Connect with us

editorial

യുദ്ധഭൂമിയിലെ ബലാത്സംഗം ബോംബിനേക്കാള്‍ മാരകം

ഭൗമ- രാഷ്ട്രീയ സംഘര്‍ഷമാണ് യുദ്ധങ്ങളെങ്കിലും സ്ത്രീകള്‍ വന്‍തോതില്‍ ഇരകളാക്കപ്പെടുന്നു. ബോംബുകളുടെ കാതടിപ്പിക്കുന്ന ശബ്ദത്തിനിടയില്‍ അതിര്‍ത്തിയുടെയും അധികാരത്തിന്റെയും പേരില്‍ സ്ത്രീശരീരങ്ങള്‍ യുദ്ധോപകരണമായി ഉപയോഗിക്കപ്പെടുന്നു.

Published

|

Last Updated

സുഡാനിലെ ആഭ്യന്തര യുദ്ധമേഖലയില്‍ നിന്ന് ഞെട്ടിക്കുന്ന വാര്‍ത്തകളാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്. യുദ്ധത്തില്‍ സുഡാന്‍ സ്ത്രീകള്‍ വന്‍തോതില്‍ ഇരകളാക്കപ്പെടുന്നതായി വനിതാ സംഘടനയായ “സ്ട്രാറ്റജിക് ഇനിഷ്യേറ്റീവ് ഫോര്‍ വിമന്‍ ഇന്‍ ദി ഹോണ്‍ ഓഫ് ആഫ്രിക്ക (എസ് ഐ എച്ച് എ) പുറത്തുവിട്ട അന്വേഷണ റിപോര്‍ട്ട് വെളിപ്പെടുത്തുന്നു. 1,300ലധികം സ്ത്രീകള്‍ വിമത സൈന്യമായ ആര്‍ എസ് എഫിന്റെ (റാപിഡ് സപോര്‍ട്ട് ഫോഴ്‌സ്) ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരയായെന്നാണ് റിപോര്‍ട്ടില്‍ പറയുന്നത്. ഭൂരിഭാഗവും ബലാത്സംഗമാണ്. നാല് വയസ്സുള്ള പെണ്‍കുട്ടികളടക്കം പീഡനത്തിനിരയായി. ലൈംഗികാതിക്രമത്തെ ആര്‍ എസ് എഫ് വ്യവസ്ഥാപിത ആയുധമായി ഉപയോഗപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്.

സുഡാന്‍ ആഭ്യന്തര യുദ്ധത്തിലെ മാത്രം സവിശേഷതയല്ല എതിര്‍ ചേരിയിലെ സ്ത്രീകള്‍ക്കെതിരായ അതിക്രമം. ചരിത്രത്തിലുടനീളം യുദ്ധങ്ങളിലും ആഭ്യന്തര കലാപങ്ങളിലും നിരപരാധികളായ സ്ത്രീകള്‍ ഇരകളാക്കപ്പെട്ടിട്ടുണ്ട്. ലോകമഹായുദ്ധങ്ങള്‍, ബോസ്‌നിയ സംഘര്‍ഷം, റുവാണ്ട വംശഹത്യ, കോംഗോ വംശഹത്യ, പാക്-ബംഗ്ലാദേശ് യുദ്ധം, യുക്രൈന്‍ യുദ്ധം, ഗസ്സയിലെ ഇസ്‌റാഈല്‍ അധിനിവേശം തുടങ്ങിയവയിലെല്ലാം സ്ത്രീപീഡനം ആയുധമാക്കിയിട്ടുണ്ട് സൈന്യവും കലാപകാരികളും.

റുവാണ്ടയില്‍ ന്യൂനപക്ഷമായ തുത്സി വിഭാഗത്തിലെ രണ്ടര ലക്ഷം സ്ത്രീകളാണ് ഭൂരിപക്ഷ വിഭാഗമായ ഹുടു വംശജരുടെ ക്രൂരമായ ലൈംഗിക പീഡനത്തിനിരയായത്. ഇവരില്‍ 30 ശതമാനം പേര്‍ കൊല്ലപ്പെട്ടു. അമേരിക്കന്‍ പ്രസിദ്ധീകരണമായ “പബ്ലിക് ഹെല്‍ത്തി’ന്റെ കണക്ക് പ്രകാരം, ദിനംപ്രതി 1,500 സ്ത്രീകളാണ് കോംഗോ വംശീയ കലാപ കാലത്ത് പീഡനത്തിനിരയായത്. 20 കൊല്ലം കൊണ്ട് ഇവിടെ മരിച്ചു വീണ 40 ലക്ഷം പേരില്‍ 12 ശതമാനം പെണ്‍കുട്ടികളും ബലാത്സംഗത്തിനിരയായവരാണ്.

