Kerala
റീ പോസ്‌റ്റ്‌മോർട്ടം പൂർണം; വിപഞ്ചികയുടെ മൃതദേഹം ഇന്ന് സംസ്കരിക്കും
മൃതദേഹം സ്വദേശമായ കൊല്ലത്തേക്ക് കൊണ്ടുപോയി

കൊല്ലം | ഷാർജയിൽ മകൾക്കൊപ്പം മരിച്ച നിലയിൽ കണ്ടെത്തിയ വിപഞ്ചികയുടെ മൃതദേഹം ഇന്ന് സംസ്കരിക്കും. തിരുവനന്തപുരം മെഡിക്കൽ കോളജിൽ വെച്ച് റീ പോസ്‌റ്റ്‌മോർട്ടം നടത്തി മൃതദേഹം സ്വദേശമായ കൊല്ലത്തേക്ക് കൊണ്ടുപോയി. ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് റീ പോസ്‌റ്റ്‌മോർട്ടം ആരംഭിച്ചത്. നടപടികൾ പൂർണമായും വീഡിയോയിൽ ചിത്രീകരിച്ചു.
വിപഞ്ചികയുടെ മൃതദേഹം ഇന്നലെ രാത്രിയോടെയാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ചത്. തുടർന്ന് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി. വിപഞ്ചികയുടെ മരണത്തിൽ നാട്ടില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ വരും ദിവസങ്ങളില്‍ തുടര്‍നടപടികള്‍ ഉണ്ടായേക്കും. ഭർത്താവ് നിധീഷ് മകളെ ക്രൂരമായി പീഡിപ്പിച്ചിരുന്നുവെന്നാണ് വിപഞ്ചികയുടെ കുടുംബം ആരോപണം. നിധീഷ് ക്രൂരമായി വിപഞ്ചികയെ മർദിക്കാറുണ്ടായിരുന്നുവെന്നും കുടുംബം പറയുന്നു. ഇവ ശരിവെക്കുന്ന തരത്തിൽ മരണത്തിന് കാരണക്കാര്‍ ഭര്‍ത്താവും കുടുംബവുമാണെന്ന് ആരോപിച്ചുകൊണ്ട് വിപഞ്ചിക എഴുതിയ കുറിപ്പും പുറത്തുവന്നിരുന്നു.
ഷാര്‍ജയിലെ താമസ സ്ഥലത്ത് വിപഞ്ചികയെയും മകൾ വൈഭവിയെയും ജൂലൈ എട്ടിനാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൈക്കോടതി ഇടപെടലിലാണ് ഇന്ത്യൻ എംബസിയുടെ സഹായത്തോടെ വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിച്ചത്. മകളുടെ സംസ്കാരം ഷാർജയിൽ തന്നെ നടത്തി.