Articles
ബഹുസ്വര സമൂഹത്തിലെ മതവും ആഘോഷവും
അതിരുകളില്ലാതെ പരസ്പരം കയറി മേയുമ്പോഴാണ് വിശ്വാസം വ്രണപ്പെടുന്നതും ശുദ്ധികലശം ആവശ്യമായി വരുന്നതും.

മക്കയില്‍ നിന്ന് മദീനയിലെത്തിയ തിരുനബി (സ) മുഹര്‍റത്തിലെ ആശൂറാഅ്, താസുആഅ് നോമ്പുകളുടെ വിഷയത്തിലായി പറഞ്ഞു: ‘അടുത്ത വര്‍ഷം ഞാനുണ്ടെങ്കില്‍ താസൂആഇനും നോമ്പെടുക്കുക തന്നെ ചെയ്യും’. പറയപ്പെട്ട വര്‍ഷത്തിലെ മുഹര്‍റമായപ്പോഴേക്കും നബി (സ) വിടപറഞ്ഞു എന്നാണ് ചരിത്രം. മദീനയിലെ ജൂതന്മാര്‍ ആശൂറാഇന് നോമ്പനുഷ്ഠിക്കുന്നവരായിരുന്നു. അവരില്‍ നിന്ന് ഒരു വ്യത്യസ്തത കാത്തുസൂക്ഷിക്കാനാണ് തലേ ദിവസം കൂടി വ്രതമനുഷ്ഠിക്കാന്‍ നബി (സ) പഠിപ്പിച്ചത്. ഒമ്പതിന് പറ്റാത്തവര്‍ പതിനൊന്നിനു കൂടി നോമ്പെടുക്കുന്നതും പത്തിന് മാത്രമായി ചുരുക്കാതിരിക്കുന്നതും സുന്നത്താണെന്ന് കര്‍മശാസ്ത്ര ഗ്രന്ഥങ്ങള്‍ വിശദീകരിക്കുന്നുണ്ട്.
ഇസ്‌ലാമിന്റെ ആചാരങ്ങളും അനുഷ്ഠാനങ്ങളും മറ്റു മതങ്ങളുടെ ആചാരങ്ങളോടും അനുഷ്ഠാനങ്ങളോടും കൂടിക്കലരാതെ തനിമയോടെ നിലനില്‍ക്കണമെന്ന മതത്തിന്റെ നിലപാടാണ് മുകളില്‍ സൂചിപ്പിച്ച ഹദീസ് പഠിപ്പിക്കുന്നത്. റമസാനിലും അല്ലാത്തപ്പോഴും നോമ്പ് നോല്‍ക്കുന്നവര്‍ക്ക് അത്താഴം കഴിക്കല്‍ സുന്നത്താണ്. അത്താഴം മതത്തിന്റെ ഭാഗമായതിന് കര്‍മശാസ്ത്ര ഗ്രന്ഥങ്ങള്‍ പറയുന്ന കാരണങ്ങളിലൊന്ന് മുന്‍കഴിഞ്ഞ സമുദായങ്ങള്‍ക്കൊന്നും ഇങ്ങനെ ഒരു ശീലമില്ല. അതിനാല്‍ അത്താഴം അവരില്‍ നിന്നുള്ള വ്യതിരിക്തതയെ അടയാളപ്പെടുത്തും എന്നാണ്.
സുബ്ഹി നിസ്‌കാരം കഴിഞ്ഞ് ഉദയം കഴിയുന്നത് വരെയും അസ്വറിന് ശേഷം അസ്തമയം വരെയും പ്രധാനപ്പെട്ടതല്ലാത്ത നിസ്‌കാരങ്ങള്‍ ഹറാമാണെന്ന് ഫിഖ്ഹീ ഗ്രന്ഥങ്ങളിലുണ്ട്. ഉച്ച സമയത്തും ഈ വിധി ബാധകമാണ്. ഇതിന്റെയും കാരണം വിശദീകരിക്കുന്നിടത്ത് ‘മറ്റു മതസ്ഥരുടെ ആരാധനാ സമയം ആയതിനാല്‍’ എന്ന് പറയുന്നത് കാണാം. മറ്റു മതങ്ങളുടെ ആചാരങ്ങളുമായി കൂടിച്ചേരുന്നതിലും ആഘോഷങ്ങളുടെ ഭാഗമാകുന്നതിലും ഇസ്‌ലാം ഈ നിലപാട് ശക്തമായി തന്നെ പറയുന്നുണ്ട്. എല്ലാ മതങ്ങള്‍ക്കും ഇതുപോലെയുള്ള നിയമങ്ങളുണ്ടാകും. ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ നമുക്ക് ഓര്‍മയുണ്ട്. ഹിന്ദു മതത്തിലെ തന്നെ സ്ത്രീകള്‍ക്ക് ശബരിമല കയറണമെങ്കില്‍ പ്രായ പരിധിയുണ്ട്. അവിടേക്ക് മതസൗഹാര്‍ദത്തിന്റെ പേരില്‍ മുസ്‌ലിം സ്ത്രീകള്‍ ഇറങ്ങിപ്പുറപ്പെട്ടാല്‍ ജീവന്‍ നല്‍കിയും അവരത് തടയും. അത് അവരുടെ വിശ്വാസത്തിന്റെ ഭാഗമാണ്. അയ്യപ്പ ദര്‍ശനത്തിനായി മാലയിട്ട് കറുപ്പുടുത്ത ഭക്തന്മാന്‍ ആ കാലയളവില്‍ ഭക്ഷണത്തില്‍ വലിയ നിയന്ത്രണങ്ങള്‍ ശീലിക്കുന്നതായി കാണാം. അവര്‍ വീട്ടിലെത്തിയാല്‍ നാം നല്‍കുന്ന ഭക്ഷണം അവര്‍ കഴിക്കണമെന്ന് വാശി പിടിക്കുന്നതും അതിന് തയ്യാറായില്ലെങ്കില്‍ അവരെ പ്രാകൃതരാക്കി യൂട്യൂബില്‍ ലൈവ് പോകുന്നതുമല്ല ബഹുസ്വരത. അവരുടെ വിശ്വാസത്തെ മാനിക്കലാണ്. അപ്പോള്‍ അവര്‍ മലയിറങ്ങി വരുമ്പോള്‍ കൊണ്ടുവരുന്ന അരവണ പായസം നിരസിക്കുന്നത് ഉള്‍ക്കൊള്ളാന്‍ അവര്‍ക്കും സാധിക്കും. മതങ്ങള്‍ക്കിടയില്‍ അതിര്‍വരമ്പുകളുണ്ട്. അതില്ലാതെ എങ്ങനെയാണ് മതങ്ങളുണ്ടാകുക? ആ അതിരുകള്‍ക്കുള്ളില്‍ നിന്ന് നാം സൗഹൃദം കാത്തുസൂക്ഷിച്ചിട്ടുമുണ്ട്. കലാലയങ്ങളിലും തൊഴിലിടങ്ങളിലും അയല്‍പക്ക സൗഹൃദങ്ങളിലുമൊന്നും കഴിഞ്ഞ കാലത്ത് ഈ അതിരുകള്‍ ആര്‍ക്കും അസ്വസ്ഥത ഉണ്ടാക്കിയിട്ടില്ല. അതിരുകളില്ലാതെ പരസ്പരം കയറി മേയുമ്പോഴാണ് വിശ്വാസം വ്രണപ്പെടുന്നതും ശുദ്ധികലശം ആവശ്യമായി വരുന്നതും. സോഷ്യല്‍ മീഡിയയില്‍ കണ്ടന്റ് തേടി ക്ഷേത്രക്കുളത്തിലിറങ്ങിയ മുസ്‌ലിം സ്ത്രീയുടെ പ്രവൃത്തി ഹൈന്ദവരെ വേദനിപ്പിച്ചതും കൊറ്റുകുളങ്ങരയില്‍ ചമയവിളക്കേന്താന്‍ സ്ത്രീവേഷം കെട്ടിയ മുസ്‌ലിം യുവാവിനെ ഹിന്ദുമത വിശ്വാസികള്‍ കൈയേറ്റം ചെയ്യുന്നതിന്റെ വക്കിലെത്തിയതും അതിനാലാണ്.
അതിനാല്‍ ഒരു ബഹുസ്വര സമൂഹത്തിലെ ആഘോഷങ്ങളുടെ ഭാഗമാകുമ്പോള്‍ മുസ്‌ലിംകള്‍ മതനിയമങ്ങളും മറ്റുള്ളവരുടെ സങ്കല്‍പ്പങ്ങളും പഠിക്കുകയും പരിഗണിക്കുകയും വേണം. മഹാവിഷ്ണുവിന്റെ അവതാരമായ വാമനനുമായി ബന്ധപ്പെട്ട ആഘോഷത്തിന്റെ ഭാഗമാകുമ്പോള്‍ അത് ആ വിശ്വാസത്തെ കൂടി അംഗീകരിക്കലാണ് എന്ന് ഓര്‍ക്കണം. പൂക്കളും നക്ഷത്രവും അതിന്റെ അവകാശികള്‍ക്ക് തന്നെ വിട്ടുകൊടുക്കണം. ബര്‍ത്ഡേയും കേക്ക് മുറിക്കലും എവിടെ നിന്ന് തുടങ്ങിയ ആഘോഷങ്ങളാണെന്നാലോചിക്കണം.
മതനിയമങ്ങളെയും പതിവുകളെയും ബാധിക്കാതെ നമുക്ക് കൂട്ടമായി ആഘോഷിക്കാനും അനുഷ്ഠിക്കാനും എത്ര ആചാരങ്ങളും ആഘോഷങ്ങളുമുണ്ട്? സ്വാതന്ത്ര്യദിനത്തില്‍ നമുക്കൊരുമിച്ച് പതാക ഉയര്‍ത്താം. റിപബ്ലിക് ദിന പരേഡില്‍ പങ്കെടുക്കാം. കേരളപ്പിറവി ദിനം ആഘോഷമാക്കാം. നമ്മുടെ വീട്ടിലെ കല്യാണത്തിന് എല്ലാവരെയും അതിഥികളാക്കാം. അപ്പോള്‍ മതം നിലനില്‍ക്കും, ബഹുസ്വരതയും.