Kerala
രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയം വീണ്ടും എടുത്തിടുന്നത് ശബരിമല സ്വര്‍ണക്കൊള്ള മറച്ചുവെക്കാന്‍: വി ഡി സതീശന്‍
ദേവസ്വം മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനും ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ബന്ധം ഉണ്ടായിരുന്നു. തെളിവ് കോടതിയില്‍ ഹാജരാക്കും.
കോട്ടയം | ശബരിമലയിലെ സ്വര്‍ണക്കൊള്ള മറച്ചുവെക്കാനാണ് ഇപ്പോള്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയം ഉയര്‍ത്തിക്കൊണ്ട് വരുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കോണ്‍ഗ്രസ്സ് പാര്‍ട്ടി നടപടി എടുത്തു കഴിഞ്ഞ, പഴയ വാര്‍ത്തയാണ് വീണ്ടും വന്നിരിക്കുന്നതെന്നും അദ്ദേഹം കോട്ടയത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ദേവസ്വം മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനും ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ബന്ധം ഉണ്ടായിരുന്നുവെന്നും ഇതിന്റെ തെളിവ് കോടതിയില്‍ ഹാജരാക്കുമെന്നും വി ഡി സതീശന്‍ പ്രതികരിച്ചു. ശബരിമല സ്വര്‍ണക്കൊള്ള മറച്ചുവെക്കാന്‍ അനുവദിക്കില്ല.
പി എം ശ്രീ പോലെ ലേബര്‍ കോഡ് വിഷയത്തില്‍ എല്ലാവരെയും തൊഴില്‍ മന്ത്രി പറ്റിക്കുകയാണെന്നും സതീശന്‍ ആരോപിച്ചു. ലേബര്‍ കോഡിന്റെ കരട് വിജ്ഞാപനം ആരോടും പറയാതെ സംസ്ഥാനം തയാറാക്കിയത് അതുകൊണ്ടാണ്.
കേരളത്തിന്റെ രാഷ്ട്രീയ സാഹചര്യം യു ഡി എഫിന് അനുകൂലമാണെന്നും, നിരവധി കക്ഷികള്‍ പുതുതായി യു ഡി എഫിലേക്ക് വരുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. മുന്നണിയില്‍ ഇല്ലെങ്കിലും വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പിന്തുണ യു ഡി എഫിന് ഉണ്ട്. തദ്ദേശ തിരഞ്ഞെടുപ്പില്‍ യു ഡി എഫ് വിമതര്‍ പത്തില്‍ ഒന്നായി കുറച്ചു. എന്നാല്‍, സി പി എമ്മിന് ഒരുകാലത്തും ഇല്ലാത്ത അത്രയും വിമതരാണ് മത്സരരംഗത്തുള്ളതെന്നും സതീശന്‍ പറഞ്ഞു.




