Kerala
കേരളത്തിലാദ്യമായി അപൂർവ ഇനം താമര
ചുവന്ന നിറത്തിലുള്ള താമരക്ക് ഇതളുകൾ ഏറെയാണ്. രാവിലെ ഉദയസൂര്യന്റെ നിറത്തോട് കൂടി വിരിഞ്ഞ താമര രാത്രിയാകുന്നതോടെ പതിയെ കുമ്പണയും
തൃശൂർ | കേരളത്തിലാദ്യമായി ഇരിങ്ങാലക്കുടയിൽ ആൻസെന്റ് മാപ്പിൾ ലീഫ് എന്ന അപൂർവ ഇനം താമര വിരിഞ്ഞു. ഇരിങ്ങാലക്കുട നടവരമ്പ് ഡോക്ടർപടി സ്വദേശിനി തൊഴുത്തുംപറമ്പിൽ ലതികയുടെ വീട്ടിലാണ് അപൂർവ ഇനം താമര വിരിഞ്ഞത്.
താമരയുടെ വിത്ത് ലതികക്ക് നൽകിയ വ്യക്തിയുടെ കൈവശം പോലും ഈ താമര വിരിഞ്ഞിട്ടില്ലെന്നും കേരളത്തിലുടനീളം താമര കൃഷി ചെയ്യുന്നവരുടെ കൂട്ടായ്മയായ വാട്സ് ആപ്പ് ഗ്രൂപ്പുകളിലുള്ള വിദഗ്ധരാണ് കേരളത്തിൽ ആദ്യമായാണ് ഈ വിഭാഗം താമര വിരിയുന്നതെന്ന് അറിയിച്ചതെന്നും ലതിക പറയുന്നു.
ചുവന്ന നിറത്തിലുള്ള താമരക്ക് ഇതളുകൾ ഏറെയാണ്. രാവിലെ ഉദയസൂര്യന്റെ നിറത്തോട് കൂടി വിരിഞ്ഞ താമര രാത്രിയാകുന്നതോടെ പതിയെ കുമ്പണയും.
രണ്ട് വർഷം മുന്പ് ഒരു താമരയുമായി ആരംഭിച്ച ലതികയുടെ താമര കൃഷിയിൽ ഇന്ന് 65 തരം താമരകളും 25 തരം ആമ്പലുകളും ഉണ്ട്. 3,500 രൂപ നൽകിയാണ് ആൻസെന്റ് മാപ്പിൾ ലീഫ് എന്ന ഈ അപൂർവ ഇനം താമരയുടെ വിത്ത് രണ്ട് മാസങ്ങൾക്ക് മുന്പ് ലതിക സ്വന്തമാക്കിയത്.
വീടിന്റെ മുറ്റത്തും ടെറസിലുമെല്ലാം ഇന്ന് താമര കൃഷി ചെയ്യുന്ന ലതിക ഓൺലൈൻ വഴിയാണ് വിത്തുകൾ വാങ്ങുന്നതും വിൽപ്പന നടത്തുന്നതും.




