Connect with us

smrthi

രാഗമുദ്രയുള്ള മോതിരം

ഗായകൻ മുഹമ്മദ് റാഫി വിടപറഞ്ഞിട്ട് 42 വർഷം പിന്നിടുമ്പോൾ അദ്ദേഹത്തിന്റെ ഒരുപിടി ഓർമകൾ മനസ്സിൽ താലോലിച്ച്, റാഫി സമ്മാനിച്ച വെള്ളിമോതിരവും നെഞ്ചോട് ചേർത്തുപിടിച്ചിരിക്കുന്ന ഒരു പഴയകാല ഗാനസ്നേഹിയുണ്ട് മലയാള മണ്ണിൽ. എഴുപത്തിനാലുകാരനായ പാട്ട് പ്രേമി ആ മോതിരം വന്നെത്തിയ അനുഭവം പങ്ക് വെക്കുന്നു.

Published

|

Last Updated

ബോംബെ രവിയും മുഹമ്മദ് റാഫിയും ഒരിക്കൽ ലണ്ടൺ നഗരത്തിലൂടെ ടാക്‌സിയിൽ യാത്ര ചെയ്യുകയായിരുന്നു. കാഴ്ചകൾ കണ്ട് സംഗീതാത്മകമായി കാർ മുന്നോട്ടു നീങ്ങുന്നതിനിടയിൽ പിൻസീറ്റിൽ ഇരുന്ന രണ്ടുപേരിൽ ഒരാളായ ബോബെ രവിയെ തിരിച്ചറിഞ്ഞ മധ്യവയസ്കനായ ഡ്രൈവർ, എക്കാലത്തേയും റാഫിയുടെ അനശ്വര സൂപ്പർഹിറ്റ് ഗാനമായ ചൗദ് വിം കാ ചാന്ദ്…. എന്ന ഗാനം മനോഹരമായി പാടുന്നു. പിന്നിലിരുന്നവർ ഇയാളുടെ പാട്ട് നന്നായി ആസ്വദിച്ചു. പാടി നിർത്തിയ ശേഷം ഡ്രൈവർ തിരിഞ്ഞ് ബോബെ രവിയോടായി പറഞ്ഞു. “സാർ, ഈ ഗാനം പാടിയ മുഹമ്മദ് റാഫിയെ കണ്ടുമുട്ടുമ്പോൾ എന്റെ ആദരം അറിയിക്കാൻ മറക്കരുത്. അദ്ദേഹത്തെ എനിക്കു ഏറെ ഇഷ്ടമാണ്. ഇതുകേട്ട് ബോംബെ രവി തലയാട്ടി ചിരിച്ചുകൊണ്ട് പറഞ്ഞു. “തീർച്ചയായും’. പിന്നെയും തുടർന്ന യാത്ര അൽപ്പസമയത്തിനുള്ളിൽ അവസാനിച്ചു. കാറിൽ നിന്നിറങ്ങിയ രവി, ഡ്രൈവറെ അടുത്തു വിളിച്ചു പറഞ്ഞു. “താങ്കൾ നന്നായി പാടി. ആ പാട്ട് പാടിയ ആളാണ് ഈ നിൽക്കുന്ന മുഹമ്മദ് റാഫി.’ ഇതു കേട്ട ഡ്രൈവർ മതിമറന്നു റാഫിയുടെ കാൽക്കൽ തൊട്ടു ആദരം അർപ്പിച്ചു. അദ്ദേഹത്തിന്റെ കണ്ണിൽ നിന്നും ആനന്ദാശ്രുക്കൾ പൊഴിച്ചു.

