Kerala
എം എല്‍ എ പദവി വിടാതെ രാഹുല്‍ മാങ്കൂട്ടത്തില്‍; ഗുരുതര ആരോപണങ്ങളിൽ മറുപടിയില്ല
അവന്തികയുമായുള്ള ശബ്ദരേഖ പുറത്തുവിട്ടു

പത്തനംതിട്ട | ലൈംഗികാരോപണം നേരിട്ട മുന്‍ യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട് മണ്ഡലം എം എല്‍ എ സ്ഥാനം രാജിവെക്കുന്നത് വൈകിയേക്കും. ലൈംഗികാരോപണങ്ങളുമായി കൂടുതല്‍ പേര്‍ രംഗത്തെത്തുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസ്സ് നേതൃത്വം രാജി സമ്മര്‍ദം ശക്തമാക്കിയെങ്കിലും പത്തനംതിട്ടയിലെ വീട്ടില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ രാജിക്കാര്യം രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞതേയില്ല. ഗുരുതരാരോപണങ്ങളിലൊന്നും മറുപടി പറയാതെ ട്രാൻസ്ജെൻഡർ അവന്തിക നടത്തിയ വെളിപ്പെടുത്തലിൽ മാത്രമാണ് രാഹുൽ വിശദീകരണം നടത്തിയത്.
ട്രാന്‍സ്‌ജെന്‍ഡര്‍ അവന്തികയുമായുള്ള ഫോണ്‍രേഖ രാഹുൽ പുറത്തുവിട്ടു. രാഹുല്‍ മാങ്കൂട്ടത്തിലുമായി ദുരനുഭവമുണ്ടായിട്ടില്ലെന്ന തരത്തിലുള്ള സംഭാഷണമാണ് അവന്തികയുടെ ഫോണ്‍രേഖയിലുള്ളത്. ജനങ്ങളോട് ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ടെന്ന് പറഞ്ഞ രാഹുല്‍, പാര്‍ട്ടി പ്രവര്‍ത്തകരോട് ക്ഷമ ചോദിക്കുന്നെന്നും പറഞ്ഞു. അവന്തിക തന്റെ സുഹൃത്താണ്. അവന്തിക തന്നെ ഫോണില്‍ വിളിച്ചു. അവന്തികയുമായി സാധാരണ സംഭാഷണം മാത്രമാണുണ്ടായതെന്നും രാഹുല്‍ പറഞ്ഞു. മറ്റ് ഗുരുതര ആരോപണങ്ങളെക്കുറിച്ചൊന്നും രാഹുല്‍ മറുപടി നല്‍കിയില്ല. മൂന്ന് മിനുട്ടോളം നടത്തിയ വാര്‍ത്താ സമ്മേളനത്തിന് ശേഷം ചോദ്യംങ്ങളോട് പ്രതികരിക്കാതെ രാഹുല്‍ വീട്ടിനകത്തേക്ക് കയറിപ്പോയി. ദിവസങ്ങള്‍ നീണ്ട അഭ്യൂഹങ്ങള്‍ക്കിടെയാണ് രാഹുല്‍ മാധ്യമങ്ങളെ കണ്ടത്. എം എല്‍ എ സ്ഥാനം രാജിവെക്കുന്ന പ്രശ്‌നമേയില്ലെന്ന് കഴിഞ്ഞ ദിവസവും രാഹുല്‍ വ്യക്തമാക്കിയിരുന്നു.
അതേസമയം, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, കെ സി വേണുഗോപാല്‍, രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ള നേതാക്കള്‍ രാജിവെക്കണമെന്ന ആവശ്യം കടുപ്പിച്ചതോടെ രാജി ഉടനുണ്ടാകുമെന്ന അഭ്യൂഹം തുടരുകയാണ്. പീഡനാരോപണം നേരിട്ടതിന് തൊട്ടടുത്ത ദിവസമാണ് രാഹുല്‍ യൂത്ത് കോണ്‍ഗ്രസ്സ് അധ്യക്ഷ പദവി രാഹുല്‍ രാജിവെച്ചത്. പിന്നാലെ കൂടുതല്‍ സ്ത്രീകള്‍ പീഡനരാപോണവുമായി രംഗത്തെത്തി. ഇതോടെയാണ് നേതൃത്വം എം എല്‍ എ പദവിയും രാജിവെക്കണമെന്നാവശ്യം ശക്തമാക്കിയത്. സി പി എം, ബി ജെ പി തുടങ്ങിയ എതിര്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്.