Connect with us

National

പരിസ്ഥിതി നിയമലംഘനം: ബിഗ് ബോസ് സ്റ്റുഡിയോ സീൽ ചെയ്തു; ഷൂട്ടിംഗ് നിർത്തിവെക്കാൻ ഉത്തരവ്

സ്റ്റുഡിയോയിലെ വിവിധ ഭാഗങ്ങളിൽ നിന്ന് പുറന്തള്ളുന്ന മലിനജലം യാതൊരുവിധ ശുദ്ധീകരണവുമില്ലാതെ തുറസ്സായ സ്ഥലത്തേക്ക് ഒഴുക്കിവിടുന്നത് പരിസരം മലിനമാക്കാൻ കാരണമായെന്ന് കണ്ടെത്തൽ

Published

|

Last Updated

ബെംഗളൂരു | പരിസ്ഥിതി നിയമങ്ങൾ ലംഘിച്ചതിനെ തുടർന്ന് റിയാലിറ്റി ഷോയായ ബിഗ് ബോസ് കന്നഡയുടെ സ്റ്റുഡിയോ കർണാടക സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് സീൽ ചെയ്തു. കിച്ച സുദീപ് അവതാരകനായ പന്ത്രണ്ടാം സീസൺ രണ്ടാമത്തെ ആഴ്ച്ചയിലേക്ക് കടന്നപ്പോഴാണ് നടപടി. പരിസ്ഥിതി നിയമങ്ങൾ പാലിക്കുന്നതുവരെ ഷോയുടെ പ്രവർത്തനങ്ങൾ നിർത്തിവെക്കാനാണ് നിർദേശം.

ബിഡദി ഇൻഡസ്ട്രിയൽ ഏരിയയിലെ ജോളി വുഡ് സ്റ്റുഡിയോസ് & അഡ്വഞ്ചേഴ്സിലെ ബിഗ് ബോസ് സെറ്റിനെതിരെയാണ് കെ എസ് പി സി ബി നടപടിയെടുത്തത്. സ്റ്റുഡിയോ പരിസരം വാട്ടർ (പ്രിവൻഷൻ ആൻഡ് കൺട്രോൾ ഓഫ് പൊല്യൂഷൻ) ആക്ട്, 1974, എയർ (പ്രിവൻഷൻ ആൻഡ് കൺട്രോൾ ഓഫ് പൊല്യൂഷൻ) ആക്ട്, 1981 എന്നിവ പ്രകാരം ആവശ്യമായ ‘സ്ഥാപിക്കുന്നതിനുള്ള അനുമതി’ (Consent for Establishment) ‘പ്രവർത്തനത്തിനുള്ള അനുമതി’ (Consent for Operation) എന്നിവ നേടിയിട്ടില്ലെന്ന് ബോർഡ് ചൂണ്ടിക്കാട്ടി.

സ്റ്റുഡിയോയിലെ വിവിധ ഭാഗങ്ങളിൽ നിന്ന് പുറന്തള്ളുന്ന മലിനജലം യാതൊരുവിധ ശുദ്ധീകരണവുമില്ലാതെ തുറസ്സായ സ്ഥലത്തേക്ക് ഒഴുക്കിവിടുന്നത് പരിസരം മലിനമാക്കാൻ കാരണമായി. സ്റ്റുഡിയോയിൽ 250 കെ എൽ ഡി ശേഷിയുള്ള എസ ടി പി സ്ഥാപിച്ചിട്ടുണ്ടെന്ന് നിർമ്മാണ ടീം അറിയിച്ചെങ്കിലും, പ്ലാന്‍്റ് പ്രവർത്തിക്കുന്നില്ലെന്നും അതിലേക്ക് മലിനജലം എത്തിക്കുന്നതിനുള്ള പ്രധാന ഡ്രെയിനേജ് കണക്ഷനുകൾ സ്ഥാപിച്ചിട്ടില്ലെന്നും പരിശോധനയിൽ കണ്ടെത്തി.

മലിനീകരണ നിയന്ത്രണ ബോർഡിൻ്റെ ഉത്തരവിനെ തുടർന്ന് ഷൂട്ടിംഗ് നിർത്തിവെച്ചു. കെ എസ് പി സി ബി-യുടെ നിർദ്ദേശപ്രകാരം ബി ഇ എസ സി ഓ എം-നോട് വൈദ്യുതി ബന്ധം വിച്ഛേദിക്കാനും രാമനഗര ഡെപ്യൂട്ടി കമ്മീഷണറോട് ജോളി വുഡ് സ്റ്റുഡിയോസ് & അഡ്വഞ്ചേഴ്സ് സീൽ ചെയ്യാനും നിർദ്ദേശിച്ചിട്ടുണ്ട്.

Latest