Connect with us

National

ഹിമാചൽപ്രദേശിൽ ബസിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് 15 മരണം

ബല്ലു പാലത്തിന് സമീപം ഒരു കുന്നിൻ ചെരുവിൽ നിന്നും വലിയ അളവിൽ മണ്ണും പാറകളും ഇടിഞ്ഞുവീണ് ബസിന് മുകളിലേക്ക് പതിക്കുകയായിരുന്നു.

Published

|

Last Updated

ബിലാസ്പൂർ | ഹിമാചൽ പ്രദേശിലെ ബിലാസ്പൂർ ജില്ലയിൽ ബസിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് വൻ ദുരന്തം. അപകടത്തിൽ 15 പേർ മരിച്ചു. നിരവധി യാത്രക്കാർ ബസിനുള്ളിൽ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. രക്ഷാപ്രവർത്തനം ഊർജിതമായി തുടരുകയാണ്.

15 പേർ മരിച്ചതായും മൂന്ന് പേരെ രക്ഷപ്പെടുത്തിയതായും ജില്ലാ ഡെപ്യൂട്ടി കമ്മീഷണർ രാഹുൽ കുമാർ സ്ഥിരീകരിച്ചു. അപകടസമയത്ത് 30-ൽ അധികം ആളുകൾ ബസിലുണ്ടായിരുന്നുവെങ്കിലും കൃത്യമായ എണ്ണം വ്യക്തമല്ലെന്ന് ഡെപ്യൂട്ടി കമ്മീഷണർ അറിയിച്ചു.

ബല്ലു പാലത്തിന് സമീപം ഒരു കുന്നിൻ ചെരുവിൽ നിന്നും വലിയ അളവിൽ മണ്ണും പാറകളും ഇടിഞ്ഞുവീണ് ബസിന് മുകളിലേക്ക് പതിക്കുകയായിരുന്നു. ഇതിന്റെ ആഘാതത്തിൽ ബസ് പൂർണമായും തകർന്നു.

മരോത്തൻ-കലൗൽ റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്. അപകടസ്ഥലത്ത് നിന്നുള്ള ദൃശ്യങ്ങളിൽ, കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ രക്ഷപ്പെടുത്താനായി ജെ സി ബി ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്യുന്നതും ബസിന്റെ തകർന്ന ഭാഗവും കാണാം. പോലീസ്, അഗ്നിശമന സേന, ദുരന്ത നിവാരണ അതോറിറ്റി എന്നിവിടങ്ങളിൽ നിന്നുള്ള സംഘങ്ങൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നുണ്ട്.

ദുരന്തത്തിൽ മുഖ്യമന്ത്രി താക്കൂർ സുഖ്‌വിന്ദർ സിംഗ് സുഖു അനുശോചനം രേഖപ്പെടുത്തി. അദ്ദേഹം സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയും ജില്ലാ ഭരണകൂടവുമായി നിരന്തരം ബന്ധം പുലർത്തുകയും ചെയ്യുന്നുണ്ട്.

കുളുവിലായിരുന്ന ഹിമാചൽ ഉപമുഖ്യമന്ത്രി മുകേഷ് അഗ്നിഹോത്രി ബിലാസ്പൂരിലേക്ക് തിരിച്ചിട്ടുണ്ട്.

Latest