Connect with us

Ongoing News

'സാഹതു ശൈഖ് അബൂബക്കര്‍ അഹ്മദ്' ഈജിപ്തില്‍ ആരംഭിച്ചു

ജാമിഅ മദീനതുന്നൂര്‍-നൂറാനി അലുംനിയായ പ്രിസം ഫൗണ്ടേഷന്‍ ഈജിപ്ത് ചാപ്റ്ററിന്റെ ആഭിമുഖ്യത്തിലാണ് സെന്റര്‍ പ്രവര്‍ത്തിക്കുക.

Published

|

Last Updated

ഈജിപ്ത് | ഈജിപ്ത് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ‘സാഹതു ശൈഖ് അബൂബക്കര്‍ അഹ്മദി’ന്റെ ഔദ്യോഗിക തുടക്കം ഈജിപ്ത് മുന്‍ ഗ്രാന്‍ഡ് മുഫ്തിയും നിലവിലെ പാര്‍ലിമെന്റ് അംഗവുമായ ഡോ. അലി ജുമുഅ നിര്‍വഹിച്ചു. ശൈഖ് അബൂബക്കറിനെപ്പോലെയുള്ള കര്‍മ്മനിരതരായ പണ്ഡിതന്മാരുടെ സാന്നിധ്യം അന്താരാഷ്ട്ര തലത്തില്‍ അനിവാര്യമായ സന്ദര്‍ഭത്തില്‍ നടക്കുന്ന ഇത്തരം ശ്രമങ്ങളുടെ പ്രാധാന്യം അലി ജുമുഅ ഊന്നിപ്പറയുകയും എല്ലാവിധ പിന്തുണയും അറിയിക്കുകയും ചെയ്തു.

ഇന്ത്യയിലേയും വിശിഷ്യ മലബാറിലെയും ഉലമാക്കളുടെ ജ്ഞാന മികവുകളേയും സംഭാവനകളേയും വിവിധ രാഷ്ട്രങ്ങളില്‍ പ്രചരിപ്പിക്കുക, ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി ശൈഖ് അബൂബക്കര്‍ അഹ്മദിന്റെ വൈജ്ഞാനിക ഇടപെടലുകളെ ആഗോള തലത്തില്‍ ഏകോപിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് സാഹ പ്രവര്‍ത്തിക്കുക. കൈറോയിലെ സുപ്രീം കൗണ്‍സില്‍ ഓഫ് സൂഫീ ത്വരീഖയുടെ ആസ്ഥാനത്ത് ചടങ്ങില്‍ സാഹ ചീഫ് മെന്റര്‍ ഡോ. എ പി മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി പദ്ധതികള്‍ വിശദീകരിച്ച് പ്രസംഗിച്ചു. ജാമിഅ മദീനതുന്നൂര്‍-നൂറാനി അലുംനിയായ പ്രിസം ഫൗണ്ടേഷന്‍ ഈജിപ്ത് ചാപ്റ്ററിന്റെ ആഭിമുഖ്യത്തിലാണ് സെന്റര്‍ പ്രവര്‍ത്തിക്കുക.

ആഗോള അക്കാദമിക-ഗവേഷണ രംഗത്തെ കാര്യക്ഷമമായ ഇടപെടലുകള്‍, വേഷകര്‍ക്ക് ഉന്നത നിലവാരത്തിലുള്ള സംവിധാനങ്ങള്‍, അന്താരാഷ്ട്ര അക്കാദമിക് സഹകരണങ്ങള്‍, മലബാറിലെ ഉലമാക്കളുടെ വൈജ്ഞാനിക സംഭാവനകളുടെ പ്രചാരണം എന്നിവയാണ് സാഹയുടെ പ്രധാന പ്രവര്‍ത്തന മേഖലകള്‍.

ഈജിപ്തിലെ അല്‍ അസ്ഹര്‍ അടക്കമുള്ള യൂണിവേഴ്‌സിറ്റികളില്‍ ഗവേഷണം നടത്തുന്ന വിവിധ രാഷ്ട്രങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് മലബാര്‍ ജ്ഞാന സാധ്യതകളെ ഉപയോഗപ്പെടുത്താനുള്ള വലിയ അവസരമാണ് ഈ പ്രൊജക്ടിലൂടെ തുറക്കപ്പെടുക. ഹൈബ്രിഡ് ലേണിംഗ് പ്ലാറ്റ്‌ഫോമുകളിലൂടെ സേവനങ്ങള്‍ കൂടുതല്‍ വിപുലമാക്കും.

വിശാലമായ അക്കാദമിക വ്യവഹാരങ്ങള്‍ക്കാവശ്യമായ സൗകര്യങ്ങള്‍ സാഹക്ക് കീഴില്‍ സജ്ജീകരിക്കും. ഈജിപ്തിലെ കൈറോയില്‍, അല്‍ അസ്ഹര്‍ യൂണിവേഴ്സിറ്റിയോട് ചേര്‍ന്നാണ് സെന്ററിന്റെ ആസ്ഥാനം ഒരുങ്ങുന്നത്. വിവിധ വിഷയങ്ങളിലൂന്നിയുള്ള ലെക്ചര്‍ സീരീസുകള്‍, സെമിനാറുകള്‍ എന്നിവയ്ക്കായി കോണ്‍ഫറന്‍സ് ഹാള്‍, അക്കാദമിക് കോര്‍ഡിനേഷനും സ്റ്റുഡന്റ്‌സ് എന്‍ക്വയറിയും അഡ്മിനിസ്‌ട്രേഷന്‍ ചുമതലകളും നിര്‍വഹിക്കുന്ന റിസപ്ഷന്‍ ഓഫീസ്, അതിഥികള്‍ക്കും വിസിറ്റിംഗ് സ്‌കോളേഴ്സിനുമുള്ള ഗസ്റ്റ് റൂം, മലബാര്‍ ഉലമാക്കളുടെ വൈജ്ഞാനിക ഗവേഷണ സംഭാവനകളെ പരിചയപ്പെടുത്തുന്ന മലൈബാര്‍ ലൈബ്രറി, ഗവേഷക വിദ്യാര്‍ഥികള്‍ക്കുള്ള റെസിഡന്‍ഷ്യല്‍ ബ്ലോക്ക് തുടങ്ങിയ സൗകര്യങ്ങള്‍ സെന്ററില്‍ ലഭ്യമായിരിക്കും. വിവിധ വിഷയങ്ങളിലും അറബി സാഹിത്യത്തിലുമുള്ള ഡിപ്ലോമ കോഴ്‌സുകള്‍ ഇതിന്റെ ഭാഗമായിട്ടുണ്ടാകും. പ്രിസം ഭാരവാഹികളായ ഹാരിസ് നൂറാനി അസ്സഖാഫി, മുസമ്മില്‍ നൂറാനി അസ്സഖാഫി, തുഫൈല്‍ നൂറാനി തുടങ്ങിയവര്‍ സംബന്ധിച്ചു.

 

Latest