Connect with us

Editorial

പ്രതികാരച്ചുങ്കം: ബദൽ സാധ്യമാണ്

ഒരിക്കൽ വഴങ്ങിയാൽ അടുത്ത കളിയിലേക്ക് ട്രംപിസം പ്രവേശിക്കും. വില കുറച്ച് എണ്ണയടക്കം ഇറക്കുമതി ചെയ്യാനുള്ള അവകാശം രാജ്യം ആർക്കും അടിയറ വെക്കേണ്ടതില്ല. ജനബഹുലമായ ഈ രാജ്യത്തിന്റെ മൂല്യം ട്രംപിന് നന്നായറിയാം. ഇന്ത്യ ഇടറാതെ നിന്നാൽ അയയുകയല്ലാതെ അദ്ദേഹത്തിന് മുന്നിൽ വഴിയുണ്ടാകില്ല.

Published

|

Last Updated

ഇന്ത്യക്കെതിരെ ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ച ഇരട്ട പ്രതികാരച്ചുങ്കം നിലവില്‍ വന്നിരിക്കുന്നു. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് നിര്‍ത്തിയില്ലെങ്കില്‍ കൂടുതല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നാണ് ട്രംപ് ഭരണകൂടത്തിലെ ഉന്നതര്‍ ഭീഷണി മുഴക്കുന്നത്. ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിക്ക് മേല്‍ ആദ്യം 25 ശതമാനമാണ് ട്രംപ് പ്രതികാരച്ചുങ്കം ചുമത്തിയിരുന്നത്. പിന്നീടാണ് റഷ്യയെ മുന്‍നിര്‍ത്തിയുള്ള അടുത്ത പ്രഹരം വന്നത്. അങ്ങനെയാണ് പ്രധാന കയറ്റുമതി വസ്തുക്കള്‍ക്കെല്ലാം ഇറക്കുമതിച്ചുങ്കം അമ്പത് ശതമാനത്തിലെത്തിയത്. അമേരിക്കന്‍ പ്രസിഡന്റ് ലോകത്താകെ സൃഷ്ടിക്കുന്ന വ്യാപാര പ്രതിസന്ധിയുടെ ഏറ്റവും വലിയ ഇരയായി ഇന്ത്യ മാറുകയാണ്.

യു എസിന്റെ നേരെ എതിര്‍ദിശയില്‍ നില്‍ക്കുന്നുവെന്ന് വിലയിരുത്തപ്പെടുന്ന ചൈനയോട് പോലുമില്ലാത്ത ശത്രുത ഇന്ത്യക്കെതിരെയുണ്ടാകുന്നതിന്റെ രാഷ്ട്രീയം ആര്‍ക്കും മനസ്സിലാക്കാവുന്നതാണ്. തങ്ങളുടെ കുടുസ്സായ ഭൗമ രാഷ്ട്രീയ താത്പര്യത്തിന് അപ്പുറത്തേക്ക് ആര് സഞ്ചരിച്ചാലും വകവെച്ച് കൊടുക്കില്ലെന്നും ക്രൂരമായ സാമ്പത്തിക നടപടികളിലൂടെ സ്വന്തം വഴിക്ക് കൊണ്ടുവരുമെന്നുമുള്ള പ്രഖ്യാപനമാണ് ട്രംപ് നടത്തുന്നത്. കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗേ പറഞ്ഞത് എത്ര ശരിയാണ്: ‘ശക്തമായ വിദേശനയത്തിന് ശരിയായ വൈദഗ്ധ്യവും തയ്യാറെടുപ്പും വേണം. എന്നാല്‍ താങ്കളുടെ (പ്രധാനമന്ത്രി നരേന്ദ്ര മോദി) ഉപരിപ്ലവമായ വിദേശയനയ ഇടപെടലുകള്‍- പുഞ്ചിരി, കെട്ടിപ്പിടിക്കല്‍, സെല്‍ഫി- ഇന്ത്യക്കാരുടെ താത്പര്യങ്ങള്‍ക്ക് ദോഷം ചെയ്തു’. പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്ര സുഹൃത്തുക്കളും അനുയായികളും ട്രംപിനോടുള്ള സൗഹൃദം ആഘോഷിച്ചതിലെ പൊള്ളത്തരം ഇന്ന് അനാവരണം ചെയ്യപ്പെടുകയാണ്.

