിതെന്നും വേടന്റെ പിന്നില്‍ രാജ്യത്തെ പിളര്‍ക്കുന്ന സ്വപ്‌നവുമായി നടക്കുന്ന സ്‌പോണ്‍സര്‍മാരുണ്ടെന്നും മധു ആരോപിച്ചു. ആളുകൂടാന്‍ വേടന്റെ പാട്ട് വെക്കുന്നവര്‍ നാളെ അമ്പല പറമ്പില്‍ കാബറെ ഡാന്‍സും വെക്കുമെന്നും മധു പറഞ്ഞു.