പ്രണയ ജോഡികളുടെ മനസ്സിന്റെ ഉള്ളിന്റെ ഉള്ളിലും ചുണ്ടുകൾക്കിടയിലും വട്ടമിട്ടു പറക്കുന്ന ഒരുപിടി അനശ്വര ഗാനങ്ങൾ ചലച്ചിത്രലോകത്തിനു സമ്മാനിച്ച വിശ്വ ഭാവഗായകൻ മുഹമ്മദ് റാഫി വിടപറഞ്ഞിട്ടു ഇന്നേക്ക് 42 വർഷം പിന്നിടുമ്പോൾ അദ്ദേഹത്തിന്റെ നിലക്കാത്ത ഒരുപിടി ഓർമകൾ മനസ്സിൽ താലോലിച്ചു ഒരു വെള്ളിമോതിരവും നെഞ്ചോടു ചേർത്തു പിടിച്ചിരിക്കുന്ന ഒരു പഴയകാല ഗായകനുണ്ട് മലയാള മണ്ണിൽ. മലയോര കഥകൾ വട്ടമിട്ടു പറക്കുന്ന റബ്ബറിന്റെ നാടായ കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളിയിലെ എഴുപത്തിനാലുകാരനായ മഠത്തിൽ എം എ നാസറുദ്ദീൻ.

ഗസലിലലിഞ്ഞ ജീവിതം

പാലാ സെന്റ് തോമസ് കോളജിൽ പ്രീഡിഗ്രിക്കു പഠിക്കുന്ന കാലം. ചെറുപ്പം മുതൽ തന്നെ ഗ്രാമഫോണിലൂടെ പാട്ടുകൾ കേട്ടു പരിചയം മാത്രം കൈമുതലായുള്ള അദ്ദേഹം മൂളിപ്പാട്ടും അല്ലറചില്ലറ പാട്ടുകളുമൊക്കെയായി നടക്കുക പതിവ്. എങ്കിലും നാട്ടുമ്പുറത്തെ പരിപാടികളിൽ സജീവ സാന്നിധ്യമായിരുന്നു നാസറുദ്ദീൻ. കിട്ടുന്ന സന്ദർഭങ്ങളിലൊക്കെ പാട്ടുപാടും. അതിനായി സുഹൃത്തുക്കളെയും നാട്ടുകാരെയും പ്രേരിപ്പിക്കും. എന്തുകൊണ്ടോ അക്കാലത്തു ഹിന്ദി പാട്ടിനോടായിരുന്നു അദ്ദേഹത്തിനു അടങ്ങാത്ത പ്രണയം. പ്രത്യേകിച്ചു മുഹമ്മദ് റാഫിയുടെ പാട്ടുകളോട്. അതുകൊണ്ടുതന്നെ കോളജിലെ എല്ലാ പരിപാടികൾക്കും നാസറുദ്ദീന്റെ സാന്നിധ്യം സഹപാഠികളെല്ലാം അംഗീകരിക്കുകയും ചെയ്തിരുന്നു. നാസറുദ്ദീന്റെ സ്വരമാധുരി തിരിച്ചറിഞ്ഞ പ്രിൻസിപ്പൽ ഫാ. കുര്യത്ര, ഫാ. എൻ എൻ തോമസ് തുടങ്ങിയവരെല്ലാം അദ്ദേഹത്തിനു വേണ്ട പ്രോത്സാഹനവും നൽകി. അതിന്റെ ഭാഗമായി ഇടക്കിടക്കു പാടിക്കുകയും റിക്കാർഡ് ചെയ്യുകയുമൊക്കെ പതിവായിരുന്നു. സഹപാഠിയായിരുന്ന എം സി തോമസും മറ്റും താമസിക്കുന്ന മുറിയിൽ വെച്ചും പാട്ടു പാടിക്കുന്നതും നിത്യസംഭവമായി. അങ്ങനെ കോളജിലെ പ്രിയ പാട്ടുകാരനായി മാറി നാസറുദ്ദീൻ.

