National
രാഹുലിന്റെ ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് നൽകിയ ഹരജി അഭിഭാഷകൻ പിൻവലിച്ചു
സവർക്കർക്ക് എതിരായ പരാമർശങ്ങളുടെ പേരിൽ തനിക്കെതിരെയുള്ള അപകീർത്തി കേസ് നൽകിയ സത്യകി സവർക്കറുടെ കുടുംബ പശ്ചാത്തലം ചൂണ്ടിക്കാട്ടിയാണ് രാഹുൽ തന്റെ ആശങ്ക പങ്കുവെച്ചത്

പൂനെ | രാഷ്ട്രീയപരമായ ഏറ്റുമുട്ടലുകളുടെ പേരിൽ കോൺഗ്രസ് നേതാവും ലോക്സഭാ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധിയുടെ ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് അദ്ദേഹത്തിന്റെ അഭിഭാഷകൻ നൽകിയ ഹരജി പിൻവലിച്ചു. ഹർജി പിൻവലിക്കാൻ കോടതി അനുമതി നൽകിയതായി അഭിഭാഷകൻ മിലിന്ദ് പവാർ അറിയിച്ചു. ഇന്നലെ സമർപ്പിച്ച അപേക്ഷ, ഈ ഘട്ടത്തിൽ പരിഗണിക്കേണ്ടതില്ലെന്ന് കാണിച്ച് പ്രത്യേക എംപി/എംഎൽഎ കോടതി ജഡ്ജി അമോൽ ഷിന്ദേയുടെ മുമ്പാകെ മിലിന്ദ് പവാർ പുതിയ ഹരജി നൽകുകയായിരുന്നു.
സവർക്കർക്ക് എതിരായ പരാമർശങ്ങളുടെ പേരിൽ അപകീർത്തി കേസ് നൽകിയ സത്യകി സവർക്കറുടെ കുടുംബ പശ്ചാത്തലം ചൂണ്ടിക്കാട്ടിയാണ് രാഹുലിന്റെ ജീവൻ അപകടത്തിലാണെന്ന് ഇന്നലെ ഹരജി സമർപ്പിച്ചത്. ഗാന്ധി വധക്കേസിലെ മുഖ്യപ്രതികളായിരുന്ന നാഥുറാം ഗോഡ്‌സെ, ഗോപാൽ ഗോഡ്‌സെ എന്നിവരുടെ കുടുംബാംഗമാണ് താനെന്ന് ജൂലൈ 29-ന് സത്യകി സവർക്കർ രേഖാമൂലം കോടതിയിൽ അറിയിച്ചിരുന്നു. ഈ പശ്ചാത്തലം ചൂണ്ടിക്കാട്ടിയാണ് രാഹുൽ ഗാന്ധി തനിക്ക് ഭീഷണിയുണ്ടെന്ന് ആരോപിച്ചിരുന്നത്.
തിരഞ്ഞെടുപ്പിലെ ക്രമക്കേടുകൾ സംബന്ധിച്ച ആരോപണങ്ങൾ ഉൾപ്പെടെ രാഹുലിന്റെ സമീപകാല രാഷ്ട്രീയ ഇടപെടലുകളും ഹർജിയിൽ എടുത്തുപറഞ്ഞിരുന്നു.
2023 മാർച്ചിൽ ലണ്ടനിൽ രാഹുൽ ഗാന്ധി നടത്തിയ പ്രസംഗവുമായി ബന്ധപ്പെട്ടാണ് അപകീർത്തി കേസ് ഫയൽ ചെയ്തത്. സവർക്കർ തന്റെ രചനകളിൽ ഒരു മുസ്‌ലിം യുവാവിനെ ഉപദ്രവിച്ചതിനെക്കുറിച്ചും അതിൽ സന്തോഷം കണ്ടെത്തിയതിനെക്കുറിച്ചും രാഹുൽ പരാമർശിച്ചിരുന്നു. ഈ പരാമർശങ്ങൾ തെറ്റിദ്ധാരണാജനകവും അപകീർത്തികരവുമാണെന്ന് ആരോപിച്ച് സവർക്കർ കോടതിയെ സമീപിക്കുകയായിരുന്നു.