Kerala
തിരുവല്ലയില്‍ വീട്ടില്‍ കവര്‍ച്ച; മോഷ്ടാവ് കൊണ്ടുപോയത് 23 പവന്‍ സ്വര്‍ണാഭരണങ്ങളും 65,000 രൂപയും
വിദേശ മലയാളിയായ തോട്ടഭാഗം ഇട്ടുവരുത്തിയില്‍ കുന്നുംപുറത്ത് വീട്ടില്‍ ഷാജി ചാക്കോയുടെ വീട്ടിലാണ് മോഷണം.

തിരുവല്ല | തിരുവല്ലയിലെ തോട്ടഭാഗത്ത് രണ്ടു ദിവസം മുമ്പ് ഗൃഹപ്രവേശം നടന്ന വീട്ടില്‍ നിന്നും 23 പവന്‍ തൂക്കം വരുന്ന സ്വര്‍ണാഭരണങ്ങളും 65,000 രൂപയും കവര്‍ന്നു. വിദേശ മലയാളിയായ തോട്ടഭാഗം ഇട്ടുവരുത്തിയില്‍ കുന്നുംപുറത്ത് വീട്ടില്‍ ഷാജി ചാക്കോയുടെ വീട്ടിലാണ് മോഷണം. ഇന്നലെ പുലര്‍ച്ചയോടെയാണ് വീട്ടുകാര്‍ മോഷണ വിവരം അറിഞ്ഞത്.
വീടിന്റെ പിന്‍വശത്തെ മുറിയുടെ ജനാല കുത്തിത്തുറന്ന് അകത്തു കടന്നാണ് അലമാരയില്‍ ബാഗുകളിലാക്കി സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങളും പണവും മോഷ്ടിച്ചത്. ഇരുമ്പ് അലമാര ജനാലക്കരികിലേക്ക് വലിച്ച് അടുപ്പിച്ച ശേഷം അലമാരയുടെ മുകളില്‍ വെച്ചിരുന്ന താക്കോല്‍ കൈവശപ്പെടുത്തിയായിരുന്നു കവര്‍ച്ച.
ഇന്നലെ രാവിലെ ആറോടെ ഷാജിയുടെ ഭാര്യ ദീപ മുറിയില്‍ എത്തിയപ്പോഴാണ് മോഷണം നടന്നതായി മനസിലാക്കിയത്. ഷാജിയും ഭാര്യ ദീപയും മകളും വീടിന്റെ ഒന്നാം നിലയിലെ മുറിയിലാണ് ഉറങ്ങിയിരുന്നത്. താഴത്തെ നിലയിലെ മുറിയില്‍ ഷാജിയുടെ മാതാപിതാക്കള്‍ ഉണ്ടായിരുന്നു. ഇതിന് സമീപത്തെ മുറിയിലാണ് മോഷണം നടന്നത്. വീടിന്റെ ഒന്നാം നിലയുടെ പോര്‍ട്ടിക്കോയുടെ പുറത്ത് നിന്നുമുള്ള വാതില്‍ കുത്തിത്തുറക്കാനാണ് മോഷ്ടാക്കള്‍ ആദ്യം ശ്രമിച്ചത്. അത് പരാജയപ്പെട്ടപ്പോഴാണ് താഴത്തെ നിലയിലെ മുറിയുടെ ജനാല കുത്തിത്തുറന്ന് മോഷണം നടത്തിയത്.
സംഭവമറിഞ്ഞ് തിരുവല്ല ഡി വൈ എസ് പി. ടി രാജപ്പന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി. രാവിലെ 11 ഓടെ പത്തനംതിട്ടയില്‍ നിന്നുള്ള ഫോറന്‍സിക് സംഘവും തെളിവുകള്‍ ശേഖരിച്ചു. അന്വേഷണം ഊര്‍ജിതമാക്കിയതായി ഡി വൈ എസ് പി പറഞ്ഞു.