മുഹമ്മദ് റാഫിയുടെ വരവ്

1967 ജനുവരി 19നായിരുന്നു കോളജ് ജൂബിലി ആഘോഷം. അതിന്റെ ഭാഗമായി പ്രമുഖ വ്യക്തികളെ പങ്കെടുപ്പിച്ച് നാടകം, കച്ചേരി, ഗാനമേള തുടങ്ങിയ പരിപാടികൾ ഏതാനും ദിവസം നടത്താനും ഭാരവാഹികൾ തീരുമാനിച്ചു. എണ്ണമറ്റ ഗാനങ്ങൾ ലോകത്തിനു സമർപ്പിച്ച ഇതിഹാസ ഗായകൻ മുഹമ്മദ് റാഫിയുടെ ഗാനമേള ആദ്യദിവസം തന്നെ നടത്താനായിരുന്നു സംഘാടക രുടെ തീരുമാനം. ഒട്ടനവധി അനശ്വരഗാനങ്ങൾ ആലപിച്ച് അത്യുന്നതിയിലേക്കുയർന്നു തുടങ്ങിയ റാഫിയുടെ പാട്ട് കേൾക്കുന്നതോടൊപ്പം അദ്ദേഹത്തെ നേരിൽ കാണുക എന്നതായിരുന്നു വിദ്യാർഥികളുടെ ആഗ്രഹം. അങ്ങനെയായിരുന്നു ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും പാടാൻ അവസരം ലഭിച്ചിട്ടുള്ള റാഫി പാലാ സെന്റ് തോമസ് കോളജിൽ എത്തുന്നതും പാടുന്നതും. അദ്ദേഹത്തെ കണ്ടപ്പോഴേക്കും കോളജ് മുഴുവനായും ആഹ്ലാദത്തിമിർപ്പിൽ ആറാടുകയായിരുന്നു. ആകാംക്ഷയോടെുള്ള കാത്തിരിപ്പിനൊടുവിൽ അദ്ദേഹവും സംഘവും സ്റ്റേജിൽ കയറി പാട്ട് ആരംഭിച്ചു. നിലയ്ക്കാതെ പെയ്തിറങ്ങുന്ന മഴനീർ തുള്ളികൾ പോലെ ആ ഗായകന്റെ ശബ്ദമാധുരിയിൽ ഹൃദയത്തിൽ തൊടുന്ന ഹിന്ദിഗാനങ്ങൾ ഒന്നൊന്നായി ഒഴുകിയെത്തിയതോടെ വിദ്യാർഥികളും അധ്യാപകരും ഒന്നടങ്കം സന്തോഷത്തിമിർപ്പിൽ ഇളകിമറിഞ്ഞു.

ഏതാനും മണിക്കൂർ നീണ്ടുനിന്ന പാട്ടിനിടയിൽ ചായ കുടിക്കായി അൽപ്പം വിശ്രമം. ഈ സമയം സ്റ്റേജിനു തൊട്ടു മുമ്പിൽ ഇരുന്ന നാസറുദ്ദീൻ പ്രധാന അധ്യാപകന്റെ അടുത്തേക്കു മെല്ലെ നീങ്ങുന്നു. അദ്ദേഹത്തിന്റെ ചെവിയിൽ നാസറുദ്ദീൻ പതിയെ മന്ത്രിച്ചു. “സർ, ഇപ്പോൾ ടീ ബ്രേക്കാണല്ലോ? സ്റ്റേജിൽ എനിക്കൊരു പാട്ടു പാടണമെന്നുണ്ട്. റാഫി സാറിനോട് അനുവാദം ചോദിക്കാമോ ?’ ഉടൻ തന്നെ അധ്യാപകൻ റാഫിയുടെ അടുത്തേക്കു നീങ്ങി നാസറുദ്ദീന്റെ ആഗ്രഹം അറിയിക്കുന്നു. ഇതു കേട്ട റാഫി ഉടൻ പറഞ്ഞു. “തീർച്ചയായും പാടാം.. ‘ തുടർന്നു നാസറുദ്ദീനെ അദ്ദേഹം പാട്ടുപാടാൻ ക്ഷണിച്ചു. അങ്ങനെ അൽപ്പം ഭയത്തോടെയാണെങ്കിലും സ്‌റ്റേജിൽ കയറിയ നാസറുദ്ദീൻ അക്കാലത്തെ ഹിറ്റ് പാട്ട് അതിമനോഹരമായി പാടി. ഇതുകേട്ട വിദ്യാർഥികൾ മാത്രമല്ല, റാഫിയും കൈയടിച്ചു പ്രോത്സാഹിപ്പിച്ചു. താൻപാടിയ ഗാനം അതീവ മനോഹരമായി നാസറുദ്ദീൻ പാടിയതുകേട്ട റാഫി പാട്ട് അവസാനിച്ച ഉടൻ അതീവ സന്തോഷവാനായി ചാടിയെഴുന്നേറ്റു കെട്ടിപ്പിടിച്ചു തന്റെ കൈയിൽ കിടന്ന വെള്ളിമോതിരം ഊരി നാസറുദ്ദീനു അണിയിക്കുകയായിരുന്നു.

