National
വിരമിച്ച ശേഷം ഗോത്രവിഭാഗങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാന്‍ ആഗ്രഹം; ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ്
പദവിയില്‍ ഇരിക്കെ ഒരു കേസിലും തനിക്ക് സര്‍ക്കാരില്‍ നിന്ന് സമ്മര്‍ദം ഉണ്ടായിട്ടില്ല
ന്യൂഡല്‍ഹി | വിരമിച്ച ശേഷം ഗോത്രവിഭാഗങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നതായി ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ്. വിരമിക്കലിനുശേഷം ഒരു ഔദ്യോഗിക പദവിയും വഹിക്കില്ലെന്ന കാര്യം നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.
പദവിയില്‍ ഇരിക്കെ ഒരു കേസിലും തനിക്ക് സര്‍ക്കാരില്‍ നിന്ന് സമ്മര്‍ദം ഉണ്ടായിട്ടില്ലെന്ന് വിരമിക്കാനിരിക്കെ ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ് പറഞ്ഞു. ജഡ്ജിമാരെ നിശ്ചയിക്കുന്ന കൊളിജീയത്തിനെതിരെ പല ആരോപണങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ സുതാര്യമായ സംവിധാനമാണിത്. ഹൈക്കോടതി കൊളിജീയത്തിന്റെ അടക്കം റിപ്പോര്‍ട്ട് പരിഗണിച്ചാണ് തീരുമാനം. മികച്ച സംവിധാനമാണിത്. തന്റെ കാലത്ത് സര്‍ക്കാര്‍ തിരിച്ചയച്ച പേരുകള്‍ വീണ്ടും സര്‍ക്കാരിന് നല്‍കി അംഗീകരിപ്പിച്ചിട്ടുണ്ടെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. ജുഡീഷ്യറിയിലെ സ്വജനപക്ഷപാതത്തെക്കുറിച്ചുള്ള ചോദ്യത്തോടും ചീഫ് ജസ്റ്റിസ് പ്രതികരിച്ചു. ഇത്തരം ധാരണ തെറ്റാണ്. 10 അല്ലെങ്കില്‍ 20 ശതമാനത്തില്‍ കൂടുതല്‍ പേര്‍ നിയമിക്കപ്പെടുന്നില്ല. പക്ഷേ അവര്‍ യോഗ്യതയുള്ളവരാണെങ്കില്‍ ഉപേക്ഷിക്കണോയെന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു.
പ്രധാനമന്ത്രി വസതിയില്‍ എത്തിയാല്‍ എന്ന ചോദ്യത്തിന് ‘നോ കമന്റ്‌സ്’ എന്നായിരുന്നു ബി ആര്‍ ഗവായുടെ പ്രതികരണം. ഡി വൈ ചന്ദ്രചൂഡിന്റെ വസതിയില്‍ പ്രധാനമന്ത്രി എത്തിയതുമായി ബന്ധപ്പെട്ടായിരുന്നു ചോദ്യം. രാഷ്ട്രപതിയുടെ റഫറന്‍സുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് നിലപാട് വ്യക്തമാക്കി. ബില്ലുകളില്‍ തീരുമാനം എടുക്കാന്‍ ഗവര്‍ണര്‍മാര്‍ക്ക് സമയപരിധി നല്‍കാന്‍ സുപ്രീം കോടതിക്ക് കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. ഒരോ തര്‍ക്കവും വ്യത്യസ്തമാണ്.
ചില സമയങ്ങളില്‍ രണ്ടോ മൂന്നോ മാസങ്ങള്‍ കൊണ്ട് ഗവര്‍ണര്‍ക്ക് തീരുമാനം എടുക്കാന്‍ കഴിയില്ല. ചില ബില്ലുകളില്‍ ഒരു മാസം മതിയാകും. മറ്റ് ബില്ലുകളില്‍ മൂന്ന് മാസത്തിന് മുകളില്‍ വേണ്ടി വരും. എല്ലാ കേസുകളും ഒരേ രീതിയില്‍ കണക്കിലെടുക്കാന്‍ കഴിയില്ലെന്നും ഗവായ് വിശദമാക്കി.


