International
സ്ഥിരവും സമഗ്രവുമായ വെടിനിർത്തൽ വേണം; കൈറോ ചർച്ചയിൽ ഉപാധികൾ മുന്നോട്ടുവെച്ച് ഹമാസ്
ഇസ്റാഈൽ സൈന്യം ഗസ്സയുടെ എല്ലാ പ്രദേശങ്ങളിൽ നിന്നും പൂർണ്ണമായും പിൻവാങ്ങണമെന്നും മാനുഷിക-ദുരിതാശ്വാസ സഹായങ്ങൾക്ക് നിയന്ത്രണമില്ലാതെ പ്രവേശനം അനുവദിക്കണമെന്നും ഹമാസ്

കൈറോ | ഗസ്സയിലെ വെടിനിർത്തൽ സംബന്ധിച്ച് ഈജിപ്ത് തലസ്ഥാനമായ കൈറോയിലെ ഷറം അൽ ശൈഖിൽ ചർച്ചകൾ പുരോഗമിക്കുന്നതിനിടെ പ്രധാന ആവശ്യങ്ങൾ വ്യക്തമാക്കി ഹമാസ്. ഗസ്സയിലെ ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റുന്ന ഒരു കരാറിൽ എത്താൻ എല്ലാ പ്രതിബന്ധങ്ങളെയും മറികടക്കാൻ തങ്ങളുടെ പ്രതിനിധി സംഘം ശ്രമിക്കുന്നുണ്ടെന്ന് ഗ്രൂപ്പിന്റെ വക്താവ് ഫൗസി ബർഹൂം പറഞ്ഞു.
സ്ഥിരവും സമഗ്രവുമായ വെടിനിർത്തൽ വേണമെന്നതാണ് ചർച്ചയിൽ ഹമാസ് മുന്നോട്ടുവെച്ച പ്രധാന ഉപാധി. ഇസ്റാഈൽ സൈന്യം ഗസ്സയുടെ എല്ലാ പ്രദേശങ്ങളിൽ നിന്നും പൂർണ്ണമായും പിൻവാങ്ങണമെന്നും മാനുഷിക-ദുരിതാശ്വാസ സഹായങ്ങൾക്ക് നിയന്ത്രണമില്ലാതെ പ്രവേശനം അനുവദിക്കണമെന്നും ഹമാസ് ആവശ്യപ്പെട്ടു. മാറ്റിപ്പാർപ്പിക്കപ്പെട്ട ആളുകൾക്ക് സ്വന്തം വീടുകളിലേക്ക് തിരിച്ചുവരാൻ അവസരം നൽകുക, ഒരു ഫലസ്തീൻ ദേശീയ ടെക്നോക്രാറ്റുകളുടെ സമിതിയുടെ മേൽനോട്ടത്തിൽ പൂർണ്ണമായ പുനർനിർമ്മാണ പ്രക്രിയ ഉടനടി ആരംഭിക്കുക, നീതിയുക്തമായ ഒരു തടവുകാരുടെ കൈമാറ്റ ഉടമ്പടി ഒപ്പുവെക്കുക തുടങ്ങിയ ഉപാധികളും ഹമാസ് മുന്നോട്ടുവെച്ചു.
നേരത്തെ നടന്ന എല്ലാ ചർച്ചകളും ബോധപൂർവം തകർത്തെറിഞ്ഞ നെതന്യാഹു നിലവിലെ ചർച്ചകളെയും തടസ്സപ്പെടുത്താനും പരാജയപ്പെടുത്താനും ശ്രമിക്കുകയാണെന്ന് ബർഹൂം ആരോപിച്ചു. ക്രൂരമായ സൈനിക ശക്തി, പരിധിയില്ലാത്ത പിന്തുണ, ഗസ്സയിലെ ഉന്മൂലന യുദ്ധത്തിലെ പൂർണ്ണമായ അമേരിക്കൻ പങ്കാളിത്തം എന്നിവയുണ്ടായിട്ടും, വിജയത്തിന്റെ ഒരു വ്യാജ ചിത്രം നേടുന്നതിൽ അവർക്ക് വിജയിക്കാൻ കഴിഞ്ഞിട്ടില്ല, ഇനി കഴിയുകയുമില്ല എന്നും ബർഹൂം കൂട്ടിച്ചേർത്തു.
ഗസ്സ വംശഹത്യ രണ്ട് വർഷം പിന്നിട്ട സാഹചര്യത്തിലാണ് സമാധാനത്തിനായി മധ്യസ്ഥ രാജ്യങ്ങളുടെ നേതൃത്വത്തിൽ ചർച്ച പുരോഗമിക്കുന്നത്. ഈജിപ്തും ഖത്തറുമാണ് ചര്‍ച്ചയിലെ പ്രധാന മധ്യസ്ഥര്‍. മിഡില്‍ ഈസ്റ്റിലെ യുഎസിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ്, ട്രംപിന്റെ മരുമകനും ഉപദേഷ്ടാവുമായ ജരേദ് കുഷ്‌നര്‍ എന്നിവരും ചര്‍ച്ചയുടെ ഭാഗമാണ്.
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നോട്ടുവെച്ച 20 ഇന ഗസ്സ സമാധാന പദ്ധതിയുടെ പശ്ചായത്തലത്തിൽ കൂടിയാണ് ഇപ്പോഴത്തെ ചർച്ചകൾ.