പരിപാടികൾ അവസാനിച്ചു മടങ്ങുമ്പോൾമുഹമ്മദ് റാഫി നാസറുദ്ദീനെ അരികെ വിളിച്ചു അഭിനന്ദിക്കാനും മറന്നില്ല. ഒപ്പം നന്നായി പാടണമെന്ന ഉപദേശവും നൽകി. ഒരിക്കൽ പ്രമുഖ സംഗീത സംവിധായകനായ നൗഷാദ്, മുഹമ്മദ് റാഫിയോടായി പറഞ്ഞു. “താങ്കൾ മുഹമ്മദ് റാഫിയാണ്. അതു മറക്കരുത്. താങ്കളെ ജയിക്കാൻ കഴിവുള്ള ഒരു ഗായകനുമില്ല.’ റാഫിക്കു ഉത്തേജനം നൽകിയ വാക്കുകൾ. ആ വാക്കുകൾ മനസ്സിൽ താലോലിച്ചുകൊണ്ടു നടക്കുന്ന അദ്ദേഹം ഒരിക്കൽ കൂടി ആ വാക്കുകൾ അന്നു പുറത്തെടുക്കുകയായിരുന്നു.

മുഹമ്മദ് റാഫി നൽകിയ വെള്ളി മോതിരം മാത്രമല്ല, 67 കാലഘട്ടത്തിലെ കോളജ് മാഗസിനും റാഫിയുമായി നിൽക്കുന്ന ഫോട്ടോകളുമെല്ലാം നിധിപോലെ അദ്ദേഹം ഇന്നും സൂക്ഷിച്ചു വെച്ചിട്ടുണ്ട്. തന്റെ ജീവിതത്തിൽ ലഭിച്ച അത്യപൂർവ ഭാഗ്യത്തിനു സാക്ഷ്യം വഹിച്ച ദിനമായിരുന്നു അതെന്നു നാസറുദ്ദീൻ എപ്പോഴും സ്മരിക്കുമ്പോഴും മുഖത്ത് മിന്നിമറയുന്നത് സംഗീതസാന്ദ്രമായ സന്തോഷത്തിന്റെ പൊൻതിളക്കവും. വിവാഹശേഷം ഭാര്യ റഷീദയും ഹിന്ദിഗാനങ്ങൾ ആലപിക്കുന്നതിൽ അദ്ദേഹത്തിനു വേണ്ട പിന്തുണയും പ്രോത്സാഹനവും നൽകിയിരുന്നതായി അദ്ദേഹം സ്മരിക്കുന്നു. മക്കളായ സജാസ് മുഹമ്മദ്, ആഇശാബി, സൈനബി എന്നിവരും നന്നായി പടും. നിരവധി സമ്മാനങ്ങളും നേടിയിട്ടുണ്ട്.

Latest