National
ഡൽഹി-കൊൽക്കത്ത ദേശീയപാതയിൽ 65 കി മീ നീളത്തിൽ ഗതാഗതക്കുരുക്ക്; നാല് ദിവസമായി വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നു
ആറ് വരിപ്പാതയുടെ നിർമ്മാണം നടക്കുന്നതിനാൽ നിർമ്മാണ കമ്പനി സ്ഥാപിച്ച താൽക്കാലിക വഴിതിരിച്ചുവിടലുകളും സർവ്വീസ് ലൈനുകളും വെള്ളപ്പൊക്കത്തിൽ മുങ്ങിയതാണ് ഗതാഗതക്കുരുക്കിന് കാരണം.

പാറ്റ്ന | ബിഹാറിലെ ഡൽഹി-കൊൽക്കത്ത ദേശീയപാതയിൽ (ദേശീയപാത 19) തുടർച്ചയായ നാല് ദിവസമായി ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നു. റോഹ്താസ് ജില്ലയിൽ വെള്ളിയാഴ്ച പെയ്ത കനത്ത മഴയെത്തുടർന്ന് ദേശീയപാതയിൽ 65 കിലോമീറ്ററോളം ദൂരത്തിലാണ് വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നത്. റോഹ്താസിൽ നിന്ന് ഏകദേശം 65 കിലോമീറ്റർ അകലെയുള്ള ഔറംഗാബാദ് വരെയാണ് ഇപ്പോൾ ഗതാഗതക്കുരുക്ക് നീണ്ടിരിക്കുന്നത്. കിലോമീറ്ററുകൾ താണ്ടാൻ മണിക്കൂറുകൾ വേണ്ടിവരുന്ന സ്ഥിതിയാണ് ഇവിടെ. 24 മണിക്കൂറിനുള്ളിൽ അഞ്ച് കിലോമീറ്റർ മാത്രം സഞ്ചരിക്കാനേ വാഹനങ്ങൾക്ക് കഴിയുന്നുള്ളൂ.
ആറ് വരിപ്പാതയുടെ നിർമ്മാണം നടക്കുന്നതിനാൽ നിർമ്മാണ കമ്പനി സ്ഥാപിച്ച താൽക്കാലിക വഴിതിരിച്ചുവിടലുകളും സർവ്വീസ് ലൈനുകളും വെള്ളപ്പൊക്കത്തിൽ മുങ്ങിയതാണ് ഗതാഗതക്കുരുക്കിന് കാരണം. ഈ റോഡുകളിൽ നിറയെ കുഴികൾ രൂപപ്പെടുകയും വെള്ളക്കെട്ട് ഉണ്ടാകുകയും ചെയ്തതോടെ വാഹനങ്ങൾ തെന്നിമാറുന്നത് പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കി.
ഗതാഗതക്കുരുക്കിൽ കുടുങ്ങിയ യാത്രക്കാരും ലോറി ഡ്രൈവർമാരും കടുത്ത ദുരിതത്തിലാണ്.
“കഴിഞ്ഞ 30 മണിക്കൂറിനുള്ളിൽ ഞങ്ങൾ 7 കിലോമീറ്റർ മാത്രമാണ് സഞ്ചരിച്ചത്. ടോൾ, റോഡ് നികുതി എന്നിവ നൽകിയിട്ടും മണിക്കൂറുകളോളം കുടുങ്ങിക്കിടക്കുകയാണ്. ദേശീയപാത അതോറിറ്റിയോ (എൻ എച്ച് എ ഐ.) പ്രാദേശിക ഭരണകൂടമോ ഇവിടെ തിരിഞ്ഞുനോക്കുന്നില്ല,” എന്ന് കുടുങ്ങിയ ലോറി ഡ്രൈവർമാരിൽ ഒരാളായ പ്രവീൺ സിംഗ് പറഞ്ഞു.
“രണ്ട് ദിവസമായി ഗതാഗതക്കുരുക്കിൽ കുടുങ്ങി. വിശന്നും ദാഹിച്ചും ദുരിതത്തിലാണ്. ഏതാനും കിലോമീറ്ററുകൾ പോലും താണ്ടാൻ മണിക്കൂറുകൾ എടുക്കുന്നു,” മറ്റൊരു ലോറി ഡ്രൈവറായ സഞ്ജയ് സിംഗ് പ്രതികരിച്ചു.
ഈ ഗതാഗതക്കുരുക്ക് വ്യാപാര മേഖലയെയും ബാധിച്ചിട്ടുണ്ട്. അസംസ്കൃത ഭക്ഷ്യവസ്തുക്കൾ കൊണ്ടുപോകുന്ന ഡ്രൈവർമാർ തങ്ങളുടെ സാധനങ്ങൾ കേടാകുമോ എന്ന ആശങ്കയിലാണ്. കാൽനടയാത്രക്കാർ, ആംബുലൻസുകൾ, മറ്റ് അടിയന്തര സേവനങ്ങൾ, വിനോദസഞ്ചാര വാഹനങ്ങൾ എന്നിവയും ഗതാഗതക്കുരുക്കിൽ വലയുകയാണ്.
ഇത്രയും വലിയ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ പ്രാദേശിക ഭരണകൂടത്തിന്റെ ഭാഗത്തുനിന്നോ ദേശീയപാത അതോറിറ്റിയുടെ ഭാഗത്തുനിന്നോ നടപടികൾ ഉണ്ടാകുന്നില്ലെന്ന് ആക്ഷേപമുണ്ട്.