ബോസ്‌നിയയില്‍ മാനഭംഗത്തിനിരയായ സ്ത്രീകളെ കണ്ട് സംസാരിച്ച പ്രമുഖ എഴുത്തുകാരി അലക്‌സാണ്ട്ര സ്റ്റിഗ്്ൽമെയര്‍ ഇതുമായി ബന്ധപ്പെട്ട് “മാസ്സ് റേപ്’ എന്ന പേരില്‍ പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബോസ്‌നിയന്‍ സ്ത്രീകള്‍ അവരുടെ അനുഭവങ്ങള്‍ വിവരിക്കുന്നതിങ്ങനെ: “തങ്ങളുടെ പുരുഷന്മാരെ നിരനിരയായി വാഹനത്തില്‍ കയറ്റിക്കൊണ്ടു പോയ ശേഷം പിന്നീടൊരു വിവരവുമില്ല. അവരെയെല്ലാം സൈന്യം കൊന്നു. തുടര്‍ന്ന് വീടുകളിലേക്ക് കടന്നുവന്ന പട്ടാളക്കാര്‍ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി തങ്ങളെ ബലാത്സംഗം ചെയ്തു. ഞങ്ങള്‍ക്ക് ചെറുത്തു നില്‍ക്കാനായില്ല. ഭയം, മാനസികത്തകര്‍ച്ച, വേദന-എല്ലാം കൊണ്ടും ഞങ്ങള്‍ ജീവച്ഛവങ്ങളായിരുന്നു.’

1971ലെ ബംഗ്ലാദേശിന്റെ വിമോചന യുദ്ധക്കാലത്ത് ഒരു ലക്ഷത്തോളം സ്ത്രീകളാണ് ലൈംഗികമായി പീഡിപ്പിക്കപ്പെട്ടത്. പാക് സൈന്യവും പാക് അനുകൂല ജമാഅത്തെ ഇസ്‌ലാമി പ്രവര്‍ത്തകരും ചേര്‍ന്നു നടത്തിയ ബലാത്സംഗത്തില്‍ ബംഗ്ലാദേശില്‍ ഇരുപത്തയ്യായിരത്തോളം കുട്ടികള്‍ ജനിച്ചു. മുലപ്പാല്‍ കിട്ടാതെ ഈ കുട്ടികള്‍ കരഞ്ഞു മരിക്കേണ്ടി വന്ന സംഭവം ബംഗ്ലാദേശിലെ വംശീയ കലാപത്തെ ചരിത്രത്തിലെ ഏറ്റവും ഇരുണ്ട സംഭവങ്ങളിലൊന്നാക്കി മാറ്റുന്നു.

യുക്രൈനില്‍ അധിനിവേശം നടത്തിയ റഷ്യന്‍ സേനയും ഗസ്സയില്‍ ഇസ്‌റാഈല്‍ സൈന്യവും ബലാത്സംഗം യുദ്ധായുധമായി പ്രയോഗിച്ചു. ഇസ്‌റാഈല്‍ അധിനിവേശത്തെ തുടര്‍ന്ന് ഗസ്സയില്‍ നിരവധി ഫലസ്തീന്‍ സ്ത്രീകളെയും കുട്ടികളെയും കാണാതാകുന്നതിലും ഇസ്‌റാഈല്‍ സൈന്യത്തിന്റെ സ്ത്രീപീഡനത്തിലും ഐക്യരാഷ്ട്ര സഭ ആശങ്ക പ്രകടിപ്പിച്ചതാണ്. യുക്രൈനില്‍ റഷ്യന്‍ സേന ബലാത്സംഗം യുദ്ധായുധമാക്കുന്നതായി ലണ്ടനില്‍ രണ്ടാഴ്ച മുമ്പ് നടന്ന രാജ്യാന്തര സമ്മേളനത്തില്‍ യുക്രൈനിലെ പ്രഥമ വനിത ഒലേന സെലന്‍സ്‌കി ചൂണ്ടിക്കാട്ടി. യുദ്ധത്തില്‍ ഉപയോഗിക്കുന്ന ബോംബിനേക്കാള്‍ മാരകമായ ആഘാതമാണ് ബലാത്സംഗം ചെയ്യപ്പെട്ട ഓരോ യുക്രൈന്‍ വനിതയും അനുഭവിക്കുന്നതെന്ന് രാജ്യത്തെ വനിതാ സംഘടനകള്‍ പറയുന്നു.