ടെക്സ്‌റ്റൈല്‍, തുകല്‍ ഉള്‍പ്പെടെയുള്ള മേഖലകളിലെ കയറ്റുമതിയെയാണ് പ്രധാനമായും ട്രംപത്തം ബാധിച്ചിരിക്കുന്നത്. പുതിയ താരിഫ് കാരണം യു എസിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി 2025 സാമ്പത്തിക വര്‍ഷത്തിലെ 86.5 ബില്യണ്‍ ഡോളറില്‍ നിന്ന് 2026 സാമ്പത്തിക വര്‍ഷത്തില്‍ ഏകദേശം 49.6 ബില്യണ്‍ ഡോളറായി കുറയുമെന്ന് ഗ്ലോബല്‍ ട്രേഡ് റിസര്‍ച്ച് ഇനിഷ്യേറ്റീവ് ചൂണ്ടിക്കാട്ടുന്നു. വസ്ത്രങ്ങള്‍, തുണിത്തരങ്ങള്‍, രത്നങ്ങള്‍, ആഭരണങ്ങള്‍, ചെമ്മീന്‍, പാദരക്ഷകള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന 66 ശതമാനം കയറ്റുമതി സാധനങ്ങളും 50 ശതമാനം താരിഫ് വിഭാഗത്തിലാണ് ഉള്‍പ്പെടുന്നത്. ഓട്ടോ പാര്‍ട്‌സ് ഉള്‍പ്പെടെയുള്ള നാല് ശതമാനം കയറ്റുമതി ഇനങ്ങള്‍ക്ക് 25 ശതമാനമാണ് താരിഫ്. ശേഷിക്കുന്ന 30 ശതമാനം മാത്രമാണ് തീരുവ ഒഴിവാക്കി നല്‍കിയവയില്‍ വരുന്നത്.

ഫാര്‍മസ്യൂട്ടിക്കല്‍ ഉത്പന്നങ്ങളാണ് തീരുവ ഒഴിവാക്കിയവയില്‍ പ്രധാനമായും ഉള്‍പ്പെടുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇന്ത്യയില്‍ നിന്ന് 2.4 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ചെമ്മീനുകളാണ് യു എസിലേക്ക് കയറ്റി അയച്ചിരുന്നത്. ഇത് മൊത്തം ചെമ്മീന്‍ കയറ്റുമതിയുടെ 32.4 ശതമാനമാണെന്നോര്‍ക്കണം. രത്നങ്ങള്‍, ആഭരണങ്ങള്‍ എന്നിവയില്‍ യു എസില്‍ നിന്ന് 10 ബില്യണ്‍ ഡോളറിന്റെ കയറ്റുമതി മൂല്യം നേടി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ യു എസിലേക്കുള്ള ഇന്ത്യയുടെ തുണിത്തരങ്ങളുടെ കയറ്റുമതി 10.8 ബില്യണ്‍ ഡോളറായിരുന്നു. കരകൗശല വസ്തു കയറ്റുമതിയിലും പ്രതിസന്ധി രൂക്ഷമാകും. പ്രതിസന്ധിയുടെ ആഴം വെളിവാക്കി തിരുപ്പൂര്‍, നോയിഡ, സൂറത്ത് എന്നിവിടങ്ങളിലെ കയറ്റുമതി കേന്ദ്രീകൃത തുണിത്തര, വസ്ത്ര, ആഭരണ നിര്‍മാതാക്കള്‍ ഉത്പാദനം നിര്‍ത്തിവെക്കുകയോ മന്ദഗതിയിലാക്കുകയോ ചെയ്തിട്ടുണ്ട്. ഇത് ചില പ്രധാന അനുഭവങ്ങള്‍ മാത്രമാണ്. ട്രംപിന്റെ പ്രതികാരച്ചുങ്ക ആക്രമണം ഉണ്ടാക്കുന്ന ആഘാതത്തിന് എത്രയും ഉദാഹരണങ്ങള്‍ കണ്ടെത്താനാകും.

