Connect with us

Uae

ദുബൈയില്‍ 'ഇര്‍ഥ് ദുബൈ' പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

ലോകത്തിലെ ഏറ്റവും വലിയ പൈതൃക സംരംഭങ്ങളിലൊന്ന്.

Published

|

Last Updated

ദുബൈ | ദുബൈയുടെ സാംസ്‌കാരിക, സാമൂഹിക പൈതൃകം ആഘോഷിക്കുന്നതിനായി ‘ഇര്‍ഥ് ദുബൈ’ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ദുബൈ കിരീടാവകാശിയും യു എ ഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമാണ് പ്രഖ്യാപനം നടത്തിയത്. പൈതൃകത്തെ ആദരിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ സംരംഭങ്ങളിലൊന്നാണിത്.

‘ഓരോ കുടുംബത്തിനും ഒരു കഥയുണ്ട്, ഓരോ അനുഭവവും ദുബൈയുടെ യാത്രയെ സമ്പന്നമാക്കുന്നു’ എന്ന് ശൈഖ് ഹംദാന്‍ പറഞ്ഞു. ദുബൈയുടെ ചരിത്രത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ഒരു സവിശേഷമായ പാതയാണ് ദുബൈ വരച്ചിടുന്നതെന്നും അദ്ദേഹം പറഞ്ഞു. ദുബൈയിലെ ജനങ്ങള്‍ക്കും ഇവിടെ താമസിച്ച എല്ലാവര്‍ക്കും അവരുടെ കഥകളും അനുഭവങ്ങളും ഇതിലൂടെ പങ്കുവെക്കാനാവും.

പുരസ്‌കാരങ്ങള്‍ക്ക് കമ്മ്യൂണിറ്റി, സര്‍ക്കാര്‍, സ്വകാര്യ മേഖല എന്നിങ്ങനെ രണ്ട് പ്രധാന വിഭാഗങ്ങളുണ്ട്. കമ്മ്യൂണിറ്റി പുരസ്‌കാരങ്ങളില്‍ കുടുംബത്തിന്റെ പൈതൃകം രേഖപ്പെടുത്തുന്നതിനുള്ള മികച്ച കഥ, ദുബൈയുടെ വാക്കാലുള്ള പൈതൃകത്തിന്റെ മികച്ച രേഖ, ഏറ്റവും മികവുറ്റ രീതിയില്‍ സര്‍ഗാത്മകമായി രേഖപ്പെടുത്തിയ കഥ, സാമൂഹികമാധ്യമങ്ങളില്‍ രേഖപ്പെടുത്തിയ മികച്ച കഥ, ദുബൈയിലെ താമസക്കാരന്റെ മികച്ച കഥ എന്നിങ്ങനെ അഞ്ച് വിഭാഗങ്ങളാണുള്ളത്.

സര്‍ക്കാര്‍ സ്ഥാപനത്തിനുള്ള പുരസ്‌കാരം, സ്വകാര്യ സ്ഥാപനത്തിനുള്ള പുരസ്‌കാരം എന്നിവയാണ് മറ്റ് വിഭാഗങ്ങള്‍. ഈ വര്‍ഷം ജനുവരി 15 വരെ പുരസ്‌കാരങ്ങള്‍ക്കായി അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണ്.