Uae
എഫ് എന്‍ സി മൂന്നാം സമ്മേളനം നാളെ തുടങ്ങും; ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ഉദ്ഘാടനം ചെയ്യും
യു എ ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനു വേണ്ടി വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ഉദ്ഘാടനം ചെയ്യും.
ദുബൈ | ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍ (എഫ് എന്‍ സി) യുടെ 18-ാമത് സമ്മേളനം നാളെ (തിങ്കള്‍) ആരംഭിക്കും. യു എ ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനു വേണ്ടി വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ഉദ്ഘാടനം ചെയ്യും. കിരീടാവകാശികള്‍, ഡെപ്യൂട്ടി ഭരണാധികാരികള്‍, ശൈഖുമാര്‍, സിവില്‍, സൈനിക ഉദ്യോഗസ്ഥര്‍, രാജ്യത്തെ നയതന്ത്ര അംഗങ്ങള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.
തിങ്കളാഴ്ച രാവിലെ അബൂദബിയിലെ കൗണ്‍സില്‍ ആസ്ഥാനത്താണ് ചടങ്ങ് നടക്കുക. ചെയര്‍മാന്‍ സഖര്‍ ഗോബാശിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിനെ സ്വീകരിക്കും. കൗണ്‍സില്‍ മൂന്നാമത്തെ സാധാരണ സമ്മേളനത്തില്‍ നിരീക്ഷകരെ തിരഞ്ഞെടുക്കുകയും സ്ഥിരം കമ്മിറ്റികള്‍ രൂപവച്കരിക്കുകയും ചെയ്യും. പൊതു ബജറ്റ്, സ്വതന്ത്ര ഫെഡറല്‍ സ്ഥാപനങ്ങളുടെ ബജറ്റുകള്‍ എന്നിവയുമായി ബന്ധപ്പെട്ട ഫെഡറല്‍ നിയമത്തിന്റെ കരട് ഉള്‍പ്പെടെയുള്ള സര്‍ക്കാരില്‍ നിന്ന് ലഭിച്ച നിയമങ്ങളുടെ കരടുകളും കൗണ്‍സില്‍ പരിശോധിക്കും.
കൂടാതെ, രാജ്യത്തെ ജനനനിരക്ക് വര്‍ധിപ്പിക്കുന്നതിനുള്ള സര്‍ക്കാരിന്റെ നയം, സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ മേഖലകളിലെ തദ്ദേശീയവത്കരണം, എമിറേറ്റ്സ് ഡെവലപ്‌മെന്റ് ബേങ്ക് എന്നിവയുമായി ബന്ധപ്പെട്ട കൗണ്‍സിലിന്റെ ശിപാര്‍ശകളും അവലോകനം ചെയ്യും. മുതിര്‍ന്ന പൗരന്മാര്‍ക്ക് നല്‍കുന്ന സേവനങ്ങളുടെ ഗുണനിലവാരം വര്‍ധിപ്പിക്കല്‍, ദൃഢനിശ്ചയമുള്ള ആളുകളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തല്‍, വിദ്യാഭ്യാസം, ജോലി എന്നിവയില്‍ അവരെ സംയോജിപ്പിക്കല്‍, സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ മേഖലകളിലെ തദ്ദേശീയവത്കരണം എന്നിവയുമായി ബന്ധപ്പെട്ട മൂന്ന് പൊതു വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് മന്ത്രിസഭ നല്‍കിയ അംഗീകാരവും കൗണ്‍സില്‍ വിലയിരുത്തും.




