Connect with us

Uae

ടി റെക്സ് ഫോസിലുകള്‍, ചന്ദ്രനിലെ പാറക്കല്ല്; അബൂദബി നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയം പൊതുജനങ്ങള്‍ക്കായി തുറന്നു

പ്രപഞ്ചത്തിന്റെ മുഴുവന്‍ ചരിത്രത്തെയും ഉള്‍ക്കൊള്ളുന്ന അമൂല്യ വസ്തുക്കളാല്‍ സമ്പന്നമാണ് മ്യൂസിയം.

Published

|

Last Updated

അബൂദബി | സാദിയാത്ത് കള്‍ച്ചറല്‍ ഡിസ്ട്രിക്ടില്‍ അബൂദബി നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയം പൊതുജനങ്ങള്‍ക്കായി തുറന്നു. പ്രപഞ്ചത്തിന്റെ മുഴുവന്‍ ചരിത്രത്തെയും ഉള്‍ക്കൊള്ളുന്ന അമൂല്യ വസ്തുക്കളാല്‍ സമ്പന്നമാണ് ഈ മ്യൂസിയം. പ്രാരംഭ ആശയം മുതല്‍ അഞ്ച് വര്‍ഷമെടുത്താണ് മ്യൂസിയം പൂര്‍ത്തിയാക്കിയത്.

മ്യൂസിയത്തിലേക്ക് കടക്കുമ്പോള്‍ സന്ദര്‍ശകരെ സ്വാഗതം ചെയ്യുന്നത് ചന്ദ്രനിലെ 45.8 കിലോഗ്രാം ഭാരമുള്ള വലിയ പാറക്കല്ലാണ്. ശക്തമായ പോരാട്ടത്തിലായിരുന്നുവെന്ന് ശാസ്ത്രജ്ഞര്‍ വിശ്വസിക്കുന്ന രണ്ട് യഥാര്‍ഥ ടി റെക്സ് ഫോസിലുകള്‍, വേലിയേറ്റം കുറഞ്ഞ സമയത്ത് കണ്ടല്‍ക്കാടുകള്‍ക്കിടയില്‍ കണ്ടെത്തിയ തിമിംഗലത്തിന്റെ അസ്ഥികൂടം, 750 കോടി വര്‍ഷം പഴക്കമുള്ള ശകലങ്ങള്‍ അടങ്ങിയ ആസ്‌ത്രേലിയന്‍ ഉല്‍ക്ക, 25 മീറ്റര്‍ നീളമുള്ള നീലത്തിമിംഗലത്തിന്റെ യഥാര്‍ഥ തലയോട്ടി തുടങ്ങിയവ മ്യൂസിയത്തിലെ ആകര്‍ഷണങ്ങളാണ്.

‘നക്ഷത്രങ്ങളുടെ ആകാശം’
1971 ഡിസംബര്‍ 16-ന് യു എ ഇ രൂപംകൊണ്ട സമയത്ത് അബൂദബിയിലെ ആകാശത്തെ രാത്രിയുടെ ദൃശ്യമാണ് മറ്റൊരു ആകര്‍ഷണം. സന്ദര്‍ശകര്‍ പ്രതീക്ഷിക്കുന്നതിലും വലുതാണ് മ്യൂസിയത്തിന്റെ വ്യാപ്തി. ‘ഇവിടെ നിരവധി നക്ഷത്രങ്ങളുള്ള ഒരു രാത്രി ആകാശമാണ് ഉള്ളത്.’- മ്യൂസിയം ഡയറക്ടര്‍ പീറ്റര്‍ സി കെജര്‍ഗാര്‍ഡ് പറഞ്ഞു.

മറ്റൊരു ഭാഗത്ത്, 70 ലക്ഷം വര്‍ഷം മുമ്പുള്ള അബൂദബിയുടെ ‘നഷ്ടപ്പെട്ട ലോകങ്ങള്‍’ പുനഃസൃഷ്ടിച്ചിട്ടുണ്ട്. അന്ന് മരുഭൂമിയായിരുന്നില്ല, ധാരാളം ആനകള്‍, കടുവകള്‍, മുതലകള്‍, ജിറാഫുകള്‍ നിറഞ്ഞ ജീവജാലങ്ങളുള്ള ‘സവന്ന’ ഭൂപ്രകൃതിയായിരുന്നു. കാലാവസ്ഥാ മാറ്റം എങ്ങനെയാണ് ആ സവന്നയെ ഇന്നത്തെ മരുഭൂമിയാക്കി മാറ്റിയതെന്നും കെജര്‍ഗാര്‍ഡ് വിശദീകരിച്ചു.

നീലത്തിമിംഗലത്തിന്റെ കൂറ്റന്‍ തലയോട്ടിക്ക് താഴെ, കണ്ടല്‍ക്കാടുകള്‍ക്കിടയില്‍ കണ്ടെത്തിയ ‘ബ്രൈഡ്‌സ് തിമിംഗലത്തിന്റെ’ അസ്ഥികൂടം പ്രദര്‍ശിപ്പിച്ചിരിക്കുന്നു. ഈ തിമിംഗലത്തെ ഗവേഷകരല്ല, മറിച്ച് കണ്ടല്‍ക്കാടുകളിലൂടെ നടന്നുപോയവരാണ് കണ്ടെത്തിയതെന്ന് കെജര്‍ഗാര്‍ഡ് പറഞ്ഞു. കുട്ടികള്‍ക്കായി മ്യൂസിയം ‘ടാര്‍ഡിഗ്രേഡ്’ എന്ന സൂക്ഷ്മജീവിയെ കേന്ദ്രീകരിച്ചുള്ള ഒരു നിധി പ്രദര്‍ശനവും ഒരുക്കിയിട്ടുണ്ട്.

 

Latest