From the print
റോഡ് നിയമലംഘനം: പിഴത്തുക 45 ദിവസത്തിനകം അടയ്ക്കണം; നിയമം കർക്കശമാക്കി കേന്ദ്ര ഗതാഗതമന്ത്രാലയം
ഗതാഗത നിയമ ലംഘനങ്ങള്‍ക്കുള്ള പിഴ ശിക്ഷ 79 ശതമാനം പേരും അടയ്ക്കുന്നില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നിയമം കര്‍ക്കശമാക്കാന്‍ കേന്ദ്ര ഗതാഗത മന്ത്രാലയം തീരുമാനിച്ചത്.

പാലക്കാട് | റോഡ് നിയമലംഘനത്തിനുള്ള പിഴ ഒന്നര മാസത്തിനകം അടച്ചില്ലെങ്കിൽ കടുത്ത നടപടി സ്വീകരിക്കാൻ കേന്ദ്ര ഗതാഗതമന്ത്രാലയം. റോഡ് നിയമലംഘനം കണ്ടെത്തിയാല്‍ നിലവിൽ 90 ദിവസത്തിനകം പിഴ അടയ്ക്കാമെന്നാണ്. എന്നാൽ, ഇനി 45 ദിവസത്തിനകം അടച്ചില്ലെങ്കിൽ പിഴത്തുക അടയ്ക്കുന്നത് വരെ വാഹന ലൈസന്‍സ്, വാഹന രജിസ്ട്രേഷന്‍ തുടങ്ങിയ സേവനങ്ങള്‍ തടഞ്ഞുവെക്കാനാണ് കേന്ദ്ര ഗതാഗതമന്ത്രാലയത്തിന്റെ നിര്‍ദേശമെന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതര്‍ വ്യക്തമാക്കി. ഗതാഗത നിയമ ലംഘനങ്ങള്‍ക്കുള്ള പിഴ ശിക്ഷ 79 ശതമാനം പേരും അടയ്ക്കുന്നില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നിയമം കര്‍ക്കശമാക്കാന്‍ കേന്ദ്ര ഗതാഗത മന്ത്രാലയം തീരുമാനിച്ചത്.
യൂനിഫോമിലുള്ള പോലീസ് ഉദ്യോഗസ്ഥര്‍ക്കോ സംസ്ഥാന സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥര്‍ക്കോ ആണ് ഗതാഗത നിയമലംഘനങ്ങള്‍ക്ക് പിഴ ഈടാക്കാന്‍ അധികാരമുള്ളതെന്നും ഉത്തരവിലുണ്ട്്. ഇത്തരം ചെലാനുകള്‍ നേരിട്ടാണെങ്കില്‍ 15 ദിവസത്തിനുള്ളിലും ഇലക്ട്രോണിക്സ് രൂപത്തിലാണെങ്കില്‍ മൂന്ന് ദിവസത്തിനുള്ളിലും കുറ്റക്കാരന് കൈമാറണം.
ചുമത്തപ്പെട്ട ലംഘനങ്ങളില്‍ ആക്ഷേപമുണ്ടെങ്കില്‍ ഇക്കാര്യം 45 ദിവസത്തിനകം ബന്ധപ്പെട്ട അധികാരികളെ അറിയിക്കണം. അല്ലെങ്കില്‍ കുറ്റം സമ്മതിച്ചതായി കണക്കാക്കും. ആക്ഷേപം അറിയിച്ച് 30 ദിവസത്തിനുള്ളില്‍ അധികൃതര്‍ക്ക് പരിഹാരം കാണാന്‍ കഴിഞ്ഞില്ലെങ്കില്‍ പിഴശിക്ഷയില്‍ നിന്ന് ഒഴിവാക്കാനുള്ള വ്യവസ്ഥയും പുതിയ ഉത്തരവിലുണ്ട്്.
കൃത്യസമയത്ത് പിഴ അടയ്ക്കാത്ത വാഹനങ്ങളുടെ വിവരങ്ങൾ വാഹന്‍, സാരഥി പോര്‍ട്ടലുകളില്‍ പ്രത്യേകം രേഖപ്പെടുത്തും. മാത്രമല്ല, ഇത്തരം വാഹനങ്ങള്‍ നിരത്തിലിറക്കാന്‍ അനുവദിക്കില്ല. ഇതോടെ പിഴ അടയ്ക്കാൻ നിയമലംഘകര്‍ നിർബന്ധിതരാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതര്‍ അറിയിച്ചു.