Connect with us

Kerala

റെയില്‍വേ കനിയണം; മലബാറിലേക്ക് കൂടുതല്‍ ട്രെയിനുകളും സ്റ്റോപ്പും അനുവദിക്കണമെന്ന ആവശ്യം ശക്തമാകുന്നു

കടുത്ത അവഗണനയാണ് മലബാറിനോട് റെയില്‍വേ കാണിക്കുന്നത്. തിരക്കേറിയ സമയങ്ങളില്‍ മണിക്കൂറുകളോളം ട്രെയിന്‍ ഇല്ലാത്ത അവസ്ഥയില്‍ നട്ടംതിരിയുകയാണ് യാത്രക്കാര്‍.

Published

|

Last Updated

നീലേശ്വരം | റെയില്‍വേയുടെ പുതുതായി വരുന്ന ടൈംടേബിളില്‍ രാവിലെ പാലക്കാട് നിന്നും കാസര്‍കോട് ഭാഗത്തേക്ക് പുതിയ ട്രെയിന്‍ അനുവദിക്കണമെന്ന ആവശ്യം ശക്തമാകുന്നു. രാവിലെ 11.30 നുള്ള താംബരം മംഗലാപുരം എക്സ്പ്രസ് പോയിക്കഴിഞ്ഞാല്‍ അടുത്ത ദിവസ വണ്ടി രാത്രി 11 മണിക്കുള്ള ചെന്നൈ മംഗലാപുരം എക്സ്പ്രസ് മാത്രമാണ്. നീണ്ട 12 മണിക്കൂര്‍ ട്രെയിന്‍ ഇല്ലാത്തത് വലിയ യാത്രാ ദുരിതമാണ് സൃഷ്ടിക്കുന്നത്.

ഇതിന് പരിഹാരമായി പുതിയ ട്രെയിന്‍ അനുവദിച്ചാല്‍ യാത്രക്കാര്‍ക്ക് അത് വലിയ ആശ്വാസമാകും. ഉച്ചയ്ക്ക് 12 ന് പാലക്കാട് നിന്ന് കാസര്‍കോട്ടേക്ക് പുറപ്പെടുന്ന രീതിയില്‍ മെമുവോ ട്രെയിനോ, 12.50ന് ഷൊര്‍ണൂരും കാസര്‍കോടും എത്തുന്ന രീതിയില്‍ ട്രെയിനോ അനുവദിക്കണമെന്നാണ് ആവശ്യം. തിരിച്ച് വൈകിട്ട് 6.15ന് കാസര്‍കോട് നിന്ന് പുറപ്പെട്ട് 11.30ന് പാലക്കാട് എത്താനും ഈ ട്രെയിന്‍ സര്‍വീസിനു സാധിക്കും.

സംസ്ഥാനത്തെ റെയില്‍വേ വരുമാനത്തിന്റെ ഗണ്യമായ പങ്ക് സംഭാവന ചെയ്യുന്നവരാണ് മലബാറിലെ യാത്രക്കാര്‍. എന്നാല്‍ കടുത്ത അവഗണനയാണ് മലബാറിനോട് റെയില്‍വേ കാണിക്കുന്നത്. തിരക്കേറിയ സമയങ്ങളില്‍, പ്രത്യേകിച്ച് വൈകുന്നേരങ്ങളില്‍ മണിക്കൂറുകളോളം ട്രെയിന്‍ ഇല്ലാത്ത അവസ്ഥയില്‍ നട്ടംതിരിയുകയാണ് യാത്രക്കാര്‍. ഷൊര്‍ണൂര്‍-കോഴിക്കോട്, കോഴിക്കോട്-കാസര്‍കോട് റൂട്ടുകളില്‍ വൈകിട്ട് ഏറെസമയം ട്രെയിന്‍ ഇല്ലാത്ത അവസ്ഥയാണ്. ഇതുമൂലം, ഷൊര്‍ണൂരിലും പരിസരങ്ങളിലും ജോലിയുള്ള കോഴിക്കോട്ടുകാര്‍ ട്രെയിന്‍ യാത്ര ഉപേക്ഷിച്ച്, കുടുംബത്തോടൊപ്പം താമസം മാറേണ്ടിവരുന്ന സ്ഥിതിയാണുള്ളതെന്നും യാത്രക്കാര്‍ പറയുന്നു.

ഒറ്റപ്പാലം, ഷൊര്‍ണൂര്‍, കുറ്റിപ്പുറം, തിരൂര്‍, കോഴിക്കോട്, വടകര, തലശ്ശേരി, കണ്ണൂര്‍, പയ്യന്നൂര്‍, നീലേശ്വരം, കാഞ്ഞങ്ങാട് എന്നിവയാണ് പാലക്കാടിനും കാസര്‍കോടിനും ഇടയിലെ നിര്‍ദിഷ്ട സ്‌റ്റോപ്പുകള്‍. പ്രധാന സ്റ്റേഷനുകളില്‍ സ്റ്റോപ്പ് അനുവദിച്ച് പുതിയ രണ്ട് ട്രെയിനുകള്‍ വരുന്നത് മേഖലയിലുള്ള യാത്രാ ക്ലേശം പരിഹരിക്കും. ആധുനിക സൗകര്യങ്ങളോടെ പാലക്കാട് മെമു ഷെഡ് വിപുലീകരിക്കുന്നുണ്ട്. ട്രെയിനുകളുടെ അറ്റകുറ്റപ്പണികള്‍ അവിടെ ചെയ്യാവുന്നതുമാണ്. ഇതുസംബന്ധിച്ച് യാത്രക്കാരുടെ സംഘടനയായ തിരുകൊച്ചി റെയില്‍ കമ്മ്യൂട്ടേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി മുഹമ്മദ് ഷെമീല്‍, പാലക്കാട് ഡിവിഷണല്‍ മാനേജര്‍ അരുണ്‍കുമാര്‍ ചതുര്‍വേദിക്ക് നിവേദനം നല്‍കിയിരുന്നു. ഡിവിഷന്‍ ശിപാര്‍ശ ചെയ്യുന്ന റൂട്ടുകളില്‍ ഇവ രണ്ടും പരിഗണിക്കാമെന്ന് മാനേജര്‍ ഉറപ്പ് നല്‍കിയാതായി ഷെമീല്‍ പറഞ്ഞു.

