Connect with us

International

ഡോ. അഹ്‍മദ് ഉമര്‍ ഹാശിം അന്തരിച്ചു

അല്‍ അസ്ഹര്‍ യൂനിവേഴ്സിറ്റിയുടെ ദീര്‍ഘകാല ചെയര്‍മാനും ലോകപ്രശസ്ത ഹദീസ് പണ്ഡിതനും പ്രവാചക സ്നേഹ സന്ദേശങ്ങളുടെ പ്രചാരകനുമായിരുന്നു

Published

|

Last Updated

കൈറോ | അല്‍ അസ്ഹര്‍ യൂനിവേഴ്സിറ്റിയുടെ ദീര്‍ഘകാല ചെയര്‍മാനും ലോകപ്രശസ്ത ഹദീസ് പണ്ഡിതനും പ്രവാചക സ്നേഹ സന്ദേശങ്ങളുടെ പ്രചാരകനുമായ ഡോ. അഹ്‍മദ് ഉമര്‍ ഹാശിം അന്തരിച്ചു. 84 വയസ്സായിരുന്നു. ഈജിപ്തിലെ സഖാസീഖിലുള്ള ബനീ ആമിര്‍ ഗ്രാമത്തിലായിരുന്നു അന്ത്യം.

പ്രവാചക പ്രകീര്‍ത്തന കവിതകളടക്കം നിരവധി രചനങ്ങള്‍ നടത്തിയിട്ടുണ്ട്. അല്‍ അസ്ഹര്‍ ഭരണസമിതി അഡൈ്വസര്‍ ബോര്‍ഡ് അംഗം, ഈജിപ്ത് ഫത്വാ കൗണ്‍സില്‍ അംഗം, ഗ്രാന്‍ഡ് ഉലമാ സുപ്രീം കൗണ്‍സില്‍ അംഗം, സൂഫീ അസ്സോസിയേഷന്‍ രക്ഷാധികാരി തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു. ഈജിപ്തിലെ ആത്മീയ അനുസ്മരണ സംഗമങ്ങളിലെയും അശ്അരീ പണ്ഡിത ക്യാമ്പുകളിലെയും മുഖ്യപ്രഭാഷകനുമായിരുന്നു. ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുമായി അടുത്ത ബന്ധം പുലര്‍ത്തി. ദുബൈ സര്‍ക്കാറിന്റെ 2022ലെ ദുബൈ ഹോളി ഖുര്‍ആന്‍ അവാര്‍ഡിന് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

സി മുഹമ്മദ് ഫൈസി, പി കെ എം ബാഖവി അണ്ടോണ, പി എം കെ ഫൈസി, ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, ഡോ. അബ്ദുല്‍ ഹകീം അസ്ഹരി, തറയിട്ടാല്‍ ഹസന്‍ സഖാഫി തുടങ്ങിയവര്‍ 1993ലെ അല്‍ അസ്ഹര്‍ യൂനിവേഴ്സിറ്റിയുടെ പ്രബോധക പരിശീലന കോഴ്സില്‍ അദ്ദേഹത്തിന്റെ ശിഷ്യന്മാരാണ്.

വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ജാമിഉല്‍ അസ്ഹറില്‍ നടന്ന മയ്യിത്ത് നിസ്‌കാരത്തിന് ശൈഖുല്‍ അസ്ഹര്‍ ഡോ. അഹ്മദ് ത്വയ്യിബ് നേതൃത്വം നല്‍കി. നിര്യാണത്തില്‍ ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എപി അബൂബക്കര്‍ മുസ്്‌ലിയാര്‍, കേരള മുസ്‍ലിം ജമാഅത്ത് ജനറൽ സെക്രട്ടറി സയ്യിദ് ഇബ്റാഹീം ഖലീൽ അൽ ബുഖാരി എന്നിവർ അനുശോചിച്ചു.

Latest