First Gear
റെനോ ക്വിഡ് ഇവി ഇന്ത്യയിൽ; ടിയാഗോയ്‌ക്ക് വെല്ലുവിളിയാകുമോ?
2026ന്‍റെ തുടക്കത്തിൽ റെനോ ക്വിഡ് ഇവി ഷോറൂമിൽ ഔദ്യോഗികമായി പ്രവേശിക്കും

ബംഗളൂരു | ഇന്ത്യൻ ഇലക്ട്രിക് വാഹന (ഇവി) വിപണി അതിവേഗം വളരുകയാണ്. സാധാരണക്കാരനും താങ്ങാനാകുന്ന വിലയിൽ ഇവി കാറുകൾ പുറത്തിറക്കാനുള്ള ശ്രമത്തിലാണ് നിർമ്മാതാക്കൾ.ടാറ്റ മോട്ടോഴ്‌സ് ടിയാഗോ ഇവിയിൽ ബജറ്റ് കാർ ഇറക്കിയപ്പോൾ എംജി കോമറ്റിനെയാണ് അവതരിപ്പിച്ചത്. ഇപ്പോഴിതാ ബജറ്റ് ഇവി കാറുമായി റെനോയും വരുന്നു. ക്വിഡ് ഇവിയുമായാണ് റെനോയുടെ വരവ്. റെനോ ക്വിഡ് ഇവിയുടെ സ്പൈ ഷോട്ടുകൾ ഇപ്പോൾ ഇന്‍റർനെറ്റിൽ പ്രചരിക്കുന്നുണ്ട്. ക്വിഡ് ഇവി ഇന്ത്യൻ വിപണിയിലെ ഏറ്റവും വിലകുറഞ്ഞ ഇവി ആയിരിക്കുമെന്നാണ് പ്രതീക്ഷ. നിലവിൽ എംജി കോമറ്റും ടാറ്റ ടിയാഗോയുമാണ് വിലകുറഞ്ഞവ.
കുറഞ്ഞത് 225 കിലോമീറ്റർ റേഞ്ച്
റെനോ ക്വിഡ് ഇവിയിൽ 26.8 kWh ബാറ്ററി പായ്ക്ക് ഉണ്ടായിരിക്കുമെന്നാണ് റിപ്പോർട്ട്. ഇത് ഏകദേശം 225 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യും. 65 Hp, 113 Nm എന്നിവ നൽകുന്ന മോട്ടോറാകും വാഹനത്തിന്‍റെ പവർ.ചാർജിംഗ് ഓപ്ഷനുകളിൽ 7 kW AC ചാർജറും 30 kW DC ഫാസ്റ്റ് ചാർജറും ഉൾപ്പെടുന്നു. ഇത് 45 മിനിറ്റിനുള്ളിൽ 20% മുതൽ 80% വരെ ചാർജ് ചെയ്യാൻ അനുവദിക്കും.
സവിശേഷതകൾ
10 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, 7 ഇഞ്ച് ഡിജിറ്റൽ ഡിസ്‌പ്ലേ, എല്ലാ വാതിലുകൾക്കും പവർ വിൻഡോകൾ എന്നിവ ഉണ്ടായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സെഗ്‌മെന്‍റിൽ സാധാരണയായി കാണാത്ത ബാഹ്യ ഉപകരണങ്ങൾക്ക് പവർ നൽകുന്നതിന് ക്രൂയിസ് കൺട്രോൾ, വെഹിക്കിൾ-ടു-ലോഡ് (V2L) പ്രവർത്തനം എന്നിവയും ഇത് വാഗ്ദാനം ചെയ്തേക്കാം.
വിലയും ലോഞ്ച് തീയതിയും
2026ന്‍റെ തുടക്കത്തിൽ റെനോ ക്വിഡ് ഇവി ഷോറൂമിൽ ഔദ്യോഗികമായി പ്രവേശിക്കും.ഏകദേശം 7-8 ലക്ഷം രൂപ എക്സ്-ഷോറൂം വിലയാണ് പ്രതീക്ഷിക്കുന്നത്. എംജി കോമറ്റിനും ടാറ്റ ടിയാഗോയ്‌ക്കും ക്വിഡ് ഇവി വെല്ലുവിളിയാകുമോയെന്ന് കണ്ടറിയാം.