ഭൗമ- രാഷ്ട്രീയ സംഘര്‍ഷമാണ് യുദ്ധങ്ങളെങ്കിലും സ്ത്രീകള്‍ വന്‍തോതില്‍ ഇരകളാക്കപ്പെടുന്നു. ബോംബുകളുടെ കാതടിപ്പിക്കുന്ന ശബ്ദത്തിനിടയില്‍ അതിര്‍ത്തിയുടെയും അധികാരത്തിന്റെയും പേരില്‍ സ്ത്രീശരീരങ്ങള്‍ യുദ്ധോപകരണമായി ഉപയോഗിക്കപ്പെടുന്നു. വീട് നഷ്ടപ്പെട്ട് അഭയാര്‍ഥി ക്യാമ്പുകളില്‍ എത്തുന്ന സ്ത്രീകള്‍ പോലും സുരക്ഷിതരല്ല. ചെക്ക്പോയിന്റുകളും തടങ്കല്‍ കേന്ദ്രങ്ങളും സഹായവിതരണ കേന്ദ്രങ്ങളുമെല്ലാം പീഡന കേന്ദ്രങ്ങളായി മാറുന്നു. അവിചാരിതമായി സംഭവിക്കുന്നതല്ല യുദ്ധവേളയിലെ ബലാത്സംഗവും സ്ത്രീപീഡനവും. ഇതൊരു ആസൂത്രിതമായ യുദ്ധതന്ത്രമാണ്. ഭയം, അപമാനം, ആത്മവിശ്വാസം തകര്‍ക്കല്‍, വംശീയനാശം തുടങ്ങിയവയാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്. എതിര്‍ വിഭാഗത്തെ ഇത് മാനസികമായി തളര്‍ത്തുകയും യുദ്ധത്തിന്റെ ഗതിയെ അത് ബാധിക്കുകയും ചെയ്യുന്നു.

അന്താരാഷ്ട്ര സമൂഹത്തിന്റെ നിലപാട് ഇക്കാര്യത്തില്‍ കപടമാണ്. ബലാത്സംഗവും ലൈംഗിക പീഡനവും യുദ്ധക്കുറ്റമാക്കുകയും അതിനെതിരെ പ്രമേയങ്ങള്‍ അംഗീകരിക്കുകയും പ്രഖ്യാപനങ്ങള്‍ നടത്തുകയും ചെയ്യുന്നുവെങ്കിലും സ്ത്രീകള്‍ ഇരകളാക്കപ്പെടാത്ത ഒരു യുദ്ധവും നടക്കുന്നില്ല. സ്ത്രീകള്‍ക്കെതിരായ യുദ്ധക്കുറ്റങ്ങളില്‍ ശിക്ഷിക്കപ്പെടുന്നത് അപൂര്‍വവും. മനുഷ്യാവകാശങ്ങളെക്കുറിച്ചുള്ള ഉത്തരവാദപ്പെട്ടവരുടെ സംസാരം കേവലം പൊള്ള. പീഡനത്തിനിരയായ സ്ത്രീകള്‍ വീണ്ടും ജീവിക്കാന്‍ ശ്രമിക്കുമ്പോള്‍ സമൂഹവും ഉത്തരവാദപ്പെട്ടവരും അവരെ ചേര്‍ത്തു പിടിക്കുന്നില്ല. കുറ്റവാളികള്‍ അധികാരത്തിന്റെ സുരക്ഷിത മതിലുകള്‍ക്കുള്ളില്‍ സുഖമായി ജീവിക്കുമ്പോള്‍ ഇരകള്‍ അപമാനിതരായി ദുരിത ജീവിതം നയിക്കാന്‍ നിര്‍ബന്ധിതരാകുന്നു. അവരെ കാത്തിരിക്കുന്നത് നീതിയോ ആശ്വാസ വചനങ്ങളോ അല്ല, മറിച്ച് കുത്തുവാക്കുകളും കുറ്റപ്പെടുത്തലുകളുമാണ്.

Latest