From the print
ദര്‍ഗകള്‍ക്കെതിരായ പ്രസംഗം: കെ എം ഷാജിക്കെതിരെ വിമര്‍ശം ശക്തം
വിവാദമാകുന്നത് മന്ത്രിമാരും ജനപ്രതിനിധികളും ദര്‍ഗയില്‍ തുണി (ചാദര്‍) വിരിക്കുന്നതിനെതിരെ മുസ്‌ലിം ലീഗ് നേതാവ് കെ എം ഷാജി നടത്തിയ പ്രസംഗം

കോഴിക്കോട് | മന്ത്രിമാരും ജനപ്രതിനിധികളും ദര്‍ഗയില്‍ തുണി (ചാദര്‍) വിരിക്കുന്നതിനെതിരെ മുസ്‌ലിം ലീഗ് നേതാവ് കെ എം ഷാജി നടത്തിയ പ്രസംഗം കൂടുതല്‍ ചര്‍ച്ചയാകുന്നു. അജ്മീരിലെ ഖാജാ മുഈനുദ്ദീന്‍ ചിശ്തിയുടെ ദര്‍ഗയിലുൾപ്പെടെ ഇന്ത്യന്‍ ഭരണാധികാരികളും ലോക നേതാക്കളുമടക്കം വിവിധ കാലങ്ങളില്‍ ചാദര്‍ വിരിക്കാറുണ്ടെന്നിരിക്കെ, ഇതിനെതിരെ ഒരു മുസ്‌ലിം ലീഗ് നേതാവിന്റെ ഭാഗത്ത് നിന്നുയര്‍ന്ന പരാമര്‍ശമാണ് പ്രതിഷേധത്തിനിടയാക്കുന്നത്.
പാരമ്പര്യ സുന്നി മുസ്‌ലിംകള്‍ ആദരവോടെ കാണുന്നതാണ് മഹാത്മാക്കളുടെ അന്ത്യവിശ്രമ കേന്ദ്രങ്ങളായ ദര്‍ഗകളും മഖ്ബറകളും. ഇതിനെതിരെ നിലപാട് സ്വീകരിക്കുന്നവരാണ് വഹാബികള്‍. തങ്ങള്‍ക്ക് സ്വാധീനമുള്ള മേഖലകളില്‍ വഹാബി തീവ്രനിലപാടുകാര്‍ മഖ്ബറകള്‍ തകര്‍ക്കുകയും ചെയ്യാറുണ്ട്. പുണ്യസ്ഥലങ്ങളോടുള്ള ഈ വഹാബി നിലപാടിന്റെ തുടര്‍ച്ചയായാണ് ഷാജിയുടെ പ്രസംഗം വിലയിരുത്തപ്പെടുന്നത്.
ദുബൈ കെ എം സി സി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുന്നതിനിടെയായിരുന്നു ഷാജിയുടെ വിവാദ പരാമര്‍ശം. കൊല്ലം കരുനാഗപ്പള്ളിയില്‍ മാതാ അമൃതാനന്ദമയിയെ മന്ത്രി സജി ചെറിയാന്‍ ആശ്ലേഷിച്ചതിനും മുത്തം നല്‍കിയതിനുമെതിരെയാണ് ഷാജി പറഞ്ഞുതുടങ്ങിയതെങ്കിലും അവസാനം കത്തിക്കയറിയത് ദര്‍ഗയിലേക്കാണ്. മാതാ അമൃതാനന്ദമയിയെയും ദര്‍ഗകളെയും ഒരേ നിലയില്‍ പരാമര്‍ശിച്ചുകൊണ്ടായിരുന്നു പ്രസംഗം.
ദര്‍ഗകളില്‍ തുണി വിരിക്കുന്നത് മന്ത്രിമാര്‍ക്ക് യോജിച്ച പണിയല്ലെന്നായിരുന്നു ഷാജിപറഞ്ഞത്. പ്രധാനമന്ത്രിമാരായ ജവഹര്‍ലാല്‍ നെഹ്‌റു, ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി, നരസിംഹ റാവു, അടല്‍ ബിഹാരി വാജ്‌പയി, മന്‍മോഹൻ സിംഗ്, നരേന്ദ്ര മോദി എന്നിവര്‍ നേരിട്ടോ പ്രതിനിധികള്‍ വഴിയോ രാജ്യത്തെ പ്രധാന മഖ്ബറയായ അജ്മീര്‍ ദര്‍ഗയില്‍ വിവിധ കാലങ്ങളിലായി തുണി വിരിച്ചിട്ടുണ്ടെന്നത് ചരിത്ര വസ്തുതയാണ്. കൂടാതെ, കേന്ദ്ര മന്ത്രി കിരണ്‍ റിജ്്്ജു ഈ വര്‍ഷം ജനുവരി നാലിനാണ് അജ്മീറിലെത്തി ചാദര്‍ വിരിച്ചത്. അനുഗ്രഹവും ആശ്വാസവും തേടിയാണ് താന്‍ അജ്മീറിലെത്തിയതെന്നും ദര്‍ഗയില്‍ ചാദര്‍ വിരിച്ചെന്നും അദ്ദേഹം തന്നെ എക്‌സില്‍ കുറിച്ചിരുന്നു.
2015ല്‍ അമേരിക്കന്‍ പ്രസിഡന്റ്ബരാക് ഒബാമക്ക് വേണ്ടിയും തുണി വിരിച്ചിരുന്നു. അജ്മീറിലെ 715ാമത് ഉറൂസിനോടനുബന്ധിച്ച് പാക് ഹൈക്കമ്മീഷണര്‍ ചാദര്‍ നല്‍കിയിരുന്നു. അഫ്ഗാന്‍ പ്രസിഡന്റ്്അശ്റഫ് ഗനിയും ഇത്തരത്തില്‍ തുണി സമര്‍പ്പിച്ചിട്ടുണ്ട്. കൂടാതെ, പാകിസ്ഥാനിലെ ഹസ്‌റത്ത് ബാബാ ഫരീദ് ദർഗയിലേക്ക് എത്രയോ തവണ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ചാദറും പുഷ്പങ്ങളും അയച്ചിട്ടുണ്ടെന്നതും പലരും ചൂണ്ടിക്കാട്ടുന്നു.
ഇത്തരത്തില്‍ വര്‍ഷങ്ങളായി ലോക ഭരണാധികാരികള്‍ ആദരവോടെ കാണുന്ന ദര്‍ഗകളെ ആള്‍ദൈവങ്ങളോട് ഉപമിച്ച് ദര്‍ഗകളെ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്ന വിശ്വാസികളെയും ഭരണാധികാരികളെയും തള്ളിപ്പറയുന്ന ഷാജിയുടെ സമീപനത്തിനെതിരെയാണ് സാമൂഹിക മാധ്യമങ്ങളില്‍ ശക്തമായ വിമര്‍ശമുയരുന്നത്.
മുജാഹിദ് വിശ്വാസം ഒളിച്ചുകടത്താനുള്ള ശ്രമമാണ് കെ എം ഷാജിയുടേതെന്ന് ഇ കെ വിഭാഗം നേതാവ് ഹമീദ് ഫൈസി അമ്പലക്കടവ് കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ വ്യക്തമാക്കിയിരുന്നു.