ഇവിടെ ഇന്ത്യ ദ്വിമുഖ തന്ത്രം പയറ്റേണ്ടിയിരിക്കുന്നു. പ്രതിസന്ധി അവസരമാക്കി മാറ്റാനാകുമെന്ന കേന്ദ്ര ധന മന്ത്രാലയത്തിന്റെ ആത്മവിശ്വാസം പ്രതീക്ഷ പകരുന്നതാണ്. ഇന്ത്യയേക്കാള്‍ നികുതി കുറച്ച് നല്‍കിയ ബംഗ്ലാദേശ്, വിയറ്റ്നാം, ഇന്തോനേഷ്യ, തൂര്‍ക്കിയ, പാകിസ്താന്‍, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങള്‍ യു എസ് വിപണിയിലേക്ക് കടന്നു കയറാന്‍ ശ്രമിക്കും. ഗുണമേന്‍മയില്‍ ഊന്നി ദീര്‍ഘകാല അടിസ്ഥാനത്തില്‍ ഇതിനെ മറികടക്കാന്‍ ഇന്ത്യക്ക് സാധിക്കണം. ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്കുള്ള പെരുമ ഈ ദിശയില്‍ നീങ്ങാന്‍ നമുക്ക് ആത്മവിശ്വാസം പകരുന്നുണ്ട്. മറ്റൊരു തന്ത്രം ബദല്‍ വ്യാപാര ദിശ കണ്ടെത്തുകയെന്നത് തന്നെയാണ്. പ്രാദേശിക വിപണി ഉത്തേജിപ്പിക്കുന്നതിനും പുതിയ വിദേശ കമ്പോളങ്ങള്‍ കണ്ടെത്തുന്നതിനും കേന്ദ്ര സര്‍ക്കാര്‍ നീക്കം നടത്തുന്നുവെന്നാണ് മനസ്സിലാകുന്നത്. തുണിവ്യവസായ മേഖലയിലെ പ്രതിസന്ധി പരിഹരിക്കുന്നതിന് ഇംഗ്ലണ്ട്, മറ്റ് യൂറോപ്യന്‍ രാജ്യങ്ങള്‍, ജപ്പാന്‍, ആസ്ത്രേലിയ ഉള്‍പ്പെടെ 40 രാജ്യങ്ങളിലേക്കുള്ള കയറ്റുമതി ഇന്ത്യ ലക്ഷ്യം വെക്കുന്നുണ്ട്.

ബ്രിട്ടനുമായി ഈയിടെയുണ്ടാക്കിയ സ്വതന്ത്ര വ്യാപാര കരാര്‍ ഈ ഘട്ടത്തില്‍ ഏറെ നിര്‍ണായകമാണ്. ഇ യുവുമായി ചര്‍ച്ചകള്‍ തുടരുന്നുമുണ്ട്. ഇന്ത്യയെ ‘ഉയര്‍ന്ന നിലവാരമുള്ളതും സുസ്ഥിരവും നൂതനവുമായ ഉത്പന്നങ്ങളുടെ വിശ്വസനീയ ഉത്പാദക രാജ്യമായി’ ആഗോള വിപണിയില്‍ പ്രതിഷ്ഠിക്കുകയാകും യഥാര്‍ഥ പരിഹാരം. അത് ഒട്ടും ലളിതമായ പ്രക്രിയയല്ല. അതോടൊപ്പം റഷ്യ, ഇറാന്‍, ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍, ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവയുമായി നിലവില്‍ തുടരുന്ന വ്യാപാര, സൈനിക ബന്ധം അമേരിക്കന്‍ മുഷ്‌കിന് അടിയറവെക്കാതിരിക്കുകയും വേണം. ഒരിക്കല്‍ വഴങ്ങിയാല്‍ അടുത്ത കളിയിലേക്ക് ട്രംപിസം പ്രവേശിക്കും. വില കുറച്ച്, അയവേറിയ വ്യവസ്ഥയില്‍ എണ്ണയടക്കം ഇറക്കുമതി ചെയ്യാനുള്ള അവകാശം രാജ്യം ആര്‍ക്കും അടിയറ വെക്കേണ്ടതില്ല. ജനബഹുലമായ ഈ രാജ്യത്തിന്റെ മൂല്യം ട്രംപിന് നന്നായറിയാം. ഇന്ത്യ ഇടറാതെ നിന്നാല്‍ അയയുകയല്ലാതെ അദ്ദേഹത്തിന് മുന്നില്‍ വഴിയുണ്ടാകില്ല

 

Latest