Connect with us

National

പ്രതികാരച്ചുങ്കം: ഉത്തേജനം നൽകിയാൽ ആഭ്യന്തര വിപണി സജീവമാക്കാമെന്ന് വിദഗ്ധർ

കയറ്റുമതി മേഖലകളിലെ ആയിരക്കണക്കിന് തൊഴിലാളികളെ പിരിച്ചുവിട്ടേക്കും

Published

|

Last Updated

ന്യൂഡൽഹി | ഇന്ത്യയിലേക്ക് തുണിത്തരങ്ങൾ ഉൾപ്പെടെയുള്ളവയുടെ ഇന്ത്യൻ കയറ്റുമതിക്ക് യു എസ് 50 ശതമാനം നികുതി ഏർപ്പെടുത്തിയത് മേഖലയെ പ്രതികൂലമായി ബാധിക്കുമെങ്കിലും ആഭ്യന്തര വിപണി സജീവമാകുമെന്ന് വിലയിരുത്തൽ. രാജ്യത്തെ ഉപഭോഗം വർധിപ്പിക്കുന്നതിന് ആവശ്യമായ ചില ഉത്തേജക പാക്കേജുകൾ കേന്ദ്രം പ്രഖ്യാപിക്കുകയാണെങ്കിൽ യു എസ് പ്രസിഡന്റ് ഇന്ത്യക്കു മേൽ ചുമത്തിയ പ്രതികാരച്ചുങ്കം കാരണമുള്ള പ്രതിസന്ധി പിടിച്ചുനിർത്താനാകുമെന്നാണ് വിലയിരുത്തുന്നത്.

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ പകുതിയിലധികവും ആഭ്യന്തര ഉപഭോഗം നയിക്കുന്നതിനാൽ ശക്തമായ ഉപഭോക്തൃ വികാരം താരിഫ് ആഘാതം നികത്താൻ സഹായിക്കുമെന്ന് സാമ്പത്തിക വിദഗ്‌ധർ പറയുന്നു. കയറ്റുമതിയെ മാത്രം ആശ്രയിക്കുന്ന വിയറ്റ്നാമിനെയും ജർമനിയെയും പോലെയല്ല ഇന്ത്യയെന്നും ജി ഡി പിയുടെ 21 ശതമാനം മാത്രം സംഭാവന ചെയ്യുന്ന വിഷയമാണ് കയറ്റുമതിയെന്നും ഇവർ പറയുന്നു.

കയറ്റുമതിയേക്കാൾ മറ്റ് രംഗങ്ങളെയാണ് സമ്പദ്‌വ്യവസ്ഥ കൂടുതൽ ആശ്രയിക്കുന്നത്. പ്രതികാരച്ചുങ്കം ഇന്ത്യൻ വിപണിയെ പ്രോത്സാഹിപ്പിക്കാനുള്ള അവസരമായി ഉപയോഗിക്കണമെന്നാണ് ഒരു വിഭാഗം അഭിപ്രായപ്പെടുന്നത്. പണപ്പെരുപ്പം എട്ട് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലായത്, ശക്തമായ വരുമാന വളർച്ച, ആഗോള, ആഭ്യന്തര പ്രതിസന്ധികൾക്കിടയിലും ഉപഭോക്തൃ ഡിമാൻഡ് വർധന തുടങ്ങിയവ വിപണി സജീവമാക്കാൻ അനുകൂല ഘടകങ്ങളാണ്.

അതേസമയം, പ്രതികാരച്ചുങ്കം വ്യവസായ മേഖലയിൽ പെട്ടന്നുള്ള പ്രതിസന്ധിക്ക് ഇടയാക്കുമെന്നുറപ്പാണ്. വസ്ത്രങ്ങൾ, തുണിത്തരങ്ങൾ, രത്‌നങ്ങൾ, ആഭരണങ്ങൾ, ചെമ്മീൻ, പാദരക്ഷകൾ, പരവതാനികൾ തുടങ്ങിയ മേഖലകളിലെ ആയിരക്കണക്കിന് തൊഴിലാളികളെ പിരിച്ചുവിടുന്നതിലേക്ക് നയിച്ചേക്കുമെന്നും വിദഗ്ധർ പറയുന്നു.