കണ്ണൂര്‍-മംഗലാപുരം റൂട്ടില്‍ തിരക്കേറിയ രാവിലെയും വൈകിട്ടും കൂടുതല്‍ മെമു സര്‍വീസുകള്‍ വേണമെന്നതാണ് കാസര്‍കോട്ടെ യാത്രക്കാരുടെ പ്രധാന ആവശ്യം. ഭൂമി ധാരാളമുള്ള നീലേശ്വരം സ്റ്റേഷന്‍ വികസിപ്പിക്കുകയും പിറ്റ് ലൈന്‍ ഉള്‍പ്പടെ സ്ഥാപിച്ച് ടെര്‍മിനല്‍ സ്റ്റേഷനാക്കണമെന്നും യാത്രക്കാര്‍ ആവശ്യപ്പെടുന്നു. ഇതുവഴി കണ്ണൂരില്‍ അവസാനിക്കുന്ന ട്രെയിനുകള്‍ കാസര്‍കോട്ടേക്ക് നീട്ടാനാകും. രാത്രി കണ്ണൂരില്‍ നിന്ന് കാസര്‍കോട് ഭാഗത്തേക്ക് ഒരു ട്രെയിന്‍ വേണമെന്ന ആവശ്യവും ശക്തമാണ്.

കണ്ണൂരിലെ ട്രെയിന്‍ യാത്രക്കാരുടെ ഏറ്റവും വലിയ ആവശ്യമാണ് വൈകിട്ട് കാസര്‍കോട് ഭാഗത്തേക്ക് ഒരു ട്രെയിന്‍ വേണമെന്നത്. നിലവില്‍ വൈകിട്ട് 7.35നുള്ള നേത്രാവതി പോയി കഴിഞ്ഞാല്‍, പുലര്‍ച്ചെയുള്ള വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസ് മാത്രമാണ് മംഗലാപുരത്തേക്കുള്ളതെന്ന് മലബാര്‍ ട്രെയിന്‍ പാസഞ്ചേഴ് ഫോറം പ്രതിനിധി സുരേഷ് കുമാര്‍ പയ്യന്നൂര്‍ പറയുന്നു. നിലവില്‍ കണ്ണൂരില്‍ യാത്ര അവസാനിക്കുന്ന ഷൊര്‍ണൂരില്‍ നിന്നുള്ള മെമു, കാസര്‍കോട്ടേക്ക് നീട്ടണം. ട്രെയിന്‍ ഇല്ലാത്തതിനാല്‍ താങ്ങാനാകാത്ത നിരക്ക് നല്‍കി ബസിലാണ് മിക്കവരുടെയും യാത്ര. പലരും ഈ കാരണംകൊണ്ട് ജോലി ഉപേക്ഷിക്കേണ്ടി വരുന്ന അവസ്ഥയുണ്ട്. എക്‌സിക്യൂട്ടീവ് എക്‌സ്പ്രസില്‍ എത്തി പയ്യന്നൂര്‍, കാസര്‍കോട് ഭാഗത്തേക്ക് പോകേണ്ടവര്‍ക്ക് ബസ് മാത്രമാണ് ആശ്രയം.

മണ്‍സൂണ്‍ സമയം വരുന്നതോടെ നേത്രാവതി കോഴിക്കോട് നിന്ന് നേരത്തെ പുറപ്പെടും. ഇതോടെ യാത്രാദുരിതം വീണ്ടും വര്‍ധിക്കും. വൈകിട്ട് കോഴിക്കോട് ഭാഗത്തേക്ക് ഒരു ട്രെയിന്‍ കൂടി വേണം. കണ്ണൂരില്‍ പ്ലാറ്റ്‌ഫോം പരിമിതി കാരണം ട്രെയിനുകള്‍ ഔട്ടറില്‍ പിടിച്ചിടുന്ന അവസ്ഥയുമുണ്ട്. ഏറനാടിലെ യാത്രക്കാരാണ് ഇതുമൂലം ഏറെ ബുദ്ധിമുട്ടുന്നത്. തിരക്കേറിയ സീസണുകളില്‍ പ്രഖ്യാപിക്കുന്ന സ്‌പെഷ്യല്‍ ട്രെയിനുകള്‍ക്ക് നീലേശ്വരം, പയ്യന്നൂര്‍ സ്റ്റേഷനുകളില്‍ സ്റ്റോപ്പ് വേണമെന്നും യാത്രക്കാര്‍ ആവശ്യപ്പെടുന്നു.