Connect with us

Kerala

'എന്റെ മണ്ഡലത്തിലൂടെ വി എസ് കടന്നുപോകുമ്പോള്‍ ഞാനിവിടെ വേണ്ടേ'; ഹരിപ്പാട് മണിക്കൂറുകള്‍ കാത്തുനിന്ന് രമേശ് ചെന്നിത്തല

'കുട്ടിക്കാലം മുതല്‍ കണ്ടുവളര്‍ന്ന നേതാവാണ് വി എസ്. രാഷ്ട്രീയ നേതാക്കളും പ്രവര്‍ത്തകരും ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിച്ചാല്‍ ഈ ആദരവ് ലഭിക്കും.'

Published

|

Last Updated

ആലപ്പുഴ | അന്തരിച്ച മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ ഭൗതികദേഹവും വഹിച്ചുള്ള വിലാപയാത്ര ഹരിപ്പാട് എത്തുമ്പോള്‍ ഒരുനോക്ക് കാണാനായി തടിച്ചുകൂടിയവരില്‍ മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും. മണിക്കൂറുകളോളമാണ് വി എസിന് ആദരാഞ്ജലി അര്‍പ്പിക്കാന്‍ ചെന്നിത്തല കാത്തുനിന്നത്. എന്റെ മണ്ഡലത്തിലൂടെ വി എസ് അവസാന യാത്ര പോകുമ്പോള്‍ ഞാനിവിടെ വേണ്ടേ എന്നാണ് ചെന്നിത്തല ചോദിച്ചത്.

കുട്ടിക്കാലം മുതല്‍ കണ്ടുവളര്‍ന്ന നേതാവാണ് വി എസ്. അക്കാലത്ത് വി എസിന്റെ പ്രസംഗം കേള്‍ക്കാന്‍ പോകുമായിരുന്നു. ആലപ്പുഴയിലെ നേതാക്കന്മാര്‍ എന്ന നിലക്ക് വി എസും താനും തമ്മില്‍ നല്ല ബന്ധമായിരുന്നു ഉണ്ടായിരുന്നത്. ജനങ്ങള്‍ വി എസിനെ എത്രമാത്രം സ്‌നേഹിക്കുന്നു എന്നതിന്റെ ഉദാഹരണമാണ് വി എസിന്റെ അന്ത്യയാത്ര കടന്നുവന്ന വഴിയിലെല്ലാം ഒത്തുകൂടിയ വന്‍ ജനാവലി. രാഷ്ട്രീയ നേതാക്കളും പ്രവര്‍ത്തകരും ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിച്ചാല്‍ ഈ ആദരവ് ലഭിക്കുമെന്നും ചെന്നിത്തല പറഞ്ഞു.

വിലാപയാത്ര കായംകുളം വിട്ടപ്പോഴാണ് ഇവിടെയെത്തിയത്. ഹരിപ്പാടുമായി വി എസിന് വളരെയേറെ വ്യക്തിബന്ധമുണ്ട്. ഇവിടെയുള്ള ഓരോരുത്തരും അദ്ദേഹത്തിന് നേരിട്ട് അറിയാവുന്നവരാണ്. എനിക്കത് അനുഭവമുള്ള കാര്യമാണെന്നും ചെന്നിത്തല പ്രതികരിച്ചു.

 

---- facebook comment plugin here -----

Latest