Connect with us

International

വീണ്ടും ആക്രമണം നടത്തുമെന്ന ഭീഷണി; നെതന്യാഹുവിൻ്റെ പ്രസ്താവന ലോകം തള്ളിക്കളയണമെന്ന് ഖത്വർ

മധ്യസ്ഥ ശ്രമങ്ങളുടെ ഭാഗമായി ദോഹയിൽ ഹമാസ് ഓഫീസ് പ്രവർത്തിക്കുന്നത് നെതന്യാഹുവിന് അറിയാത്ത കാര്യമാണോ  എന്നും ഖത്വർ

Published

|

Last Updated

ദോഹ | ഖത്വറിൽ വീണ്ടും ആക്രമണം നടത്താൻ മടിക്കില്ലെന്ന ഇസ്റാഈൽ പ്രധാനമന്ത്രി നെതന്യാഹുവിൻ്റെ പ്രസ്താവനക്ക് അതിരൂക്ഷ വിമർശവുമായി ഖത്വർ. രാജ്യത്തിന്റെ പരമാധികാരത്തിൽ തൊട്ടുകളിക്കേണ്ടെന്ന് വ്യക്തമാക്കിയ ഖത്വർ, നെതന്യാഹുവിന്റെ പ്രസ്താവന ലോകം തള്ളിക്കളയണമെന്നും ആവശ്യപ്പെട്ടു.

നെതന്യാഹുവിൻ്റെ പ്രസ്താവന രാജ്യത്തിന്റെ പരമാധികാരത്തോടുള്ള വെല്ലുവിളിയാണ്.  ഹമാസിന്റെ ഓഫീസ് ഇവിടെ പ്രവർത്തിക്കുന്നത് നെതന്യാഹുവിന് അറിയാത്ത കാര്യമാണോ  എന്നും ഖത്വർ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയയിൽ ചോദിച്ചു.

ദോഹയിൽ നടത്തിയ ഭീരുത്വപൂർണമായ ആക്രമണത്തെ ന്യായീകരിക്കാനാണ് ഇസ്റാഈലിൻ്റെ ശ്രമം. യു എസിൻ്റെയും ഇസ്റാഈലിന്റെയും അഭ്യർഥന പ്രകാരം മധ്യസ്ഥ ശ്രമങ്ങളുടെ ഭാഗമായാണ് ദോഹയിലെ ഹമാസ് ഓഫീസ് പ്രവർത്തിക്കുന്നത്. ഇത് നെതന്യാഹുവിന് അറിയാത്ത കാര്യമല്ല. യു എസ്, ഇസ്റാഈലി സംഘത്തിൻ്റെ സാന്നിധ്യത്തിൽ സുതാര്യമായാണ് ചർച്ചകൾ നടക്കുന്നത്. അതിന് അന്താരാഷ്ട്ര പിന്തുണയുമുണ്ട്. ഖത്വർ ഹമാസ് സംഘത്തിന് രഹസ്യ ഇടം കൊടുത്തെന്ന നെതന്യാഹുവിൻ്റെ പ്രസ്താവന ആക്രമണത്തെ ന്യായീകരിക്കാനാണ്. തിരഞ്ഞെടുപ്പിൽ ജയിക്കാൻ ഭീകരത പറയുന്ന ഒരാളിൽ നിന്ന് ഇത്തരം വാക്കുകൾ വരുന്നതിൽ അത്ഭുതമില്ല. ദിനംപ്രതി ഉപരോധങ്ങൾക്ക് മുമ്പിലാണ് അദ്ദേഹം. ആഗോളതലത്തിൽ ഒറ്റപ്പെട്ടു കഴിഞ്ഞു. നെതന്യാഹുവിനെ അന്താരാഷ്ട്ര തലത്തിൽ നിയമത്തിന് മുമ്പിൽ കൊണ്ടുവരും.

മേഖലയിലെ രാഷ്ട്രങ്ങളുമായി ചേർന്ന് അതിനുള്ള ശ്രമം നടക്കുകയാണ്. ഇക്കാര്യത്തിൽ ഖത്വറിന് അന്താരാഷ്ട്ര പിന്തുണയുണ്ട്. ഇസ്ലാമോഫോബിയയും വിദ്വേഷവും നിറഞ്ഞ ഇസ്റാഈൽ പ്രധാനമന്ത്രിയുടെ പ്രസ്താവന ലോകം തള്ളിക്കളയണമെന്നും ഖത്തർ ആവശ്യപ്പെട്ടു.

Latest